ദന്താരോഗ്യത്തെ അവഗണിക്കുന്നത് പല്ലുകള്‍ക്കും മോണയ്ക്കും മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തേയും ബാധിച്ചേക്കാം. രാത്രിയില്‍ സ്ഥിരമായി പല്ലുതേക്കാത്തവർക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നേച്ചർ ജേർണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് പറയുന്നു.
മോശം ദന്താരോഗ്യം എങ്ങനെ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു?
ധമനികളുടെ ഭിത്തികളില്‍ പ്ലാക്ക് അല്ലെങ്കിൽ കൊഴുപ്പ് പാളി രൂപപ്പെടുന്നതുമൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ധമനികളില്‍ പ്ലാക്ക് രൂപപ്പെട്ടാണ് ഹൃദയാഘാതം കൂടുതലായും സംഭവിക്കുന്നത്. ഇതുമൂലം ബ്ലോക്ക് ഉണ്ടാകുകയും രക്തപ്രവാഹത്തിന് തടസം നേരിടുകയും ചെയ്യും. ഹൃദയധമനികളിലെ പ്ലാക്കുകള്‍ക്ക് വിള്ളല്‍ സംഭവിച്ചാല്‍ രക്തക്കുഴലുകളുടെ അറയില്‍ ഒട്ടിപ്പിടിക്കുന്ന കൊഴുപ്പ് പുറത്തുവരുകയും പ്ലേറ്റ്ലെറ്റുകളെ ആകർഷിക്കുകയും രക്തം കട്ട പിടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഇത് ധമനികളുടെ പ്രവർത്തനത്തെ ബാധിക്കുകയും രക്ത പ്രവാഹം നിലയ്ക്കുകയും ചെയ്യും.
ശരിയായ രീതിയില്‍ ബ്രഷ് ചെയ്യാത്തത് ദന്തക്ഷയത്തിനും പോഷണത്തെ തടസപ്പെടുത്തുന്നതിനും കാരണമാകുന്നു.
ഇടയ്ക്കിടെ ബ്രഷ് ചെയ്യുന്നത് നല്ലതും ചീത്തയുമായ ബാക്ടീരിയല്‍ ഫ്ലോറയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് വീക്കത്തിനും ഹൃദയാഘാതം ത്വരിതപ്പെടുത്തുന്നതിലേക്കും നയിക്കും.
മോണരോഗത്തിനു കാരണമാകുന്ന ബാക്ടീരിയകള്‍ രക്തത്തിലൂടെ ഹൃദയത്തിലേക്കെത്തി അതിറോസ്ക്ലിറോസിസിനും ഹൃദയാഘാതത്തിനും വഴിതെളിക്കുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യാത്ത രോഗികളിൽ ഹൃദയാഘാത സാധ്യത വർധിക്കുന്നതിൻ്റെ പ്രധാന കാരണം മോണയിലുള്ള ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയിലെ മാറ്റവും വിട്ടുമാറാത്ത മോണവീക്കവുമാണ്.
എങ്ങനെ ദന്താരോഗ്യം മെച്ചപ്പെടുത്താം
സ്ഥിരമായി ബ്രെഷ് ചെയ്യുക: ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് കുറഞ്ഞത് രണ്ട് തവണയെങ്കിലും ഒരു ദിവസം ബ്രെഷ് ചെയ്യുക. അതുപോലെ തന്നെ പല്ലുകള്‍ക്കിടയില്‍ നിന്ന് പ്ലാക്കും ഭക്ഷ്യവസ്തുക്കളും നീക്കം ചെയ്യുക. രാവിലെ, രാത്രി എന്നിവയാണ് ബ്രെഷ് ചെയ്യാനുള്ള അനുയോജ്യ സമയം.
പുകവലി ഒഴിവാക്കുക: പുകവലി ശ്വാസകോശത്തിന് മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ രോഗസാധ്യതയും വർധിപ്പിക്കുന്നു.
ആഹാരരീതി ശ്രദ്ധിക്കുക: പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം ആഹാരങ്ങള്‍ ദന്താരോഗ്യത്തേയും ഹൃദയാരോഗ്യത്തിനും അനുയോജ്യമാണ്. മധുരം ഉള്‍പ്പെട്ട ആഹാരം ഒഴിവാക്കാനും ശ്രമിക്കുക.