HEALTH

ജപ്പാൻ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി ഉയർത്തി 'സ്ട്രെപ് ടോക്സിക് ഷോക്ക്'; കാരണം കണ്ടെത്താനാകാതെ ആരോഗ്യപ്രവർത്തകർ

30 ശതമാനം മരണനിരക്കുള്ള സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്‌ടിഎസ്എസ്) വർധിക്കുന്നതിൻ്റെ കാരണം കണ്ടെത്താനാകാതെ വലയുകയാണ് ജപ്പാനിലെ ആരോഗ്യ വിദഗ്ധർ

വെബ് ഡെസ്ക്

ഈ വർഷം ആദ്യമുണ്ടായ ശക്തമായ ഭൂചലനത്തിൽനിന്ന് കരകയറുന്നതിന് മുൻപ് തന്നെ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ് ജപ്പാൻ. രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്ന പകർച്ചവ്യാധിയാണ് പുതിയ വില്ലന്‍. സ്ട്രെപ്റ്റോക്കോക്കൽ ഇന്‍ഫെക്ഷന്റെ ഭീതിയിലാണ് ജനങ്ങളും ആരോഗ്യ വിദഗ്ധരും.

ഉയർന്ന മരണനിരക്കാണ് ഈ അപൂർവ രോഗാവസ്ഥയ്ക്കുള്ളത്. 30 ശതമാനം സ്ട്രെപ്റ്റോക്കോക്കൽ പകർച്ചവ്യാധികളും മാരകമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗത്തെ പ്രതിരോധിക്കാനും രോഗാവസ്ഥയുടെ കാരണം കണ്ടുപിടിക്കാനുമാകാതെ വലയുകയാണ് ജപ്പാൻ ആരോഗ്യ മേഖലയും ഉദ്യോഗസ്ഥരും.

സ്ട്രെപ്റ്റോക്കോക്കസ് – എ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾ പകർച്ചവ്യാധികളുടെ ഗണത്തില്‍ പെടുന്നവയാണ്. സ്ട്രെപ് ഫീവറെന്നാണ് ഇവയ്ക്ക് പൊതുവെയുള്ള പേര്. സ്ട്രെപ്റ്റോക്കോക്കസ് – എ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് സ്ട്രെപ്റ്റോക്കോക്കൽ ഇന്‍ഫെക്ഷൻ.

രാജ്യത്ത് സ്‌ട്രെപ്റ്റോകോക്കൽ വൈറസും പകർച്ചവ്യാധികളും സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗ്രൂപ്പ് എ ഗണത്തിൽ പെടുന്ന സ്ട്രെപ്റ്റോകോക്കൽ രോഗത്തിൻ്റെ ഏറ്റവും കഠിനവും മാരകവുമായ സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്‌ടിഎസ്എസ്) പെട്ടെന്ന് ജനങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനുള്ള സാധ്യതയും ആരോഗ്യ വിദഗ്ദര്‍ തള്ളിക്കളയുന്നില്ല.

"സ്‌ട്രെപ്റ്റോകോക്കസിന്റെ അപകടകരമായ വകഭേദങ്ങള്‍ രൂപം കൊള്ളുന്നതിന് പിന്നിലെ കാരണവും അജ്ഞാതമാണ്. അത് വിശദീകരിക്കാന്‍ കഴിയുന്ന ഒരു അവസ്ഥയിലല്ല തങ്ങളിപ്പോഴുള്ളത്," ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് (എൻഐഐഡി) വ്യക്തമാക്കുന്നു.

എൻഐഐഡി പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം 941 എസ്ടിഎസ്എസ് കേസുകളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. 2024 തുടങ്ങി ആദ്യ രണ്ട് മാസങ്ങളിൽ 378 കേസുകൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്, ജപ്പാനിലെ 47 പ്രിഫെക്ചറുകളിൽ (ഒരു ജില്ല അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷൻ) രണ്ടെണ്ണം ഒഴികെ മറ്റെല്ലായിടത്തും അണുബാധകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്.

എൻഐഐഡി നൽകുന്ന വിവരങ്ങൾ അനുസരിച്ച് 50 വയസ്സിന് താഴെയുള്ള രോഗികൾക്കിടയിലാണ് ഗ്രൂപ്പ് എ സ്ട്രെയിൻ അണുബാധ മൂലം ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയിട്ടുള്ളത്. 2023 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 50 വയസ്സിന് താഴെയുള്ള 65 എസ്‌ടിഎസ്എസ് രോഗബാധിതരിൽ 21 പേരും മരിച്ചതായി ജപ്പാനിലെ പ്രമുഖ ദിനപത്രമായ ആസാഹി ഷിംബുൻ റിപ്പോർട്ട് ചെയ്തിരുന്നു.

എന്താണ് സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം അഥവാ എസ്‌ടിഎസ്എസ്?

സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയ മൂലമാണ് മിക്കയാളുകളിലും സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്‌ടിഎസ്എസ്) ഉണ്ടാകുന്നത്. സ്ട്രെപ്പ് എ എന്നറിയപ്പെടുന്ന സ്ട്രെപ്റ്റോക്കോക്കസ് – എ ബാക്ടീരിയ മൂലമുണ്ടാകുന്ന പനിയും തൊണ്ട വേദനയുമാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലാണ് ഇവ അധികവും വലിയ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.

ഭൂരിഭാഗം സ്ട്രെപ് ഫീവറുകളും നേരിയ പനിയായി മാറിപ്പോകുമെങ്കിലും ഒട്ടേറെ ആളുകൾക്ക് രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയും കൃത്യമായ ആരോഗ്യപരിചരണം ആവശ്യമായി വരുകയും ചെയ്യും. പരിചരണം ലഭ്യമായില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്കെത്തും.

അണുബാധയേറ്റ പ്രായമായവരിൽ ജലദോഷം, പനി പോലുള്ള ലക്ഷണങ്ങളാണ് ആദ്യം അനുഭവപ്പെടുക. എന്നാൽ അപൂർവ ഘട്ടങ്ങളിൽ അസഹനീയമായ തൊണ്ട വേദന, ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഗുരുതരമായ കേസുകളിൽ, ആന്തരികാവയവങ്ങളുടെ തകരാറിനും നെക്രോസിസിനും സ്ട്രെപ്റ്റോകോക്കസ് അണുബാധ ഇടയാക്കും. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയതാണ് കഴിഞ്ഞ വർഷം സ്ട്രെപ് ഫീവർ കേസുകൾ ഗണ്യമായി വർധിക്കാനുള്ള കാരണമെന്നാണ് ജപ്പാനിലെ ആരോഗ്യ വിദഗ്ധരുടെ പക്ഷം.

കഴിഞ്ഞ മേയിൽ ജപ്പാൻ സർക്കാർ കോവിഡിനെ രോഗങ്ങളുടെ പട്ടികയിൽ രണ്ടാം ക്ലാസിൽനിന്ന് ക്ഷയരോഗവും ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഉൾപ്പെടുന്ന അഞ്ചാം ക്ലാസിലേക്ക് മാറ്റിയിരുന്നു. പിന്നാലെ കോവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു. കോവിഡ് എന്ന മഹാമാരിക്കെതിരെ മികച്ച പ്രതിരോധം തീർത്ത രാജ്യങ്ങളിലൊന്നായിരുന്നു ജപ്പാൻ.

കോവിഡ് വൈറസിന് സമാനമായി വായുവിലൂടെയും ശാരീരിക സമ്പർക്കത്തിലൂടെയുമാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധ മറ്റുള്ളവരിലേക്ക് പടരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ഈ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിൽസയാണ് സ്ട്രെപ് എ അണുബാധയുള്ളവർക്ക് ഡോക്ടർമാർ നിർദേശിക്കുന്നത്. ആന്റിബയോട്ടിക്കുകൾ കൊണ്ട് ഭേദമാകുന്ന അസുഖമാണെങ്കിലും ഇൻഫെക്ഷൻ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും ബാധിച്ച് വഷളായാൽ അടിയന്തര ചികിത്സ ആവശ്യമാണ്. ഈ അവസ്ഥയൊഴിവാക്കാൻ തുടക്കത്തിലെ ആന്റിബയോട്ടിക്കുകൾ നൽകുകയാണ് ഉത്തമമെന്നാണ് വിദഗ്ധാഭിപ്രായം.

ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കോവിഡ് കാലത്ത് എങ്ങനെയാണോ രോഗങ്ങൾക്കെതിരേ പ്രതിരോധം തീർത്തത് അതിന് സമാനമായി ശുചിത്വ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ജപ്പാൻ ആരോഗ്യ മന്ത്രാലയം ജനങ്ങൾക്കു നൽകിയ നിർദേശം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം