HEALTH

'പാദരോഗം മുതല്‍ കാന്‍സര്‍ വരെ'; അമിതവണ്ണവും കുടവയറും സൃഷ്ടിക്കുന്ന പ്രമേഹസങ്കീര്‍ണതകളും പ്രതിരോധ മാര്‍ഗങ്ങളും

പ്രമേഹത്തെ സംബന്ധിച്ച് രോഗലക്ഷണങ്ങളില്ലാതെതന്നെ ഏകദേശം എട്ട് വര്‍ഷത്തോളം ശരീരത്തില്‍ നിലനില്‍ക്കുകയും പതിയെ നമ്മുടെ പ്രധാന അവയവങ്ങളെ ബാധിക്കുകയും ചെയ്യും

രേഖ അഭിലാഷ്

ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം പത്തു കോടി പിന്നിട്ടിരിക്കുന്നു. പത്തു കോടിയിലധികം പേരാകട്ടെ പ്രീഡയബറ്റിസ് ഘട്ടത്തില്‍ പ്രമേഹത്തിന്റെ പടിവാതില്‍ക്കലുണ്ട്. രാജ്യത്തിന്‌റെ പ്രമേഹതലസ്ഥാനമെന്നറിയപ്പെടുന്ന കേരളത്തില്‍ മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് പ്രമേഹം എന്ന ആശങ്കപ്പെടുത്തുന്ന നിരക്കിലാണ്. 18% ത്തോളം മുതിര്‍ന്നവര്‍ പ്രീഡയബറ്റിസ് അവസ്ഥയിലും. പകുതിയോളം പേര്‍ രോഗമുണ്ട് എന്നുപോലും അറിയുന്നില്ല. എന്തുകൊണ്ടാണ് പ്രമേഹരോഗം ഇത്രയും കൂടുന്നത് ലക്ഷണങ്ങള്‍ മുന്‍കൂട്ടി മനസിലാകാത്തതാണോ രോഗം വഷളാക്കുന്നത്, പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തി ആരോഗ്യം സംരക്ഷിക്കാന്‍ എങ്ങനെ സാധിക്കും, ഒരു പ്രമേഹരോഗി അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ഇതെല്ലാം വിശദമാക്കുകയാണ് ലോക പ്രമേഹദിനത്തില്‍ പ്രമേഹരോഗവിദഗ്ധനായ ഡോ. ജ്യോതിദേവ് കേശവദേവ്.

ഒരു വ്യക്തിക്ക് പ്രമേഹം സ്ഥിരീകരിക്കുന്നത് എപ്പോഴാണ്?

ലാബ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രമേഹം നിര്‍ണയിക്കുന്നത്. രക്തത്തിലെ പഞ്ചസാര എപ്പോഴെങ്കിലും 200ഓ അതിലധികമോ വന്നിട്ടുണ്ടെങ്കില്‍ പ്രമേഹം ഉറപ്പിക്കാം. രകതത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരി(എച്ച്ബിഎവണ്‍സി)യും അടിസ്ഥാനമാക്കാം. എച്ച്ബിഎവണ്‍സി 5.6 വരെയാണ് നോര്‍മല്‍. 5.7 ആകുമ്പോള്‍ പ്രമേഹത്തിന്‌റെ പ്രാരംഭാവസ്ഥ(പ്രീഡയബറ്റിസ്)യാകും. 6.5 ആകുമ്പോള്‍ പ്രമേഹം ഉണ്ടെന്ന് ഏകദേശം ഉറപ്പിക്കാം. പക്ഷേ എല്ലാ ടെസ്റ്റുകള്‍ക്കും അതിന്‌റേതായ പരിമിതികളുണ്ട്. എച്ച്ബിഎവണ്‍സിയുടെ ഒരു പരിമിതി അത് ചില പ്രത്യേക ഡിവൈസുകളില്‍ ചെയ്യുകയാണെങ്കില്‍ മാത്രമേ കൃത്യമായ റിസല്‍ട്ട് കിട്ടുകയുള്ളു എന്നതാണ്.

വെറും വയറ്റില്‍ ഗ്ലൂക്കോസ് നോക്കുമ്പോള്‍ 100-ല്‍ കൂടാന്‍ തുടങ്ങിയാല്‍ പ്രമേഹ പ്രാരംഭാവസ്ഥയായി. 126 ആയാല്‍ പ്രമേഹം വന്നെത്തിയെന്ന് ഉറപ്പാക്കാം. ആഹാരത്തിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞു നോക്കുമ്പോള്‍ 140-ല്‍ കൂടുതലാണെങ്കില്‍ പ്രമേഹ പ്രാരംഭവാസ്ഥയായി. 200 ആണെങ്കില്‍ പ്രമേഹരോഗിയായി.

പ്രമേഹത്തെ സംബന്ധിച്ച് രോഗലക്ഷണങ്ങളില്ലാതെതന്നെ ഏകദേശം എട്ട് വര്‍ഷത്തോളം ശരീരത്തില്‍ നിലനില്‍ക്കുകയും പതിയെ നമ്മുടെ പ്രധാന അവയവങ്ങളെ ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കണ്ടെത്തുന്നുവോ അത്രയും അപകടസാധ്യത കുറഞ്ഞിരിക്കും. വൃക്കകള്‍, കണ്ണ്, ഹൃദയം, കരള്‍, നാഡീവ്യൂഹം, ലൈംഗികാവയങ്ങള്‍ തുടങ്ങിയവയിലെല്ലാം ഗുരുതരമായ വ്യത്യാസങ്ങള്‍ വരുത്താന്‍ പ്രമേഹത്തിനാകും. രോഗലക്ഷണങ്ങളൊന്നുമില്ലാതെ നേരത്തെതന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മഹാഭാഗ്യം.

പ്രീ ഡയബറ്റിസിലുള്ള ഒരാള്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ എത്ര കാലംകൊണ്ട് ഡയബറ്റിസിലേക്ക് എത്താം? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

പ്രീ ഡയബറ്റിസ് ഉള്ള ആള്‍ക്ക് പ്രമേഹത്തിലേക്കുള്ള ആ പ്രയാണത്തിന് ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ ആവശ്യമായി വരുന്ന സമയം കുറവാണ്, പ്രത്യേകിച്ച് ഇന്ത്യയില്‍. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രമേഹമായി മാറും. മറ്റു പല പ്രദേശങ്ങളിലും ഇത് 10 വര്‍ഷങ്ങളില്‍ കൂടുതലാണെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഒരാള്‍ക്ക് പ്രീഡയബറ്റിസ് കണ്ടെത്തിക്കഴിഞ്ഞാല്‍ വേണ്ട നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരറിയാതെ അത് ഡയബറ്റിസിലേക്കു വരും.

ഒരു വ്യക്തിയില്‍ പ്രീഡയബറ്റിസ് കണ്ടാല്‍ അത് ഗോള്‍ഡന്‍ പീരീഡ് (സുവര്‍ണാവസരം) ആണെന്നു പറയും. കാരണം തുടര്‍ന്ന് ശരീരഭാരം കുറയ്ക്കുകയും ഭക്ഷണത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ഗ്ലൂക്കോസ് കൃത്യമായി നിരീക്ഷിക്കുകയും ജീവിതരീതി ക്രമീകരിക്കുകയുമൊക്കെ ചെയ്താല്‍ പ്രമേഹത്തിലേക്ക് എത്താതെ നിയന്ത്രിക്കാന്‍ സാധിക്കും.

പക്ഷേ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ഇന്നത്തെ അവസ്ഥയില്‍ എല്ലാവരും ടൈംബൗണ്ട് ജോലിയിലാണ്. പ്രത്യേകിച്ചും പ്രീഡയബറ്റിസ് ബാധിക്കാന്‍ സാധ്യതയുള്ള ചെറുപ്പക്കാര്‍. ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. പ്രമേഹ പ്രാരംഭാവസ്ഥ കണ്ടെത്തി ശേഷം നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞു നോക്കുമ്പോള്‍ എച്ച്ബിഎവണ്‍സി എട്ടോ ഒന്‍പതോ ഒക്കെ ആയിരിക്കും. പ്രീ ഡയബറ്റിസ് കണ്ടെത്തിക്കഴിഞ്ഞാല്‍ എല്ലാ ദിവസവും നിര്‍ദേശിക്കുന്ന വ്യായാമങ്ങള്‍, കൃത്യസമയത്തുള്ള ഭക്ഷണം(അളവിനെക്കാള്‍ പ്രധാനമാണ് കഴിക്കുന്ന സമയം) ലാബ് വാല്യൂസ് അനുസരിച്ച് എങ്ങനെയാണ് ഫുഡ് ക്രമീകരിക്കേണ്ടതെന്ന് ഡയറ്റീഷനോടു ചോദിച്ച് വേണ്ട മാറ്റം വരുത്തുക, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ അപകടഘടകം ഉണ്ടെങ്കില്‍ അവ ക്രമീകരിക്കുക തുടങ്ങിയവ ചെയ്താല്‍ പ്രമേഹരോഗി ആകാതെ നില്‍ക്കാന്‍ സാധിക്കും. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ലാബ് പരിശോധനയുടെ ബ്രാക്കറ്റില്‍ കാണുന്ന നോര്‍മല്‍ അല്ല വേണ്ടതെന്നതാണ്. ഓരോ അപകടസാധ്യത അനുസരിച്ച് നോര്‍മലിന്‌റെ സംഖ്യ മാറിക്കൊണ്ടിരിക്കും.

കുടവയറുള്ള ഒരു വ്യക്തി വ്യായാമം ചെയ്തിട്ടും വയര്‍ കുറയുന്നില്ലെങ്കില്‍ പ്രീഡയബറ്റിസില്‍ നിന്ന് ഡയബറ്റിസിലേക്കുള്ള പ്രയാണത്തിന്‌റെ വേഗത പെട്ടെന്നാകും. ഇതോടൊപ്പം കരളില്‍ കൊഴുപ്പ് അടിഞ്ഞ് ക്രോണിക് ലിവര്‍ ഡിസീസ് ഉണ്ടാകാതെ ശ്രദ്ധിക്കണം. സിറ്റിങ് ഈസ് ദ ന്യൂ സ്‌മോക്കിങ് എന്നാണ് പറയുന്നത്. 30 മിനിട്ടില്‍ കൂടുതല്‍ ഒരേ ഇരുപ്പ് ഇരിക്കരുത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിച്ചാല്‍ പ്രീ ഡയബറ്റിസ് പ്രമേഹത്തിലേക്കു പോകാതെയും പ്രീഡയബറ്റിസ് പോലും നോര്‍മലാക്കിക്കൊണ്ടുവരാനും സാധിക്കും.

പ്രമേഹത്തോട് അനുബന്ധിച്ചുണ്ടാകുന്ന മറ്റ് ഗുരുതര രോഗങ്ങളുടെ സാധ്യത എത്രത്തോളമാണ്?

പ്രമേഹത്തോട് അനുബന്ധിച്ച് മറ്റു ഗുരുതര രോഗങ്ങള്‍ വരുമെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ഒരാള്‍ക്ക് പ്രീഡയബറ്റിസ് വരുമ്പോഴേ ഹൃദ്രോഗം വരാനുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണ്. ഒരു ശതമാനം ശരാശരി ഗ്ലൂക്കോസ് കൂടിനില്‍ക്കുമ്പോള്‍ വൃക്കരോഗങ്ങള്‍, നാഡീവ്യൂഹരോഗങ്ങള്‍ റെറ്റിനോപ്പതി, ന്യൂറോപ്പതി, നെഫ്രോപ്പതി തുടങ്ങിയ രോഗങ്ങള്‍ ഓരോ അവയവങ്ങളില്‍ വരാനുള്ള സാധ്യത 37 ശതമാനം കൂടുതലാണ്. പക്ഷേ ഇപ്പോള്‍ ഇതിനെക്കാള്‍ ഗുരുതരമായി കാണുന്ന മറ്റൊന്ന് കാന്‍സറാണ്. അമിതശരീരഭാരമുള്ള ഒരാള്‍ക്ക് പ്രമേഹം കൂടിയുണ്ടെങ്കില്‍ കാന്‍സര്‍ സാധ്യത മൂന്നു മടങ്ങ് കൂടുതലാണ്. പാന്‍ക്രിയാറ്റിക് കാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തുടങ്ങി 25-ല്‍ അധികം അര്‍ബുദങ്ങളുമായി പ്രമേഹത്തിന് അടുത്തബന്ധമുണ്ട്, പ്രത്യേകിച്ചും അമിതവണ്ണക്കാരില്‍.

മരുന്നുകള്‍കൊണ്ടു മാത്രം പ്രമേഹം ചികിത്സിക്കാനുള്ള ശ്രമം ഒരിക്കലും ആരും നടത്തരുത്. മരുന്നുകള്‍ക്കു കൊടുക്കുന്ന അതേ പ്രാധാന്യം വ്യായാമത്തിനും ഡയറ്റിനും കൊടുക്കണം. ദിവസവും പ്രാവര്‍ത്തികമാക്കാനും ശ്രദ്ധിക്കണം. ചെയ്യാന്‍ സാധിക്കുന്ന വ്യായാമങ്ങള്‍ മാത്രം പരിശീലിക്കുക, അത് ജീവിതകാലം മുഴുവന്‍ ചെയ്യാനും ശ്രമിക്കുക.

പ്രമേഹത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ നിരവധിയാണ് ഇത് ചികിത്സയെ എത്ത്രതോളം ബാധിക്കുന്നുണ്ട്?

പ്രമേഹത്തില്‍ തെറ്റിദ്ധാരണകള്‍ കൂടുതലാണ്. പ്രമേഹത്തിന് നല്ല ഔഷധങ്ങള്‍ കഴിച്ചുകൊണ്ടിരിക്കുന്ന ആളുകളില്‍ ഒരു 40 ശതമാനത്തിലധികം പേരും അശാസ്ത്രീയമായ മരുന്നുകള്‍കൂടി ഉപയോഗിക്കുന്നുണ്ടെന്നാണ് ഒരു സര്‍വേയില്‍ മനസിലായത്. അതായത് ഗവേഷണങ്ങള്‍ നടത്താത്ത, ക്ലിനിക്കല്‍ ട്രയലുകള്‍ ഇല്ലാത്ത ചികിത്സാരീതികള്‍ പലരും പിന്തുടരുന്നുണ്ടെന്ന് സാരം. ഇത്തരം ചികിത്സാരീതികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതാണ് ഇവരുടെ ധാരണ. ഒരു മരുന്നിന് എഫക്ടുണ്ടോ ആ മരുന്നിന് പാര്‍ശ്വഫലവുമുണ്ട് എന്നതാണ് ഗോള്‍ഡന്‍ റൂള്‍. പക്ഷേ സൈഡ് ഇഫക്ട് അറിയാമെങ്കില്‍ അതറിഞ്ഞുകൊണ്ടുള്ള വിധത്തിലായിരിക്കും ഡോസ് ക്രമീകരിക്കുക. ഓരോ പ്രായക്കാര്‍ക്ക് എത്ര വേണം, ക്രിയാറ്റിന്‍ അളവ്, കരളിന്‌റെ അവസ്ഥ ഇതെല്ലാം അനുസരിച്ച് വേണ്ട രീതിയില്‍ മരുന്നുകളില്‍ മാറ്റം വരുത്താനുമാകും.

തെറ്റിദ്ധാരണ കൂടുതലുള്ളതുകൊണ്ടാണ് അബദ്ധങ്ങള്‍ ഒരുപാട് സംഭവിക്കുന്നത്. മരുന്നുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലാണെങ്കിലും, ചില രോഗികള്‍ ചോദിക്കും, എന്നാല്‍ സ്വന്തമായി തീരുമാനിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നവരും കുറവല്ല. ചികിത്സയില്‍ കൂടുതല്‍ സമയവും രോഗികള്‍ക്ക് ആരോഗ്യവിദ്യാഭ്യാസം നല്‍കുന്നതിനായാണ് ചിലവഴിക്കേണ്ടി വരുന്നത്. ആരോഗ്യവിദ്യാഭ്യാസത്തില്‍ മരുന്നുകളെക്കുറിച്ച് വിശദമായി പറഞ്ഞില്ലെങ്കില്‍ അവിടെയും അബദ്ധം സംഭവിക്കും.

40 വര്‍ഷം മുന്‍പ് പ്രമേഹ ചികിത്സയ്ക്ക് രണ്ട് മരുന്നേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 50-ല്‍ അധികം മരുന്നുകളുണ്ട്. ഓരോ ആള്‍ക്കാരുടെയും പ്രത്യേകതകള്‍ മാനിച്ച് ഇത് തിരിച്ചറിഞ്ഞ ശേഷമാണ് മരുന്ന് തീരുമാനിക്കുന്നത്. സ്വയംചികിത്സയും അശാസ്ത്രീയമായ മരുന്നും തെറ്റിദ്ധാരണ ചികിത്സയും നമ്മുടെ ജീവിതത്തില്‍ പ്രയോഗിക്കരുത്. നമ്മുടെ ശരീരം പരീക്ഷണവസ്തു ആക്കരുത്. പ്രമേഹം വളരെ സങ്കീര്‍ണമായ ഒരു രോഗമാണ്. ശരിയായ നിര്‍ദേശം എവിടെനിന്നു കിട്ടുന്നുവോ അത് മനസിലാക്കി പ്രയോഗിക്കുക.

പ്രമേഹം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ രക്തപരിശോധന എത്ര ഇടവേളയില്‍ ആവര്‍ത്തിക്കണം?

പ്രമേഹം ഒരാള്‍ക്കു കണ്ടുപിടിച്ചാല്‍ ലാബ് ടെസ്റ്റ് മൂന്നു മാസം കഴിഞ്ഞ് ആവര്‍ത്തിച്ചാല്‍ മതി. പക്ഷേ ബ്ലഡ് ഗ്ലൂക്കോസ് നോക്കുന്നത് ആ വ്യക്തിയുടെ പ്രായം, അടിസ്ഥാനപരമായുള്ള ഗ്ലൂക്കോസ് അളവ് എത്രയാണ് എന്നതിനെ ആശ്രയിച്ച് തുടര്‍ച്ചയായി നോക്കേണ്ടി വരും. ഗ്ലൂക്കോമീറ്റര്‍ വഴിയോ സിജിഎം(കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റര്‍) വഴിയോ പരിശോധിക്കാം. ബ്ലഡ് ഗ്ലൂക്കോസിന്‌റെ പ്രത്യേകത അത് ഓടുന്ന ഒരു വാഹനം പോലെയാണ്. ഇതു തിരിച്ചറിഞ്ഞാണ് മരുന്നുകളുടെ ഡോസ് തീരുമാനിക്കുന്നത്. ചിലപ്പോള്‍ ആദ്യത്തെ ഓന്നോ രണ്ടോ മാസങ്ങള്‍കൊണ്ട് ഇത് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. പക്ഷേ വീണ്ടും ഒരു മൂന്നുമാസം കഴിയുമ്പോള്‍ വ്യത്യാസം വരാം.

ഗ്ലൂക്കോസ് നോക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായുള്ള നിര്‍ദേശം എച്ച്ബിഎവണ്‍സിയും ഗ്ലൂക്കോമീറ്ററിലെ വാല്യൂസും ഒന്നും കൂടാതെ കണ്ടിന്യുവസ് ആയി ഗ്ലൂക്കോസ് മോണിറ്റര്‍ ചെയ്യണം എന്നതാണ്. എപ്പോഴും ചെയ്യാന്‍ പറ്റിയില്ലെങ്കിലും വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും നിരീക്ഷിക്കണം. ഏതു ഭക്ഷണം കഴിക്കുമ്പോഴാണ് ഗ്ലൂക്കോസ് ക്രമാതീതമായി കൂടുന്നത്, അല്ലെങ്കില്‍ കുറയുന്നത് എന്നൊക്കെ മനസിലാക്കാന്‍ ഇത് സഹായിക്കും. പ്രമേഹം ആരംഭത്തില്‍ കണ്ടെത്തിയാലും കുറേ വര്‍ഷം കഴിഞ്ഞ് കണ്ടെത്തിയാലും വിജയസാധ്യത സ്വയം നിരീക്ഷണത്തെ അടിസ്ഥാനമാക്കിയാണ്.

പ്രമേഹരോഗികളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്‌റെ ആവശ്യകത എത്രത്തോളമുണ്ട്?

പ്രമേഹചികിത്സയില്‍ മാനസികാരോഗ്യം ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. പ്രമേഹം ഒരു മാനസികരോഗമാണെന്നു ചിലപ്പോള്‍ തോന്നാറുണ്ട്. കാരണം അത്രയ്ക്കും പ്രാധാന്യം അതിനു കൊടുക്കേണ്ടതുണ്ട്. ഒരാള്‍ക്ക് പ്രമേഹം കണ്ടെത്തി എന്നറിയുമ്പോള്‍തന്നെ അതൊരു ഷോക്കിനു കാരണമാകും. തുടക്കത്തില്‍തന്നെ ചിലപ്പോള്‍ ഇന്‍സുലിന്‍ വേണ്ടിവന്നേക്കാം, ചിലര്‍ക്ക് അഞ്ചോ ആറോ മാസം എടുത്തു കഴിയുമ്പോള്‍ പ്രമേഹംതന്നെ ഇല്ലാതായെന്നും വരും, കഴിക്കേണ്ടി വരുന്ന മരുന്നുകള്‍, ഇന്‍ജക്ഷന്‍ ഭയം, മരുന്നു വാങ്ങാനുള്ള ചെലവ,് രോഗിയായതിന്‌റെ വിഷമം ഇതിന്‌റയെല്ലാം ആഘാതം ബാധിക്കുന്നത് മനസിനെയാണ്. കൂടുതല്‍ സമയം ചിലവഴിച്ച് കൗണ്‍സില്‍ ചെയ്ത് സമാധാനിപ്പിച്ച് ഇത് സൂചിയല്ല ഫിലമെന്‌റാണ്, വേദനയില്ലെന്നൊക്കെ മനസിലാക്കിക്കൊടുത്ത് രോഗിയുടെ ആശങ്ക അകറ്റേണ്ടി വരാം.

വിഷാദം പോലെയുള്ള സങ്കീര്‍ണതകള്‍ വന്നാല്‍ പ്രശ്‌നം വീണ്ടും രൂക്ഷമാകും. പ്രമേഹരോഗിയില്‍ സെക്ഷ്വല്‍ ഫങ്ഷന്‍ നേരത്തെതന്നെ നഷ്ടമാകാം. പ്രമേഹം വന്നെത്തുന്നത് 25 വയസിലാകും, ടൈപ്പ് വണ്‍ വരുന്നത് 10 വയസിലായിരിക്കും. നന്നായി ചികിത്സിക്കാന്‍ കഴിയാതെ വരുമ്പോള്‍ 10 വര്‍ഷമാകുമ്പോള്‍തന്നെ സെക്ഷ്വല്‍ ഫങ്ഷനില്‍ വ്യത്യാസം വരും. ഇത് ഗുരുതരമായ മാനസിക ആഘാതത്തിനു കാരണമാകും. പ്രമേഹരോഗ ചികിത്സയില്‍ രോഗികള്‍ക്ക് ആരോഗ്യവിദ്യാഭ്യാസം കൊടുക്കുമ്പോള്‍ 30 ശതമാനവും ചിലവഴിക്കുന്നത് മാനസികമായി അവര്‍ക്കുണ്ടാകുന്ന ആശങ്കകള്‍ക്ക് കൂടിയുള്ള മറുപടി കൊടുത്തുകൊണ്ടാണ്.

പ്രമേഹ ചികിത്സയില്‍ ഇന്‍സുലിന്‍ നിര്‍ണായകമാണ്. പക്ഷേ ഇന്‍സുലിനെ ഭയക്കുന്ന രോഗികള്‍ ഇപ്പോഴുമില്ലേ?

രണ്ടു വശവും മൂര്‍ച്ചയുള്ള കത്തി പോലെയാണ് ഇന്‍സുലിന്‍. കൃത്യമായിട്ടുള്ള അളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഗ്ലൂക്കോസ് കുറഞ്ഞുപോകും. പെട്ടെന്ന് മരണം വരെ സംഭവിക്കാം. അത് ഭയന്ന് ഗ്ലൂക്കോസ് അല്‍പം കൂടിനില്‍ക്കട്ടെ എന്നു കരുതുന്നവരുണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ ഇന്‍സുലിന്‍ എടുത്തുകഴിഞ്ഞാലും പ്രമേഹം നിയന്ത്രണവിധേയമാകില്ല. പ്രമേഹരോഗികളുടെ ജീവിതമാണ് ഇന്‍സുലിന്‍. ഇന്‍സുലിന്‍ കണ്ടെത്തുന്നതിനു മുന്‍പ് ഇന്‍സുലിന്‍ ആവശ്യമായുള്ള പ്രമേഹരോഗികള്‍ മരണമടയുകയാണ് ചെയ്തത്. കാരണം മറ്റൊരു പ്രതിവിധി ഇല്ലായിരുന്നു.

ഇപ്പോഴും പല രോഗികള്‍ക്കും ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ ആയതുകൊണ്ട് ഭയമാണ്. പല ഗുളികകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍സുലിന്‍ വളരെ സുരക്ഷിതമാണ്. ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്നവ, പെട്ടെന്നു പ്രവര്‍ത്തിക്കുന്നവ ഇങ്ങനെ പല രൂപഭാവങ്ങളില്‍ ഇന്‍സുലിന്‍ ഇപ്പോള്‍ ലഭ്യമാണ്. പഴയ ഇന്‍സുലിനെയൊക്കെ അപേക്ഷിച്ച് പെട്ടെന്ന് ഗ്ലൂക്കോസ് താഴ്ന്നുപോയി മരണം സംഭവിക്കാനുള്ള സാധ്യത പുതിയ ഇന്‍സുലിനുകളില്‍ 40 മുതല്‍ 50 ശതമാനംവരെ കുറവാണ്.

നമ്മുടെ നാട്ടില്‍ എട്ടോ പത്തോ വര്‍ഷം വൈകിയാണ് ഇന്‍സുലിന്‍ ചികിത്സ തുടങ്ങുന്നത്. അതിനകംതന്നെ വൃക്കയിലും നാഡീവ്യൂഹങ്ങളിലുമൊക്കെ രോഗങ്ങള്‍ വന്നുകഴിഞ്ഞിരിക്കും. ടൈപ്പ് 1 ആയാലും ടൈപ്പ്2 ആയാലും ശരാശരി ഗ്ലൂക്കോസ് നോക്കിയാല്‍ ഇന്ത്യയില്‍ ടൈപ്പ് 2 രോഗികളുടെ ശരാശരി എച്ച്ബിഎവണ്‍സി ഒന്‍പതില്‍ കൂടുതലാണ് ടൈപ്പ് 1ന്‌റേത് 12-ല്‍ കൂടുതലും. അതുകൊണ്ടുതന്നെ വ്യക്തിപരമായി സംരക്ഷണം കൊടുത്താല്‍ മാത്രമേ ചികിത്സ വിജയിപ്പിക്കാന്‍ സാധിക്കൂ. വേദനയോ മറ്റു രോഗലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ പ്രമേഹത്തിന് നമ്മളെ കളിപ്പിക്കാനാകും. സാമാന്യബുദ്ധി ഉപയോഗിച്ച് ഇത് തിരിച്ചറിയാനും വിദഗ്ധ നിര്‍ദേശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രയോഗിക്കാനും ഒട്ടും വൈകാതെ നമുക്ക് സാധിക്കണം.

ചെറുപ്പക്കാരിലെ പ്രമേഹം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇത് ഏതെല്ലാം രീതിയില്‍ ബാധിക്കാം?

ചെറുപ്പക്കാര്‍ എന്നു പറയുമ്പോള്‍ 20 തൊട്ട് പ്രായമുള്ളവരില്‍ പ്രമേഹം കാണാം. 30 വയസുകാരില്‍ ഇപ്പോള്‍ പ്രമേഹം വളരെ കൂടുതലാണ്. ഇതില്‍ 90 ശതമാനം ആള്‍ക്കാര്‍ക്കും നമ്മള്‍ എത്രയൊക്കെ പറഞ്ഞുകൊടുത്താലും വേണ്ടവിധത്തില്‍ ചികിത്സിക്കാന്‍ സാധിക്കില്ല. ചെറുപ്പക്കാരാകട്ടെ ആ നിമിഷത്തില്‍ ജീവിച്ചുപോകുന്നവരാണ്. കോവിഡ് കൂടി വന്നതോടെ ഇനി എന്തെങ്കിലും ഉടനേ വരുമോ പെട്ടെന്നു മരിച്ചു പോകുമോ, അങ്ങ് ജീവിക്കാം, ഇഷ്ടമുള്ളതൊക്കെ കഴിക്കാം എന്ന മട്ടില്‍ പോകുകയാണ്. ഇത് പാടില്ല. നമ്മുടെ പ്രൊഡക്ടിവിറ്റി ഒരുപാട് കുറയുകയാണ്. നന്നായി പഠിച്ച് പ്രയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ മാനസികാരോഗ്യവും ജോലിസ്ഥലത്തെ പ്രൊഡക്ടിവിറ്റിയുമൊക്കെ നഷ്ടമാക്കാന്‍ പ്രമേഹത്തിനു സാധിക്കും. അതുകൊണ്ട് ഏതു പ്രായത്തില്‍ പ്രമേഹം കണ്ടുപിടിച്ചാലും അത് നന്നായി തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ സാധിക്കണം. പ്രമേഹം ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്ന ഒരു രോഗമാണ്.

അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ആയുര്‍ദൈര്‍ഘ്യം കുറയുന്നത്. ഹൃദയം, വൃക്ക, കരള്‍, ന്യൂറോപ്പതി, എച്ചബിഎവണ്‍സി, രക്തസമ്മര്‍ദം, ആല്‍ബുമിന്‍- ക്രിയാറ്റിന്‍ റേഷ്യോ, തൈറോയ്ഡ്, വിറ്റാമിന്‍ ഡി, കുറേ വാക്‌സിനുകള്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ പ്രമേഹചികിത്സയുമായി ബന്ധപ്പെട്ട്് ശ്രദ്ധിക്കേണ്ടി വരും. ഇതെല്ലാം മനസിലാക്കി ശരിയും തെറ്റും തിരിച്ചറിഞ്ഞ് ചികിത്സ സ്വീകരിക്കാന്‍ ചെറുപ്പക്കാര്‍ക്ക് സാധിക്കണം.

പലപ്പോഴും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്ന ഒന്നാണ് വാര്‍ധക്യത്തിലെ പ്രമേഹം. ഇവരെ സഹായിക്കാന്‍ എന്തൊക്കെ ചെയ്യാനാകും

60 വയസ് കഴിഞ്ഞ ആള്‍ക്കാരെ നോക്കുകയാണെങ്കില്‍ പലരും ഒറ്റയ്ക്കാണ് ആശുപത്രിയില്‍ എത്തുന്നത്. അഥവാ ഭാര്യയും ഭര്‍ത്താവുമാണെങ്കില്‍പ്പോലും കഴിക്കുന്ന മരുന്നുകളെക്കുറിച്ചൊന്നും പരസ്പരം അറിയണമെന്നുമില്ല. ഏതു പ്രായമാണെങ്കിലും ഒറ്റയ്ക്കു വരരുത്, ഉത്തരവാദപ്പെട്ട മക്കളോ ബന്ധുക്കളോ ഇടയ്‌ക്കെങ്കിലും രോഗിയുടെ കൂടെ ആശുപത്രിയില്‍ എത്തണം. കേരളത്തിലെ ജെറിയാട്രിക്‌സ് പോപ്പുലേഷനില്‍ ഇതൊരു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മക്കളുണ്ടാകും അവര്‍ വിദേശത്താകും, സ്വദേശത്താണെങ്കില്‍ ചിലപ്പോള്‍ ജോലിത്തിരക്കാകും. പക്ഷേ ഇവര്‍ക്ക് പെട്ടെന്ന് ഒരപകടം സംഭവിച്ചാല്‍ മക്കള്‍ ഓടിയെത്തും. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അച്ഛനോടോ അമ്മയോടോ ഒപ്പം അടുപ്പമുള്ളവര്‍ എത്തണം.

വാര്‍ധക്യം എന്ന സ്റ്റേജിലേക്ക് എത്തുന്നതിനു മുന്നേതന്നെ വ്യായാമം ജീവിതത്തിന്‌റെ ഒരു ഭാഗമാക്കണം. പ്രായമാകുമ്പോള്‍ ആക്ടീവായി ഇരിക്കാന്‍ ശാരീരികമായും മാനസികമായും ആക്ടീവായിരിക്കണം. വായന, സുഹൃത്തുക്കള്‍, സമ്മേളനങ്ങള്‍, നടത്തം, വ്യായാമം എന്നിവയൊക്കെ കൂടെക്കൂട്ടാം. കഴിക്കുന്ന മരുന്നുകളും ആരോഗ്യസ്ഥിതിയുമെല്ലാം മക്കളോടോ വേണ്ടപ്പെട്ടവരോടോ ചര്‍ച്ച ചെയ്യണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ചികിത്സകളും മരുന്നുകളും കൃത്യതയോടെ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതു സ്വയം പരിഹരിക്കാന്‍ നില്‍ക്കാതെ വിദഗ്ധരോട് ചോദിച്ച് മനസിലാക്കണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ