HEALTH

പുത്തൻ പ്രതീക്ഷകൾ നൽകി കാൻസർ വാക്സിൻ; അടുത്ത 5 വർഷത്തിനുള്ളിൽ വിപണിയിലേക്ക്

വെബ് ഡെസ്ക്

കാൻസർ ചികിത്സയ്ക്കുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതിൽ പതിറ്റാണ്ടുകളുടെ ക്ഷമയോടെയുള്ള ഗവേഷണത്തിന്റെ ചരിത്രമുണ്ട്. കാന്‍സർ പ്രതിരോധിക്കാനുള്ള വാക്സിനുകളുടെ കാര്യത്തിലും സമാനമായ ഗവേഷണബുദ്ധിയുണ്ട്. കരളിനെ ബാധിക്കുന്ന കാൻസർ തടയാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിനും, സെർവിക്കൽ കാൻസർ തടയുന്നതിനുള്ള എച്ച് പി വി വാക്സിനും കണ്ടെത്തിയത് ശാസ്ത്രലോകത്തിന് പുത്തനുണർവാണ് നൽകിയത്.

എന്നാൽ കാൻസർ ഗവേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍. അഞ്ച് വർഷത്തിനുള്ളിൽ കാൻസർ ചികിത്സയ്ക്കായുള്ള വാക്‌സിനുകൾ വിപണിയിലെത്തും

രോഗത്തെ മുഴുവനായും തടയുന്ന വാക്സിനുകളല്ല ഇത്. പകരം കാൻസർ മുഴകൾ ചുരുങ്ങുന്നതിനും പിന്നീട് വരുന്നത് തടയുന്നതിനുമുള്ള വാക്സിനുകളായിരിക്കും

രോഗത്തെ മുഴുവനായും തടയുന്ന വാക്സിനുകളല്ല ഇത്. പകരം കാൻസർ മുഴകൾ ചുരുങ്ങുന്നതിനും പിന്നീട് വരുന്നത് തടയുന്നതിനുമുള്ള വാക്സിനുകളായിരിക്കും. സ്‌തനാർബുദം, ശ്വാസകോശ കാൻസർ, ത്വക്ക് കാൻസറായ മെലനോമ, പാൻക്രിയാറ്റിക് കാൻസർ എന്നിവയെ തടയുന്നതിലും നിർണായകമാണ് ഈ പരീക്ഷണ ഫലങ്ങൾ.

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് പിടി കൊടുക്കാതെ കാൻസർ കോശങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ക്യാൻസർ കോശങ്ങൾ കാർന്നുതിന്നുന്ന ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വീണ്ടെടുക്കുകയാണ് ഈ കാൻസർ വാക്സിനുകളുടെ ദൗത്യം. എംആർഎൻഎ വാക്സിനുകളും ഇതിൽപ്പെടുന്നു. ക്യാൻസർ വാക്സിനുകൾക്കായാണ് ആദ്യം എം ആർ എൻ എ വാക്സിനുകൾ വികസിപ്പിച്ചതെങ്കിലും ആദ്യമായി ഉപയോഗിച്ചത് കോവിഡ് 19 നായുള്ള വാക്സിനുകളിലാണ്.

ഒരു വാക്സിൻ ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ പല കടമ്പകളുണ്ട്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് 'ടി' സെല്ലുകൾ (T cells ). കാൻസർ അപകടകാരിയാണെന്ന് ഈ ടി സെല്ലുകളെ പഠിപ്പിക്കുക എന്നതാണ് വാക്സിന്റെ പ്രധാന ധർമം. ഒരു തവണ ഇത് പരിശീലിപ്പിച്ചാൽ പിന്നെ ഈ ടി കോശങ്ങൾക്ക് ശരീരത്തിൽ എവിടെ വേണമെങ്കിലും സഞ്ചരിച്ച്‌ കാൻസറിനെതിരെ പോരാടാനാകും. സജീവമാക്കിയ ടി കോശങ്ങൾ രക്തക്കുഴലുകളിലൂടെ സഞ്ചരിച്ച്‌ ശരീരകലകൾക്ക് പുറത്തെത്തുകയും കാൻസർ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും.

കാത്‌ലീൻ ജേഡ് എന്ന 50 കാരി സിയാറ്റിലില്‍ നിന്ന് ലോകം കാണാൻ പുറപ്പെടുന്നതിനു ഒരാഴ്ച മുൻപാണ് സ്തനാർബുദ ബാധിതയാണെന്നറിയുന്നത്. ലോകം കാണാൻ പോകുന്നതിന്‌ പകരം അവർ മൂന്നാം ഡോസ് പരീക്ഷണ വാക്സിൻ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. അടുത്ത ഡോസ് വാക്സിൻ സ്വീകരിച്ചതിനു ശേഷമേ കാത്‌ലീന് ബാധിച്ച കാൻസർ ചുരുങ്ങുമോ എന്നറിയാൻ സാധിക്കുകയുള്ളു.

കാന്‍സറിനെതിരായ വാക്സിന്‍ ഗവേഷണം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. പ്രോസ്റ്റേറ്റ് കാൻസർ വ്യാപകമായി റിപ്പോർട്ട് ചെയ്തുതുടങ്ങിയ സമയത്താണ് 2010 ൽ പ്രൊവെഞ്ജ്‌ എന്ന വാക്സിൻ യു എസ് അംഗീകരിക്കുന്നത്. മൂത്രാശയ കാൻസറിനും മെലാനോമയ്ക്കുമുള്ള വാക്സിനുകൾ ഇപ്പോൾ ലഭ്യമാണ്.

ആദ്യ കാലങ്ങളിൽ വാക്സിൻ ഗവേഷണം മന്ദഗതിയിലായിരുന്നു. രോഗപ്രതിരോധ ശേഷി മുഴുവനായും തകരാറിലാകുന്നതിനാൽ കാൻസർ ഗവേഷണ രംഗത്ത് വാക്സിനുകൾ സജീവമായിരുന്നില്ല. പരാജയപ്പെട്ട പരീക്ഷണങ്ങളാണ് പിന്നീട് കൂടുതൽ പഠനങ്ങൾ നടത്തുന്നതിന് കാരണമായതെന്ന് പിറ്റ്‌സ്ബെർഗ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ വാക്സിൻ ഗവേഷക ഒൽജ ഫിൻ പറയുന്നു.

അതിനാൽ ഒൽജ കാൻസർ രോഗത്തിന്റെ ആദ്യ ഘട്ടത്തിലൂടെ കടന്നു പോകുന്നവരെയാണ് ഗവേഷണങ്ങൾക്കായി പരിഗണിച്ചത്.'ഡക്ടൽ കാർസിനോമ ഇൻ സിറ്റു' എന്നറിയപ്പെടുന്ന അപകട സാധ്യത കുറഞ്ഞ സ്തനാർബുദമുള്ള സ്ത്രീകളിലാണ് ഒൽജ ഫിനും സംഘവും പരീക്ഷണത്തിന് പദ്ധതിയിടുന്നത്.

ഫിലാഡൽഫിയയിലെ പെൻ മെഡിസിനിനിലെ ബാസർ സെന്റർ ഡയറക്ടറായ സൂസൻ ഡോം ചെക്ക് ബിആർസിഎ മ്യൂട്ടേഷനോട് കൂടിയ 28 ആളുകളിലാണ് ഗവേഷണം നടത്തിയത്. ഈ മ്യൂട്ടേഷനോട് കൂടിയവരിൽ സ്തനാർബുദവും അണ്ഡാശയ കാൻസറും വരാനുള്ള സാധ്യത ഏറെയാണ്. ഈ കാൻസർ കോശങ്ങൾ ശരീരത്തിൽ വ്യാപകമാകുന്നതിന് മുൻപ് തന്നെ അവയെ നശിപ്പിക്കുക എന്നതാണ് ഗവേഷണത്തിലൂടെ സൂസൻ ലക്ഷ്യമിട്ടത്.

മൊഡേണ, മെർക്ക് തുടങ്ങിയ മരുന്ന് നിർമ്മാതാക്കൾ ത്വക് കാൻസറിനുള്ള എംആർഎന്‍എ വാക്സിൻ വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. ഓരോ കാൻസർ കോശങ്ങൾക്കും സംഭവിക്കുന്ന മ്യൂട്ടേഷനുകൾക്കനുസരിച്ച് വെവ്വേറെ വാക്സിനുകൾ ഈ വർഷം തന്നെ നിർമ്മിക്കാനാണ് കമ്പനികളുടെ പദ്ധതി.

ഓരോ കാൻസറിനും അനുസൃതമായി വാക്സിനുകൾ വികസിപ്പിച്ചില്ലെങ്കിൽ കോവിഡ് വാക്‌സിനുകൾ പോലെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്കയും വിദഗ്‌ധർ പങ്ക് വയ്ക്കുന്നു. യു ഡബ്ള്യു മെഡിസിൻ എന്ന കമ്പനി സ്തനാർബുദം, ശ്വാസകോശ കാൻസർ, അണ്ഡാശയ കാൻസർ തുടങ്ങിയവയ്ക്ക് എതിരെയുള്ള വാക്സിനുകൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്.

അണ്ഡാശയ കാൻസർ ബാധിച്ച ജാമി ക്രസ് 11 വർഷം മുൻപാണ് വാക്സിൻ സ്വീകരിച്ചത്. 34ാം വയസിൽ അണ്ഡാശയ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലായ ജാമി മരണത്തിന് കീഴടങ്ങുമെന്ന് കരുതിയിരുന്നതാണ്. എന്നാൽ ഇന്ന് 50ാം വയസ്സില്‍ ജാമിക്ക് കാൻസറിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല എന്നത് ശാസ്ത്രജ്ഞർക്ക് ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്താന്‍ പ്രതീക്ഷയും പ്രേരണയും നൽകുന്നുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?