നഖം വളർത്തുകയും അത് മനോഹരമായി സൂക്ഷിക്കുകയും ചെയ്യുന്നത് മിക്കവർക്കും പ്രിയപ്പെട്ട കാര്യമാണ്. നഖങ്ങൾ യഥാർഥത്തിൽ നമ്മുടെ ശാരീരികാരോഗ്യത്തിന്റെ പ്രതിഫലനമാണ്. വിറ്റാമിൻ കുറവുകൾ മുതൽ ശരീരത്തെ ബാധിച്ചിരിക്കുന്ന പല രോഗങ്ങളുടെയും ലക്ഷണങ്ങൾ നഖങ്ങളിൽ കാണാമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
സ്പർശന സംവേദനത്തെ സഹായിക്കുക, വിരലുകളെ പരുക്കുകളിൽ നിന്ന് സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിലും നഖം വഹിക്കുന്ന പങ്ക് പ്രധാനമാണ്. അതിനാൽ ശരീരത്തിന്റെ മറ്റേതൊരു അവയവവും പോലെ തന്നെ നഖത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും പ്രധാനമാണ്.
നഖങ്ങളുടെ നിറം, ഘടന, ആകൃതി എന്നിവയിലെ മാറ്റങ്ങൾ നിങ്ങളുടെ ശരീരത്തിൽ പോഷകങ്ങളുടെ അപര്യാപ്തത, അണുബാധകൾ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെയാണ് സൂചിപ്പിക്കുന്നത്. ആരോഗ്യമുള്ള നഖങ്ങൾ പിങ്ക് നിറത്തിലാണ് ഉണ്ടാവുക. നഖത്തിന്റെ അഗ്രഭാഗത്ത് ചെറിയ വളവുണ്ടായിരിക്കും. ശരിയായ പോഷണം ഇല്ലെങ്കിൽ നഖങ്ങൾ പൊട്ടുകയും നിറം മങ്ങുകയും വരണ്ടതാകുകയും ചെയ്യും. നഖത്തിന്റെ വളർച്ച ഓരോരുത്തരിലും ഓരോ അളവിലായിരിക്കും. പ്രതിവർഷം ശരാശരി ഒന്നര ഇഞ്ച് എന്ന അളവിലാണ് നഖം വളരുന്നതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പ്രായാധിക്യം, ഗർഭം, ഋതുക്കൾ മാറിവരുന്നത് തുടങ്ങിയവ നഖ വളർച്ചയെ ബാധിക്കും.
ചതുരാകൃതിയിലുള്ളതും വീതിയുള്ളതുമായ നഖങ്ങൾ ഹോർമോൺ തകരാറുകളുടെ ഫലമായി ഉണ്ടാകാം
നഖത്തിന്റെ അഗ്രഭാഗം എതിർദിശയിൽ വളഞ്ഞ് വളരുകയാണെങ്കിൽ അത് വിട്ടുമാറാത്ത അനീമിയയുടെ ലക്ഷണമാണ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് അനീമിയ. നഖത്തിന്റെ അഗ്രഭാഗം ചുരുണ്ടുവരികയാണെങ്കിൽ ശ്വാസകോശ സംബന്ധമായ അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം.
ചതുരാകൃതിയിലുള്ളതും വീതിയുള്ളതുമായ നഖങ്ങൾ ഹോർമോൺ തകരാറുകളുടെ ഫലമായി ഉണ്ടാകാം. പരന്നതും നേർത്തതുമായ നഖങ്ങൾ വിറ്റാമിൻ ബി 12 അപര്യാപ്തതയെ സൂചിപ്പിക്കുന്നു. മാംസം, പാലുൽപ്പന്നങ്ങൾ, മുട്ട തുടങ്ങിയ വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ഈ അവസ്ഥയെ മറികടക്കാം.
കെരാറ്റിൻ സംരക്ഷണ പാളികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴാണ് നഖങ്ങൾ പൊളിഞ്ഞുപോരുക. ഈ അവസ്ഥ പലപ്പോഴും ഒമേഗ -3 ഫാറ്റി ആസിഡുകളുടെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. നഖത്തിന് മുകളിൽ കുറുകെയുള്ള വെളുത്ത വരകൾ പനി, കരൾ സംബന്ധിയായ രോഗം, ഹൃദ്രോഗം, വൃക്ക തകരാറുകൾ, ഭക്ഷണത്തിൽ ഇരുമ്പിന്റെയോ സിങ്കിന്റെയോ അഭാവം എന്നിവയുടെ ലക്ഷണമായി കണക്കാക്കുന്നു. എക്സിമ അല്ലെങ്കിൽ സോറിയാസിസ് പോലുള്ള കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളും ഇത് സൂചിപ്പിക്കാം.
പരന്നതും നേർത്തതുമായ നഖങ്ങൾ വിറ്റാമിൻ ബി 12 അപര്യാപ്തതയെ സൂചിപ്പിക്കുന്നു
നഖങ്ങൾ നിറം മാറുന്നത് പ്രധാനമായും ഫംഗസ് അണുബാധ കാരണമാകാം. ബാക്ടീരിയ അണുബാധയുള്ള നഖം ചെറിയ തോതിൽ പച്ച നിറമാകാം. യീസ്റ്റ് അണുബാധ നഖം ചർമത്തില്‍ നിന്ന് വേർപെടാൻ കാരണമാകുന്നു. വിരൽത്തുമ്പിൽ രക്തചംക്രമണം മോശമാകുന്നതിന് കാരണമാകുന്ന ശ്വാസകോശ പ്രശ്‌നത്തിന്റെ അടയാളമാണ് നീലകലർന്ന നഖങ്ങൾ. ചുവപ്പ് കലർന്ന തവിട്ട് പാടുകൾ ഫോളിക് ആസിഡ്, പ്രോട്ടീൻ അല്ലെങ്കിൽ വിറ്റാമിൻ സി എന്നിവയുടെ കുറവ് കാണിക്കുന്നു. പ്രമേഹം, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, കരൾ പ്രശ്നങ്ങൾ തുടങ്ങിയ വിവിധ ആന്തരിക രോഗങ്ങളുടെ ആദ്യകാല സൂചനകളാണ് മഞ്ഞനിറത്തിലുള്ള നഖങ്ങൾ. നഖങ്ങളിലെ മഞ്ഞ പാടുകൾ ഫംഗസ് അല്ലെങ്കിൽ സോറിയാസിസിന്റെ സൂചനയാകാം.
എല്ലായ്പ്പോഴും നഖങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ രോഗങ്ങളുടെ ലക്ഷണം ആയിക്കൊള്ളണമെന്നില്ല. എന്നാൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തമായ മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിൽ കൃത്യസമയത്ത് ചികിത്സ തേടണം.