ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണ രീതി പാലിക്കേണ്ടത് അത്യാവശ്യമാണ്. പല ജീവിത ശൈലീരോഗങ്ങളിലേക്കും നയിക്കുന്നതില്‍ ക്രമരഹിതമായ ഭക്ഷണ രീതിക്കും പങ്കുണ്ട്. ഭക്ഷണം ഒന്നു ക്രമപ്പെടുത്തിയാല്‍ നിയന്ത്രിച്ചു നിര്‍ത്താവുന്ന ഒരു രോഗമാണ് പ്രമേഹം. അതുകൊണ്ടാണ് പ്രമേഹരോഗിയോട് മരുന്നിനൊപ്പം തന്നെ ഡയറ്റും പാലിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
ഡയറ്റ് സംബന്ധിച്ച് പ്രമേഹരോഗികളുടെ ആശങ്കകള്‍ കൂടുതലാണ്. ഏതൊക്കെ ഭക്ഷണം, എപ്പോള്‍, എങ്ങനെ കഴിക്കണം, വല്ലപ്പോഴും മധുരം കഴിച്ചാല്‍ കുഴപ്പമുണ്ടോ ഇങ്ങനെ നീളും സംശയങ്ങള്‍. ഒരു പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പിന്തുടരേണ്ട ഭക്ഷണരീതിയുമെല്ലാം വിശദമാക്കുകയാണ് ദ ഫോര്‍ത്തില്‍ ഡയറ്റീഷന്‍ ഗീതു സനല്‍.
എന്താണ് ഡയബറ്റിക് ഡയറ്റ്? ഡയറ്റ് തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ
ഡയബറ്റിക് ഡയറ്റ് എന്ന ആശയം തന്നെ നിലവിലില്ല. പ്രമേഹം കണ്ടുപിടിച്ച് കഴിഞ്ഞാല്‍ ചിട്ടയായ ഭക്ഷണ രീതി അനുവര്‍ത്തിക്കുന്നവരുണ്ട്. നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണ രീതിയില്‍ പലതും ഒഴിവാക്കികൊണ്ടായിരിക്കും അവര്‍ ഡയറ്റ് തുടങ്ങുന്നത്. പക്ഷേ ഒരുപാട് നാളുകള്‍ കഴിഞ്ഞാല്‍ ഈ ഡയറ്റിലൊരു വിരസത തോന്നാം. അതോടെ ഡയറ്റ് ഒഴിവാക്കി പഴയതുപോലെ ഭക്ഷണം കഴിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഒരു ഡയബറ്റിക് ഡയറ്റില്ല. ആരോഗ്യകരമായ ഭക്ഷണ രീതിയാണ് ഒരു പ്രമേഹ രോഗി അനുവര്‍ത്തിക്കേണ്ടത്.
പ്രമേഹ രോഗികളുടെ ആരോഗ്യകരമായ ഭക്ഷണരീതിയില്‍ ചിട്ടയായ ഭക്ഷണക്രമം, ഭക്ഷണ സമയം, ഭക്ഷണത്തിന്റെ അളവ് ഇവ മൂന്നും ശ്രദ്ധിക്കണം. ആദ്യമായി ഒരു വ്യക്തിക്ക് പ്രമേഹം കണ്ടുപിടിക്കുമ്പോള്‍ ഒരുപാട് ലാബ് പരിശോധനകള്‍ വേണ്ടിവരും. രക്തസമ്മര്‍ദവും കൊളസ്‌ട്രോളുമടക്കം പരിശോധിക്കണം. ഇവ മുന്‍നിര്‍ത്തി അനുയോജ്യമായ ഭക്ഷണരീതിയാണ് പ്രമേഹരോഗി അനുവര്‍ത്തിക്കേണ്ടത്.
രോഗി കഴിക്കുന്ന ഭക്ഷണമെന്തൊക്കെയാണെന്ന് നാം മനസിലാക്കണം. വന്നയുടനെ തന്നെ ഡയറ്റ് ചാര്‍ട്ട് കൊടുക്കുന്ന രീതിയല്ല പിന്തുടരേണ്ടത്. എന്തൊക്കെയാണ് കഴിക്കുന്നത്, ഭക്ഷണത്തിന് എന്തൊക്കെ മുന്‍ഗണനകളുണ്ട്, ജോലി, ഉയരം, വണ്ണം ഇവയെല്ലാം മുന്‍നിര്‍ത്തിയാണ് ഒരു ഭക്ഷണ രീതി ചിട്ടപ്പെടുത്തേണ്ടത്. പ്രധാനമായും ഒരു സമീകൃതാഹാര രീതി പാലിക്കുക. സമീകൃതമായൊരു ഭക്ഷണ രീതി ചിട്ടയായ അളവില്‍ കൃത്യ സമയത്ത് എടുക്കുക എന്നതാണ് ലളിതമായി പറഞ്ഞാല്‍ ഒരു ഹെല്‍ത്തി ഡയറ്റ്.
പ്രമേഹ ചികിത്സയില്‍ ഡയറ്റിന്റെ പ്രധാന്യം
മരുന്നിനൊപ്പം 50ശതമാനം ഡയറ്റ് പാലിക്കുകയാണെങ്കില്‍ തന്നെ പ്രമേഹ രോഗ ചികിത്സ വിജയത്തിലെത്തും. രോഗം സ്ഥിരീകരിക്കുന്ന സമയത്തുതന്നെ ശരിയായ ഡയറ്റിലൂടെ തന്നെ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ പ്രമേഹത്തിന്റെ ആദ്യ ഘട്ടത്തില്‍ മാത്രമല്ല ഡയറ്റ് പാലിക്കേണ്ടത്. ഇതൊരു ജീവിതശൈലീ രോഗമാണ്. അതിനാല്‍ത്തന്നെ അവസാനം വരെ ചിട്ടയായ ഭക്ഷണ രീതി പാലിക്കാന്‍ ശ്രദ്ധിക്കണം.
രോഗാവസ്ഥയുള്ള വ്യക്തി അമിതവണ്ണം ഉള്ളയാണെങ്കില്‍ തുടക്കത്തില്‍ തന്നെ ഭാരം കുറയ്ക്കാന്‍ സാധിച്ചാല്‍ ഡയബറ്റിസിന്റെ തോതും മറ്റുള്ള അനുബന്ധ രോഗങ്ങള്‍ വരുന്നതും തടയാന്‍ സാധിക്കും. അതില്‍ ഡയറ്റും പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ചിട്ടയായ ഭക്ഷണ രീതി, തുടര്‍ചികിത്സ, വ്യായാമം ഇവയെല്ലാം ഉണ്ടെങ്കില്‍ മാത്രമേ കുറഞ്ഞ അളവില്ലെങ്കിലും ബുദ്ധിമുട്ടുകളില്ലാതെ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ചിട്ടയായ ഭക്ഷണ രീതി പ്രധാനമാണ്. അത് ശരിയായി പാലിക്കുകയും വേണം.
പ്രമേഹരോഗികള്‍ ഗോതമ്പ് അടങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതിലെ പ്രശ്‌നങ്ങള്‍
പ്രമേഹമുള്ളവര്‍ ഗോതമ്പ് കഴിച്ചാല്‍ പ്രശ്‌നമില്ലെന്ന് പറയുന്നത് ഒരു മിഥ്യാധാരണയാണ്. അരിയെ പോലെതന്നെ ഒരു ധാന്യമാണ് ഗോതമ്പും. അരി വച്ച് താരതമ്യം ചെയ്താല്‍ ഗോതമ്പിലെ പ്രോട്ടീനും നാരിന്റെ അളവും വ്യത്യാസമുണ്ട്. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് എന്ന് പറയുന്ന അന്നജം രണ്ടിലും ഏകദേശം ഒരുപോലെയാണ്. അതുകൊണ്ട് ഗോതമ്പ് കഴിക്കുന്നത് കൊണ്ടുമാത്രം പ്രമേഹം നിയന്ത്രിക്കാനാകുമെന്ന ധാരണ ശരിയല്ല.
ഗോതമ്പിന്റെ അളവ് കൂട്ടിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ പ്രമേഹം കൂടാനുള്ള സാധ്യതയുമുണ്ട്. അരിയിലും ഗോതമ്പിലും അന്നജം ഉണ്ട്. ഇവ ക്രമീകരിക്കുകയാണ് വേണ്ടത്. അല്ലാതെ മൂന്ന് നേരവും ഗോതമ്പ് കഴിക്കണമെന്നില്ല. ചിലര്‍ക്ക് ഗോതമ്പ് ദഹനത്തിന് ബുദ്ധിമുട്ടാണ്ടാക്കുന്നു. ഗോതമ്പ് ദഹിക്കാതെ വരുന്ന സീലിയാര്‍ ഡിസീസ് എന്ന അവസ്ഥകളുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഗ്ലൂട്ടന്‍ ഫ്രീ ഡയറ്റാണ് പറഞ്ഞുകൊടുക്കേണ്ടത്. ഗോതമ്പ് കഴിച്ചാല്‍ പ്രശ്‌നമുള്ളവര്‍ക്ക് ഒരിക്കലും ഗോതമ്പ് നിര്‍ദേശിക്കാന്‍ പറ്റില്ല. ഗോതമ്പ് ഒഴിവാക്കി ഭക്ഷണത്തില്‍ മറ്റുള്ള ക്രമീകരണങ്ങള്‍ വരുത്താമെങ്കില്‍ ഡയബറ്റിക്‌സ് ഡയറ്റ് മുന്നോട്ട് കൊണ്ടുപോകാം. അല്ലാതെ ഗോതമ്പ് തന്നെ കഴിക്കണമെന്നോ, ഗോതമ്പില്‍ അന്നജം ഇല്ലെന്നോ പറയുന്നത് ശരിയല്ല.
എല്ലാവര്‍ക്കും പൊതുവായ ഡയറ്റ് പ്ലാനാണോ പാലിക്കേണ്ടത്? വ്യക്തികള്‍ക്ക് അനുസരിച്ച് ഡയറ്റില്‍ വരുന്ന വ്യത്യാസം
പ്രമേഹത്തില്‍ മരുന്ന് നിര്‍ദേശിക്കുന്നത് പോലും നിരവധി കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഒരാള്‍ക്ക് ഒരു മരുന്ന് ഫലപ്രദമാണെങ്കില്‍ മറ്റൊരാള്‍ക്ക് അത് ഫലപ്രദമാകണമെന്നില്ല. അതുപോലെ തന്നെയാണ് ഭക്ഷണവും. ഒരാളുടെ ഉയരം, വണ്ണം, ചെയ്യുന്ന ജോലി, അനുബന്ധ രോഗങ്ങള്‍ ഇവയെല്ലാം നോക്കിയിട്ടാണ് ഒരു ഡയറ്റ് പറഞ്ഞുകൊടുക്കുന്നത്. ഒരിക്കലും ഒരു ഭക്ഷണം തന്നെ എല്ലാവരും അനുവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ല. ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയിലായിരിക്കണം ഭക്ഷണക്രമം നല്‍കേണ്ടത്.
പ്രായത്തിനനുസരിച്ചും ഡയറ്റില്‍ വ്യത്യാസം വരുത്തണം. പ്രായം കൂടുന്നതിനനുസരിച്ച് കലോറിയിലും പ്രോട്ടീനിലും വ്യത്യാസം വരാറുണ്ട്. 50-60 വയസാകുന്ന ഒരാള്‍ക്ക് ശരീരത്തില്‍ സാര്‍ക്കോപീനിയ എന്ന അവസ്ഥ വരും. ശരീരത്തിലെ മസില്‍ മാസ് കുറയുന്ന അവസ്ഥ. അങ്ങനെ വരുന്ന സമയത്ത് ഡയറ്റില്‍ ചില വ്യത്യാസം വരുത്താറുണ്ട്.
പ്രമേഹ രോഗികള്‍ കഴിക്കുന്ന മിക്കവാറും ഭക്ഷണത്തില്‍ പ്രോട്ടീന്റെ അളവ് വളരെ കുറവായിരിക്കും. ഇവയെല്ലാം നോക്കി അതിനനുസരിച്ചുള്ള ഭക്ഷണ രീതിയായിരിക്കും പറഞ്ഞു കൊടുക്കേണ്ടത്. മുപ്പത് വയസില്‍ പാലിക്കേണ്ട ഭക്ഷണക്രമമായിരിക്കില്ല, അറുപത് വയസുള്ള ഒരു വ്യക്തിക്ക് വേണ്ടത്. അതില്‍ വ്യത്യാസം വരും.
ശരീര ഭാരം കുറയ്ക്കാന്‍ വേണ്ടി പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുന്ന പ്രവണത കൂടി വരുന്നു. ഇത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍
പഞ്ചസാര മാത്രം ഒഴിവാക്കിയാല്‍ വണ്ണം കുറയണമെന്നില്ല. പഞ്ചസാരയില്‍ കൂടുതല്‍ കലോറിയുണ്ട്. എന്നാല്‍ പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് ശാരീരികമായി നമുക്ക് ഒരു പ്രശ്‌നവുമുണ്ടാകില്ല. പക്ഷേ നമ്മള്‍ പഞ്ചസാര മാത്രമല്ല ഉപേക്ഷിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണത്തില്‍ ഏതിലാണോ കൂടുതല്‍ കലോറി അടങ്ങിയിട്ടുള്ളത് ആ ഭക്ഷണവും ഒഴിവാക്കിയാല്‍ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയുള്ളു.
മധുരം മാത്രം ഒഴിവാക്കണമെന്നല്ല, ഏതൊക്കെ ഭക്ഷണമാണ് കൂടുതല്‍ കഴിക്കുന്നത്, കലോറി അടങ്ങിയതാണോ, മധുരം കൂടുതലുള്ളതാണോ എന്ന് നോക്കണം. ജങ്ക് ഫുഡ് കൂടുതല്‍ കഴിക്കുന്നവര്‍ ഉണ്ട്. അവയെല്ലാം ഒഴിവാക്കേണ്ടതാണ്. കലോറി കൂടിയ ഭക്ഷണം ഒഴിവാക്കി കൃത്യമായി വ്യയാമം ചെയ്യുക. എങ്കില്‍ മാത്രമേ നമുക്ക് ശരീര ഭാരം നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളു.
ശര്‍ക്കര, കരിപ്പട്ടി തുടങ്ങിയ മധുരം കഴിക്കുന്നത് പ്രശ്‌നമല്ലെന്ന ധാരണ പൊതുവേയുണ്ട്. അതിലെ സത്യാവസ്ഥ
പഞ്ചസാരയാണല്ലോ പ്രശ്‌നക്കാരന്‍, പകരം ശര്‍ക്കര, കരിപ്പട്ടി, തേന്‍ തുടങ്ങിയ മധുരം കഴിക്കാമല്ലോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. പഞ്ചസാര റിഫൈന്‍ഡ് ആയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ്‌സ് ആണ്. അതില്‍ കലോറി മാത്രമേയുള്ളു. പക്ഷേ ശര്‍ക്കരയും തേനും കരിപ്പട്ടിയുമെല്ലാം പഞ്ചസാര പോലെതന്നെ കലോറിയുള്ളവയാണ്. മഗ്നീഷ്യം, അയണ്‍ തുടങ്ങിയ കുറച്ച് ഘടകങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്. വെളുത്ത പഞ്ചസാരയില്‍ അതില്ല എന്ന വ്യത്യാസം മാത്രമേയുള്ളു.
ഡയബറ്റിസ് ഉള്ള ഒരാള്‍ക്ക് പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയും കരിപ്പട്ടിയും ഉപയോഗിക്കാന്‍ പാടില്ല. കാരണം കലോറി എല്ലാത്തിലും ഒരുപോലെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാകുന്ന സമയത്ത് ഏതെങ്കിലും പ്രത്യേക പരിപാടിയില്‍ മിതമായ അളവില്‍ മധുരം കഴിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ഈ പറയുന്ന മധുര പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല.
ടൈപ്പ് 1 പ്രമേഹരോഗികളായ കുട്ടികള്‍ക്കുള്ള ഡയറ്റ് എങ്ങനെയാണ് ക്രമീകരിക്കുന്നത്
ടൈപ്പ് 1 പ്രമേഹം കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവരിലും കാണപ്പെടുന്നു. കുട്ടികള്‍ തീര്‍ച്ചയായും മധുരം കഴിക്കാന്‍ ആഗ്രഹമുള്ളവരാണ്. അതുകൊണ്ട് കുട്ടികളോട് പൂര്‍ണമായും മധുരം ഒഴിവാക്കണമെന്ന് പറയാറില്ല. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് ക്രമീകരിക്കപ്പെട്ട സമയത്ത് കുറച്ച് മധുരം കഴിക്കുന്നതിന് പ്രശ്‌നമില്ല. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാണോയെന്ന് എപ്പോള്‍ അറിയാന്‍ പറ്റുമെന്നതാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാര്യം. ഈ അളവ് മനസിലാക്കി വേണം ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍.
മധുരം കഴിക്കാന്‍ പാടില്ലെന്നില്ല, ഇടയ്‌ക്കെപ്പോഴെങ്കിലും കഴിക്കുന്നതില്‍ തെറ്റില്ല. പക്ഷേ രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസിലാക്കി വേണം എപ്പോള്‍ കഴിക്കണമെന്ന് തീരുമാനിക്കേണ്ടത്. തുടര്‍ച്ചയായി ഗ്ലൂക്കോസ് മോണിറ്ററിങ് ഉപയോഗിക്കുന്നവരുണ്ട്. അതില്‍ നോക്കുകയാണെങ്കില്‍ രോഗിക്ക് തന്നെ പഞ്ചസാരയുടെ അളവിനനുസരിച്ച് ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാവുന്നതാണ്. പക്ഷേ ഓരോരുത്തരുടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസമുള്ളതിനാല്‍ പൊതുവായ ഒരു ഭക്ഷണ ക്രമം പാലിക്കാന്‍ പറയാന്‍ സാധിക്കില്ല.
ഗര്‍ഭാവസ്ഥയില്‍ പ്രമേഹമുള്ളവര്‍ക്കായി പ്രത്യേക ഭക്ഷണക്രമം ശീലമാക്കേണ്ടതുണ്ടോ
സാധാരണ പ്രമേഹ രോഗി അനുവര്‍ത്തിക്കുന്നത് പോലെ തന്നെയുള്ള ഡയറ്റാണ് ജസ്റ്റേഷണല്‍ പ്രമേഹമുള്ളവരും പാലിക്കേണ്ടത്. അവര്‍ക്ക് മധുരമുള്ള ഭക്ഷണം വല്ലപ്പോഴും കഴിക്കുന്നതില്‍ തെറ്റില്ല. ചില ആളുകള്‍ പഴവര്‍ഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നവര്‍ ഉണ്ട്.
എന്നാല്‍ ക്രേവിംഗ്‌സ് ഉള്ളവര്‍ക്ക് മധുരം നല്‍കാന്‍ സാധിക്കാത്തത് കൊണ്ടുതന്നെ ചില പഴവര്‍ഗങ്ങള്‍ നിര്‍ദേശിക്കാറുണ്ട്. ഓറഞ്ച്, മാതളം എന്നിവ കുറച്ച് കൂടി മധുരം തോന്നുന്ന പഴങ്ങളാണ്. ഇത്തരം പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ പറയും. അതും ഭക്ഷണത്തോടൊപ്പം കഴിക്കാതെ മറ്റു സമയത്ത് കഴിക്കാനാണ് നിര്‍ദേശിക്കുന്നത്. അതിലൂടെ പഞ്ചസാരയുടെ അളവ് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സഹായിക്കും. ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോള്‍ പ്രമേഹത്തിന്റെ അളവ് കൂടുന്നതായി കാണാം. അത്യാവശ്യം നിയന്ത്രണത്തിലാണെങ്കില്‍ അല്‍പം മധുരം കഴിക്കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ അത് ഓരോരുത്തര്‍ക്കും വ്യത്യാസമുണ്ട്.
പുതുതായി ഡയറ്റെടുക്കുന്നവര്‍ ശ്രദ്ധേിക്കേണ്ട കാര്യങ്ങള്‍
പൊതുവേ ഭാരം കുറയ്ക്കാനാണ് പലരും ഡയറ്റ് പാലിക്കുന്നത്. പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ വേണ്ടി അശാസ്ത്രീയമായ ഭക്ഷണ രീതിയും പാലിക്കുന്നവരുണ്ട്. അങ്ങനെയുള്ള ഭക്ഷണ രീതികള്‍ കഴിവതും ഒഴിവാക്കുക. അശാസ്ത്രീയ ഭക്ഷണ രീതിയിലൂടെ മറ്റ് അനുബന്ധ രോഗങ്ങളും വരുന്നു. മരണം വരെ സംഭവിക്കുന്ന വാര്‍ത്തകളും നാം കണ്ടുകഴിഞ്ഞു. ഒരിക്കലും അശാസ്ത്രീയമായ ഭക്ഷണ രീതി അനുവര്‍ത്തിക്കാന്‍ പാടില്ല.
ഒരു പ്രത്യേക ഭക്ഷണരീതിയിലേക്ക് മാറുന്നതിന് മുമ്പ് ഉറപ്പായിട്ടും ഡയറ്റീഷന്റെയും ഡോക്ടര്‍മാരുടെയും നിര്‍ദേശം തേടണം. ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാനാണ് എല്ലാവര്‍ക്കും ആഗ്രഹം. ഒരു 20 കിലോ പെട്ടെന്ന് കുറയുകയാണെങ്കില്‍ സന്തോഷം. ശരീരഭാരം കൂടുന്നത് പോലെതന്നെ കുറയ്ക്കുന്നതും പതുക്കെയായിരിക്കണം. എങ്കില്‍ മാത്രമേ നമുക്ക് അത് നിലനിര്‍ത്തിപ്പോകാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ ഭക്ഷണരീതിയും വ്യായാമവും നോക്കുകയാണെങ്കില്‍ ശരീരഭാരവും കുറയ്ക്കാം.