HEALTH

രാജ്യത്ത് ഹൃദയ സ്തംഭന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്; പ്രതിവർഷം ചികിത്സ തേടുന്നവർ 1.8 ദശലക്ഷം

വെബ് ഡെസ്ക്

ഇന്ത്യയിൽ ഹൃദയ സ്തംഭന കേസുകൾ കൂടുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഹൃദയസ്തംഭനം മൂലം പ്രതിവർഷം 1.8 ദശലക്ഷം പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്ന്‌ ഏഷ്യ-പസഫിക് മേഖലയിലെ 22 കാർഡിയോളജി സൊസൈറ്റികളെ പ്രതിനിധീകരിക്കുന്ന ഏഷ്യൻ പസഫിക് സൊസൈറ്റി ഓഫ് കാർഡിയോളജി റിപ്പോർട്ട് ചെയ്തു. ജൂലൈ 27 മുതൽ 13 വരെ സിംഗപ്പൂരിൽ നടന്ന എപിഎസ്സിയുടെ പതിനഞ്ചാമത് കോൺഗ്രസിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

ലോകമെമ്പാടുമുള്ള 64 ദശലക്ഷം ആളുകൾക്ക് ഹൃദയ സ്തംഭനം ഉണ്ടാകുന്നതായും 12 ദിവസം വരെ ആശുപത്രിയിൽ ചെലവഴിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാത്ത ഗുരുതരമായ കാർഡിയോവാസ്കുലാർ അവസ്ഥയാണ് ഹൃദയസ്‌തംഭനം. രാജ്യത്തെ ജനസംഖ്യയുടെ 1.5 ശതമാനം പേർക്കും ഈ അവസ്ഥയുണ്ട്. ലോകമെമ്പാടുമുള്ള 64 ദശലക്ഷം ആളുകൾക്ക് ഈ അവസ്ഥ ഉണ്ടാകുന്നതായും 12 ദിവസം വരെ ആശുപത്രിയിൽ ചെലവഴിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ പതിനഞ്ച് ശതമാനവും ഒരു മാസത്തിനുള്ളിൽ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. ഇതിൽ അധികവും യുവാക്കളാണെന്ന് ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി രജിസ്ട്രി പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തെ അപേക്ഷിച്ച്, യുവാക്കളുടെ ആയുർദൈർഘ്യം വർധിച്ചിട്ടുണ്ടെങ്കിലും, ഇത് വികസിത രാജ്യങ്ങളിൽ കൈവരിച്ച പുരോഗതിക്ക് അനുസൃതമായിട്ടില്ലെന്ന് എപിഎസ്സി വ്യക്തമാക്കി. കാൻസർ പോലെ തന്നെ, ഹൃദയസ്തംഭനത്തിനും അടിയന്തര സമീപനം ആവശ്യമാണെന്ന് റിപ്പോർട്ട് തയാറാക്കിയ വിദഗ്‌ധ സംഘവും വ്യക്തമാക്കി.

ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷവും ഹൃദയ സ്തംഭന സാധ്യതകൾ തള്ളിക്കളയാൻ ആകില്ല. മരുന്നുകൊണ്ട് മാത്രം കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥകളിൽ ഒന്നാണ് ഇത്. ചികിത്സയ്ക്കായി ധാരാളം നൂതന സാങ്കേതിക വിദ്യകൾ ഇന്ന് നിലവിലുണ്ട്. ആയതിനാൽ, രോഗിയെ തിരിച്ചറിയാനും വേണ്ട ചികിത്സകൾ തേടാനും പ്രത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. രോഗികൾക്ക് അസുഖത്തെപ്പറ്റി അവബോധമുണ്ടാക്കാനായി ക്യാമ്പയിനുകൾ, ഔട്ട്റീച്ച് പ്രോഗ്രാമുകൾ എന്നിവ സഹായിക്കും. രോഗികൾക്ക് ചികിത്സ നൽകാനും അതിനൊപ്പം മാനസിക പിന്തുണ നൽകാനും സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും