HEALTH

കുഞ്ഞിന്റെ പോഷകാഹാരം; മുലപ്പാലും ഫോര്‍മുല മില്‍ക്കും

വെബ് ഡെസ്ക്

മുലപ്പാല്‍ ഒരു കുഞ്ഞിന്‌റെ വളര്‍ച്ചയ്ക്കും പ്രതിരോധശേഷിക്കും ആവശ്യമായ ഏറ്റവുമാദ്യത്തെ പോഷകാഹാരമാണ്. പാലൂട്ടാൻ കഴിയുന്ന അമ്മമാര്‍ ആദ്യ ആറ് മാസം കുഞ്ഞിന് മുലപ്പാല്‍ തന്നെ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഏറ്റവും മികച്ച പോഷകാഹാരമെന്ന ടാഗ് ലൈനോടെ ലോകാരോഗ്യസംഘടനയും മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്നു. വെള്ളം, കൊഴുപ്പ്, പ്രോട്ടീന്‍, വൈറ്റമിന്‍, മിനറല്‍സ്, ദഹന രാസവസ്തുക്കള്‍, ഹോര്‍മോണുകള്‍ ഇവയെല്ലാം അടങ്ങിയതാണ് അമ്മയുടെ പാല്‍.

ആന്റി ബോഡികളും ആന്റി ഇന്‍ഫെക്ഷന്‍ ഘടകങ്ങളും ഇതിലുണ്ട്. ഓരോ ഘടകവും ഇത്രയളവില്‍ എന്നവിധം ഒരു സ്ഥായിയായ സ്വഭാവമല്ല മുലപ്പാലിനുള്ളത്. ഓരോ തവണ കുഞ്ഞ് കുടിക്കുമ്പോഴും, കുഞ്ഞ് കുടിച്ചുകൊണ്ടിരിക്കുമ്പോഴും എല്ലാം അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. കുഞ്ഞിന്റെ ശരീരത്തിന് ആവശ്യമായ വിധം അമ്മയുടെ ശരീരം അതിനെ ക്രമീകരിക്കും.

മുലപ്പാലിനെ വ്യക്തിഗത പോഷകാഹാരമെന്നാണ് പീഡിയാട്രിക് ന്യൂട്രീഷ്യന്‍മാര്‍ വിശേഷിപ്പിക്കാറ്

കുഞ്ഞ് ആദ്യമായി ലാച്ച് ചെയ്യുമ്പോള്‍ വരുന്ന ഫോര്‍മില്‍ക്ക് വളരെ നേര്‍ത്ത, ലാക്ടോസ് അധികമുള്ള പാലാണ്. വിശന്നിരിക്കുന്ന കുഞ്ഞിന് വേഗത്തില്‍ കുടിക്കാന്‍ സഹായമാകും വിധത്തില്‍ അമ്മയുടെ ശരീരം നല്‍കുന്ന പിന്തുണ. അതിന് ശേഷമാണ് കൊഴുപ്പേറിയ പാല്‍ കുഞ്ഞിലേക്ക് എത്തുന്നത്. ഈ കൊഴുപ്പേറിയ ഹിന്‍ഡ് മില്‍ക്ക് കുഞ്ഞിന്റെ വയര്‍ നിറയ്ക്കും. മുലപ്പാലിനെ വ്യക്തിഗത പോഷകാഹാരമെന്നാണ് പീഡിയാട്രിക് ന്യൂട്രീഷ്യന്‍മാര്‍ വിശേഷിപ്പിക്കാറ്. അമ്മയുടെ ഭക്ഷണക്രമം പോലും മുലപ്പാലിന്റെ ഈ ഘടനയ്ക്ക് കാരണമാകാറുണ്ട്. പോഷക ഘടകങ്ങള്‍ക്കൊപ്പം ഹോര്‍മോണുകളും സ്‌റ്റെം സെല്ലുകളുമെല്ലാം അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എത്തും. അമ്മയെന്ന അനുഭവം കുഞ്ഞിന് പകരുന്ന ജൈവപരമായ പ്രക്രിയയാണ് ന്യൂട്രീഷ്യന്മാര്‍ ഇതിനെ കണക്കാക്കുന്നത്.

കുഞ്ഞിന് വിശപ്പ് മാറ്റാനാവശ്യമായ മുലപ്പാല്‍ എല്ലാ അമ്മമാര്‍ക്കും ഉണ്ടാകണമെന്നില്ല. അപ്പോള്‍ തെരഞ്ഞെടുക്കാവുന്ന അനുയോജ്യമായ ഓപ്ഷന്‍ ഫോര്‍മുല മില്‍ക്ക് മാത്രമാണ്. വെള്ളമോ കുറുക്കുകളോ ആദ്യ മാസങ്ങളില്‍ കുഞ്ഞിന് നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. കുഞ്ഞിന്റെ ഭാരവും മറ്റ് ഘടകങ്ങളും പരിശോധിച്ച് പീഡിയാട്രീഷ്യന്‍ നിര്‍ദേശിക്കുന്ന പ്രകാരം ഫോര്‍മുല മില്‍ക്ക് തെരഞ്ഞെടുക്കുന്നതാവും നല്ലത്.

ഓരോ അമ്മയിലും, ഓരോ ഫീഡിലും മാറുന്ന മുലപ്പാലിന്റെ ജൈവപരമായ സ്വഭാവം മെച്ചപ്പെട്ട ഫോര്‍മുല മില്‍ക്ക് എന്ന സങ്കല്‍പത്തിന് എക്കാലവും വെല്ലുവിളിയാണ്. 19, 20 നൂറ്റാണ്ടുകളില്‍ ബോട്ടില്‍ ഫീഡിംഗ് സുരക്ഷിതം അല്ലായിരുന്നെങ്കില്‍ ഇപ്പോഴത് ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്ഷനാണ്. ഡോക്ടർമാർ കുഞ്ഞിന്റെ പ്രായവും ഭാരവുമെല്ലാം കണക്കാക്കി ഫോര്‍മുല മില്‍ക്കിന്റെ അളവ് നിര്‍ദേശിക്കും.

1865ല്‍ നിര്‍മിച്ച ആദ്യ ഫോര്‍മുല മില്‍ക്കിലുണ്ടായിരുന്നത് പശുവിന്‍ പാല്‍, ഗോതമ്പ്, ബാര്‍ലി, പൊട്ടാസ്യം ബൈ കാര്‍ബണേറ്റ് എന്നിവ മാത്രമായിരുന്നു . കൊഴുപ്പ് നീക്കം ചെയ്ത പശുവിന്‍ പാല്‍ അല്ലെങ്കില്‍ ആട്ടിന്‍ പാല്‍, വെജിറ്റബിള്‍ ഓയില്‍, ഫാറ്റി ആസിഡ്, വൈറ്റമിന്‍സ്, പ്രോട്ടീന്‍, മിനറല്‍സ്, ലാക്ടോസ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഇപ്പോള്‍ ഫോര്‍മുല മില്‍ക്ക്. യൂറോപ്യന്‍ യൂണിയനും അമേരിക്കയുമെല്ലാം ഈ ഘടകങ്ങളുടെ അളവില്‍ കൃത്യമായ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍