HEALTH

അമേരിക്കയില്‍ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചു; 14-ാം നൂറ്റാണ്ടില്‍ അഞ്ച് കോടി പേരുടെ ജീവനെടുത്ത അപൂർവ രോഗം

പനി, ഓക്കാനം, ക്ഷീണം, വിറയല്‍, പേശി വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍

വെബ് ഡെസ്ക്

വളർത്തു മൃഗങ്ങളില്‍ നിന്ന് പകരുന്ന അപൂർവ രോഗമായ ബ്യൂബോണിക് പ്ലേഗ് യുഎസിലെ ഒറിഗോണില്‍ കണ്ടെത്തിയതായി അധികൃതർ. മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിനെ മരണത്തിലേക്ക് തള്ളിവിടാന്‍ രോഗത്തിന് സാധിച്ചിരുന്നു. ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പകർച്ചവ്യാധിയുടെ സമയത്തായിരുന്നു ഇത്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ രോഗം പടരുന്നത് വളരെ അപൂർവമാണെന്നാണ് വിലയിരുത്തല്‍.

ഡെഷ്യൂട്ട്സ് കൗണ്ടി സ്വദേശിയായ വ്യക്തിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വളർത്തു പൂച്ചയില്‍ നിന്നായിരിക്കാം രോഗം പകർന്നതെന്നും അധികൃതർ പറഞ്ഞു. രോഗം ബാധിച്ചയാളുമായും വളർത്തുപൂച്ചയുമായും സമ്പർക്കത്തിലേർപ്പെടാന്‍ സാധ്യതയുള്ള എല്ലാവർക്കും മരുന്ന് നല്‍കിയതായി ഡെഷ്യൂട്ട്സ് കൗണ്ടി മെഡിക്കല്‍ ഓഫിസർ ഡോ. റിച്ചാർഡ് ഫോസെറ്റ് അറിയിച്ചു.

രോഗമുള്ള മൃഗവുമായി സമ്പർക്കം പുലർത്തിയതിന് എട്ട് ദിവസങ്ങള്‍ക്കുശേഷം മാത്രമായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാകുക എന്നകാര്യവും അധികൃതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

യെർസിന പെസ്റ്റിസ് എന്ന ബാക്ടീരിയ വഴിയാണ് ബ്യൂബോണിക് പ്ലേഗ് പടരുന്നത്. ചെള്ളുകളെ ഹോസ്റ്റായി മാറ്റുന്ന ഇവ മൃഗങ്ങളിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. രോഗം കണ്ടെത്തുന്നത് വൈകിയാല്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ സാധ്യതയുണ്ട്.

പനി, ഓക്കാനം, ക്ഷീണം, വിറയല്‍, പേശി വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം നേരത്തെ കണ്ടെത്താനായില്ലെങ്കില്‍ ബ്യൂബോണിക് പ്ലേഗിന് ശ്വാസകോശത്തെ ബാധിക്കുന്ന അപകടകാരിയായ ന്യൂമോണിക് പ്ലേഗായി മാറാന്‍ കെല്‍പ്പുള്ളതാണ്.

ഡെഷ്യൂട്ട്സ് കൗണ്ടി സ്വദേശിയില്‍ രോഗനിർണയം തുടക്കത്തിലേ നടത്താനായതിനാല്‍ സമൂഹത്തില്‍ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും അന്വേഷണത്തില്‍ മറ്റുള്ളവരിലേക്ക് രോഗം പടർന്നതായി കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. ഒറിഗോണില്‍ അവസാനം പ്ലേഗ് റിപ്പോർട്ട് ചെയ്തത് 2015ലാണ്. 14-ാം നൂറ്റാണ്ടില്‍ സംഭവിച്ച വ്യാപനത്തില്‍ അഞ്ച് കോടി പേരാണ് മരണപ്പെട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ