HEALTH

ബിഎ.2.86; കോവിഡിൻ്റെ പുതിയ വകഭേദം നാല് രാജ്യങ്ങളിൽ കണ്ടെത്തി

ഒരുപാട് തവണ ജനിതകമാറ്റം സംഭവിച്ചെത്തിയ വകഭേദമായതിനാല്‍ തന്നെ നിലവിലെ വാക്‌സിനുകളൊന്നും ബിഎ.2.86ന് എതിരെ ഫലപ്രദമാകില്ല

വെബ് ഡെസ്ക്

കോവിഡ് -19 വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ബിഎ.2.86 വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 2021 നവംബറില്‍ കണ്ടെത്തിയ ഒമിക്രോണ്‍ എന്ന കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണെന്ന് ഇതിനെ പറയാം. ഇതുവരെ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ജൂലൈ അവസാനം മുതല്‍, യുഎസ്, യുകെ എന്നിവിടങ്ങളില്‍ ഓരോ ബിഎ .2.86 കേസുകളും ഡെന്‍മാര്‍ക്കില്‍ മൂന്ന് കേസുകളും സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. പുതിയ വകഭേദം രാജ്യമെമ്പാടും മറ്റൊരു കൊവിഡ് തരംഗത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

ബിഎ.2.86നെ കുറിച്ച് ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, നിലവില്‍ കാണപ്പെടുന്ന എക്‌സ്ബിബി .1.5 വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി ബിഎ.2.86ന് 36 മ്യൂട്ടേഷനുകളാണ് സംഭവിച്ചിട്ടുള്ളത്.

നിലവില്‍, പുതിയ വകഭേദം വേഗത്തില്‍ പടരുന്നതാണോ അതോ മുമ്പത്തേതിനേക്കാള്‍ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്നതിന് തെളിവുകള്‍ ഒന്നും തന്നെയില്ല. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ജനങ്ങളോട് മുമ്പത്തെ പോലെ തന്നെ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ബിഎ.2.86 ഒരുപാട് തവണ ജനിതകമാറ്റം സംഭവിച്ചിട്ടുള്ളതിനാല്‍ തന്നെ അവയുടെ ഘടന മുമ്പത്തെ വകഭേദങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പെട്ടെന്ന് ശരീരത്തില്‍ കയറികൂടാൻ ആകുമെന്നതിനാൽ തന്നെ ഇവ കൂടുതൽ അപകടകാരിയാകാമെന്ന ആശങ്ക നിലനിൽക്കുന്നു. പിന്നീട് ഇതിന്റെ വ്യാപനശേഷി വര്‍ധിക്കുമോ എന്ന കാര്യത്തിലും ഇപ്പോള്‍ പ്രവചനം സാധ്യമല്ല.

കോവിഡുമായി ബന്ധപ്പെട്ട ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും ജൂലൈ ആദ്യം മുതല്‍ കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് സിഡിസി വെബ്‌സൈറ്റില്‍ പറയുന്നു. ലഭ്യമായ വിവരം അനുസരിച്ച്, ഈറിസ് വകഭേദം ആളുകളിലേയ്ക്ക് പകരുന്നുണ്ടെങ്കിലും ആദ്യ കോവിഡ് തരംഗത്തിൽ സംഭവിച്ചത് പോലെ ആളുകള്‍ രോഗബാധിതരാകുന്നില്ല. എന്നിരുന്നാലും ബിഎ.2.86 ദുര്‍ബലരായ ആളുകളില്‍ രോഗങ്ങള്‍ക്കും മരണത്തിനും കാരണമാകുമെന്ന് ജീനോമിക്‌സ് വിദഗ്ധനും കാലിഫോര്‍ണിയയിലെ ലാ ജോല്ലയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ച് ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. എറിക് ടോപോള്‍ പറയുന്നു.

ഒരുപാട് തവണ ജനിതകമാറ്റം സംഭവിച്ചെത്തിയ വകഭേദമായതിനാല്‍ തന്നെ നിലവില്‍ ലഭ്യമായ വാക്‌സിനുകളൊന്നും ഇതിനോട് പോരാടാന്‍ മതിയാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ രോഗം മൂലം മരിക്കുന്നതില്‍ നിന്ന് വാക്‌സിന് സംരക്ഷണം നല്‍കാന്‍ സാധിക്കും. ഒമിക്രോണ്‍ സബ് വേരിയന്റ് എക്‌സ്ബിബി.1.5 ലക്ഷ്യമിട്ടാണ് പുതിയ കോവിഡ് ബൂസ്റ്റര്‍ ഷോട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം, യുഎസില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഈറിസിനും അനുബന്ധ വകഭേദമായ ഫോര്‍നാക്‌സ്‌ക്കുമെതിരെ പുതിയ വാക്‌സിനുകള്‍ ഉപയോഗപ്രദമാണെന്നാണ് പ്രാഥമിക ട്രയല്‍ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്.

അടുത്തിടെ, കോവിഡ് -19 മായി ബന്ധപ്പെട്ട കേസുകള്‍ യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ ഇവ പ്രധാനമായും ഒമിക്രോണില്‍ നിന്ന് പരിണമിച്ച ഇജി 5 'ഈറിസ്' വകഭേദം മൂലമുള്ളവയാണ്. 2021ലാണ് ഒമിക്രോണ്‍ വന്നത്. യുഎസ് സിഡിസില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ പുതിയ കോവിഡ് -19 കേസുകളിലെ 16 ശതമാനവും എക്‌സ്ബിബി.1.16 വകഭേദമാണ്. അതേസമയം ഒമിക്രോണ്‍ രാജ്യത്ത് 17 ശതമാനം കേസുകള്‍ക്ക് കാരണമായിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ