കുടലിന് അർബുദം ബാധിച്ചവർ പ്രതിദിനം രണ്ട് മുതല്‍ നാല് കപ്പ് കാപ്പി കുടിക്കുകയാണെങ്കില്‍ രോഗം തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഈ ജീവിതശൈലി പിന്തുടരുന്ന രോഗം ബാധിച്ചവർ പെട്ടെന്ന് മരിക്കാനുള്ള സാധ്യതയും ഗവേഷണം തള്ളിക്കളയുന്നു. നെതർലന്‍ഡ്‌സിലുള്ള 1,719 രോഗബാധിതരില്‍ ഡച്ച്, ബ്രിട്ടീഷ് ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വേള്‍ഡ് കാന്‍സർ റിസേർച്ച് ഫണ്ടിന്റെ ധനസഹായത്തോടെ നടത്തിയ പഠനം ഇന്റർനാഷണല്‍ ജേണല്‍ ഓഫ് കാന്‍സറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുകെയില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് കാരണമാകുന്ന അർബുദങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് കുടല്‍ അർബുദം. ഗവേഷണം വിശ്വാസയോഗ്യമാണെന്നും ഒരു പഠനം കൂടി ഇതേ നിഗമനത്തിലെത്തിയാല്‍ കുടലിന് അർബുദം ബാധിച്ച ബ്രിട്ടണിലെ 43,000 പേരെയും കാപ്പി കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ദർ പറയുന്നു. പ്രതിവർഷം 16,500 പേരാണ് കുടലിന് അർബുദം ബാധിച്ച് മരണപ്പെടുന്നത്.
പ്രതിദിനം കുറഞ്ഞത് അഞ്ച് കപ്പ് കാപ്പി വരെ കുടിക്കുന്ന രോഗബാധിതരുടെ മരണ സാധ്യത 29 ശതമാനം മാത്രമാണ്. ഈ വിഭാഗത്തിലുള്ളവർക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത 32 ശതമാനവും. യുകെയിലുള്ളവർ ഒരു ദിവസം 95 ദശലക്ഷം കപ്പ് കാപ്പിയാണ് കുടിക്കുന്നതെന്നും പഠനം പറയുന്നു.
അർബുദം ഭേദമായ അഞ്ചില്‍ ഒരാള്‍ക്ക് വീണ്ടും രോഗം ബാധിച്ചിട്ടുണ്ടെന്നും ഗുരതരമായിട്ടുണ്ടെന്നും നെതർലന്‍ഡ്‌സിലെ വാഗനിംഗന്‍ സർവകലാശാലയിലെ ന്യൂട്രീഷന്‍ പ്രൊഫസറും ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ആളുമായ ഡോ. എലെന്‍ കാംപ്‌മാന്‍ അന്താരാഷ്ട്ര മാധ്യമമായ ദ ഗ്വാർഡിയനോട് പറഞ്ഞു.
ഗവേഷണത്തിലെ കണ്ടെത്തലുകള്‍ കൗതുകകരമാണെന്ന് ഡോ. എലെന്‍ പറഞ്ഞു. കണ്ടെത്തല്‍ വിശ്വാസയോഗ്യമാണെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ കാപ്പി കുടിച്ചവരില്‍ മെച്ചപ്പെട്ട ഫലം കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. എലെന്‍ കൂട്ടിച്ചേർത്തു.
അർബുദത്തിന്റെ സാധ്യത ഇല്ലാതാക്കാന്‍ കാപ്പിക്ക് കഴിയുമെന്ന് കണ്ടെത്തിയ ഏറ്റവും പുതിയ പഠനമാണിത്. പലതരം അർബുദങ്ങളുടെ തീവ്രത കുറയ്ക്കാന്‍ കാപ്പിക്ക് സാധിക്കുമെന്ന പല പഠനങ്ങളും നേരത്തെയും ഉണ്ടായിട്ടുണ്ട്.
കുടലിന് അർബുദം ബാധിച്ച രോഗികളില്‍ കാപ്പി എന്തുകൊണ്ടാണ് ഇത്രയധികം സ്വാധീനം ചെലുത്തുന്നതെന്ന് വ്യക്തമല്ലെന്ന് പഠനത്തിന്റെ സഹരചയിതാവ് കൂടിയായ പ്രൊഫ. മാർക്ക് ഗന്റർ വ്യക്തമാക്കി. എന്നാല്‍ രോഗനിർണയവും അതിജീവനവും മെച്ചപ്പെടുത്തുന്നതിന് പഠനം സഹായിക്കുമെന്നും മാർക്ക് കൂട്ടിച്ചേർത്തു. അന്തിമമായിട്ടുള്ള നിഗമനത്തിലേക്ക് എത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും മാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.