ഗോബി മഞ്ചൂരിയന്‍, ഗോബി പറാത്ത, ചില്ലി ഗോബി തുടങ്ങി കോളിഫ്‌ളവറിന്റെ പല വിഭവങ്ങളും ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയമാണ്. രുചിയില്‍ മാത്രമല്ല, ശരീരത്തിന് നല്‍കുന്ന പോഷകങ്ങളുടെ കാര്യത്തിലും കോളിഫ്‌ളവര്‍ കേമനാണ്. പോഷാകാഹരാത്തിന്റെ ശക്തി കേന്ദ്രമാണ് കോളിഫ്‌ളവര്‍.
മാംഗനീസും വിറ്റാമിന്‍ സിയും അടങ്ങുന്ന ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കോളിഫ്‌ളവര്‍. ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറക്കാന്‍ ഇത് സഹായിക്കും. കൂടാതെ ദഹനത്തെ സഹായിക്കാനും കരളിനെ വിഷമുക്തമാക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കോളിഫ്‌ളവര്‍ കേമനാണ്.
പ്രമേഹരോഗികള്‍ക്കും കോളിഫ്‌ളവര്‍ ധൈര്യത്തോടെ കഴിക്കാം. കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സും ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതുമായ കോളിഫ്‌ളവര്‍ പ്രമേഹരോഗികള്‍ക്കും ഗുണകരമാണ്. വിറ്റമിന്‍ ബി9 ഉള്ളതുകൊണ്ട് തന്നെ ഗര്‍ഭിണികളുടെ ആരോഗ്യത്തിനും കോളിഫ്‌ളവര്‍ മെച്ചപ്പെട്ട ഭക്ഷണമാണ്. ഇത് ഭ്രൂണ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഗര്‍ഭകാലം മുഴുവനും കോളിഫ്‌ളവര്‍ വിശ്വസിച്ച് കഴിക്കാം.
അതേസമയം കോളിഫ്‌ളവര്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്. ചിലയാളുകള്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ടിത്. ചൊറിച്ചിലും, നീര്‍വീക്കവുമുണ്ടായേക്കാം. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നവര്‍ ന്യൂട്രീഷനെയോ ഡോക്ടറെയോ സമീപിക്കണം.
ആരോഗ്യത്തിന് ഗുണമുള്ളതാണെങ്കിലും അധികമായാല്‍ പ്രശ്‌നമാകാറുണ്ട്. അതിലെ ഫൈബര്‍ ചിലര്‍ക്ക് ദഹനപ്രശ്‌നമായി മാറാറുണ്ട്. മഴക്കാലത്ത് കോളിഫ്‌ളവര്‍ വൃത്തിയാക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്തെ ഈര്‍പ്പത്തില്‍ പച്ചക്കറികളില്‍ പുഴുക്കളിരിക്കാനും കൂടുതല്‍ അഴുക്കുണ്ടാകാനും സാധ്യതയുണ്ട്. ഇവ ശ്രദ്ധിച്ചാല്‍ ആരോഗ്യം മെച്ചപ്പെടാൻ കോളിഫ്ളവർ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.