മികച്ച പ്രോബയോട്ടിക് ഭക്ഷണമായ തൈര് കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാലും സമ്പന്നമാണ്. പൊതുവേ എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണ് തൈര്. എന്നാല്‍ കൊളസ്‌ട്രോള്‍ അളവ് കൂടിയവര്‍ക്ക് തൈര് കഴിക്കാമോ? സാധാരണ ഉയരാറുള്ള ഒരു സംശയമാണിത്. ആഗോളതലത്തില്‍ ഹൃദ്രോഗം മരണത്തിന്‌റെ പ്രധാന കാരണമായിരിക്കെ അതിലേക്കു നയിക്കുന്നതില്‍ ഒന്നായ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ടുതന്നെ തൈര് കൊളസ്‌ട്രോളിനെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.
ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന കൊഴുപ്പ് രൂപത്തിലുള്ള പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. വിറ്റാമിന്‍ ഡി, ബൈല്‍ ആസിഡ് എന്നിവയുടെ ഉല്‍പ്പാദനത്തിന് കൊളസ്‌ട്രോള്‍ ആവശ്യമാണെങ്കിലും ഇതിന്‌റെ അളവ് കൂടുന്നത് ശരീരത്തിന് ഏറെ ദോഷമാണ്. ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍(എല്‍ഡിഎല്‍), ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍(എച്ച്ഡിഎല്‍) എന്നീ രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളുകളില്‍ ഇവ യഥാക്രമം ചീത്ത കൊളസ്‌ട്രോള്‍, നല്ല കൊളസ്‌ട്രോള്‍ എന്നിങ്ങനെ അറിയപ്പെടുന്നു. എല്‍ഡിഎല്ലിന്‌റെ അളവ് കൂടുന്നത് ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത് ഹൃദ്രാഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നേരേമറിച്ച് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ രക്തത്തില്‍നിന്ന് ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.
പാലില്‍ പ്രത്യേക ബാക്ടീരിയല്‍ കള്‍ച്ചര്‍ ചെയ്തുണ്ടാക്കുന്ന പുളിപ്പിച്ച പാലുല്‍പ്പന്നമാണ് തൈര്. ഇത് പാലിലെ ലാക്ടോസ് പുളിപ്പിച്ച് ലാക്ടിക് ആസിഡ് ഉണ്ടാക്കുന്നു. ലാക്ടിക് ആസിഡാണ് തൈരിന് രുചിയും കട്ടിയുള്ള ഘടനയും നല്‍കുന്നത്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍, പ്രോബയോട്ടിക്‌സ് എന്നിവയുള്ള തൈര് കുടലിന്‌റെ ആരോഗ്യത്തിന് സഹായിക്കുന്ന ഗുണകരമായ ബാക്ടീരിയകളുള്ളവയാണ്. തൈര് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാലിന് അനുസരിച്ച് ഗുണങ്ങളിലും വ്യത്യാസമുണ്ടാകുന്നു. പൂരിതകൊഴുപ്പ് അടങ്ങിയ തൈര് കൂടിയ എല്‍ഡിഎല്‍ കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൊളസ്‌ട്രോളും തൈരും പല പഠനങ്ങളിലും വിഷയമായിട്ടുണ്ടെങ്കിലും സമ്മിശ്രഫലങ്ങളാണ് ഇവയെല്ലാം നല്‍കുന്നത്. കൊഴുപ്പ് കുറഞ്ഞ തൈര് കൊളസ്‌ട്രോളിന്‌റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുമ്പോള്‍ കൊഴുപ്പുള്ള തൈര് കൊളസ്‌ട്രോള്‍ അളവില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നും ചെറിയ വ്യത്യാസം മാത്രവേ വരുത്തുന്നുള്ളുവെന്നുമൊക്കെ പഠനങ്ങള്‍ പറയുന്നു.
തൈര് കൊളസ്‌ട്രോളിന് ഗുണകരമാണെന്ന് കരുതുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഇതിലുള്ള പ്രോബയോട്ടിക് കണ്ടന്‌റാണ്. ദഹനേന്ദ്രിയ വ്യവസ്ഥയ്ക്കു ഗുണകരമായ ലൈവ് ബാക്ടീരിയകളാല്‍ സമ്പന്നമാണ് പ്രോബയോട്ടിക്കുകള്‍. തൈരിലുള്ള പ്രോബയോട്ടിക്കുകള്‍ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു.
2012-ല്‍ ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ദിവസവും പ്രോബയോട്ടിക് തൈര് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ നാല് മുതല്‍ അഞ്ച് ശതമാനം വരെ കുറയ്ക്കുമെന്നാണ്. തൈരിലെ പ്രോബയോട്ടിക്‌സ് കുടലിലെ കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും രക്തത്തിലെ കൊളസ്‌ട്രോളിന്‌റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു. ന്യൂട്രീഷന്‍, മെറ്റബോളിസം ആന്‍ഡ് കാര്‍ഡിയവോസ്‌കുലാര്‍ ഡിസീസസില്‍ 2013-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് സാധാരണ തൈര് കഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രോബയോട്ടിക് തൈര് കഴിക്കുന്നവരില്‍ ടോട്ടല്‍ കോളസ്‌ട്രോള്‍, എല്‍ഡിഎല്‍ എന്നിവയില്‍ കാര്യമായ വ്യത്യാസം ഉണ്ടായി എന്നാണ്.
ഏത് തരത്തിലുള്ള തൈര് ഉപയോഗിക്കുന്നുവെന്നത് കൊളസ്‌ട്രോള്‍ അളവിനെ സ്വാധീനിക്കുന്നുണ്ട്. പൂര്‍ണമായി കൊഴുപ്പ് അടങ്ങിയ തൈരില്‍ പൂരിതകൊഴുപ്പാണുള്ളത്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു. സമീപകാലത്തുണ്ടായ ഗവേഷണങ്ങള്‍ ഈ നിരീക്ഷണത്തെ വെല്ലുവിളിക്കുന്നുണ്ട്.
2016-ല്‍ ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം തൈര് ഉള്‍പ്പെടെയുള്ള കൊഴുപ്പ് പൂര്‍ണമായി അടങ്ങിയ പലുല്‍പ്പന്നങ്ങള്‍ക്ക് ഹൃദ്രോഗസാധ്യതയുമായി ബന്ധമില്ലെന്ന് കണ്ടെത്തി. കാല്‍സ്യം, പ്രോട്ടീന്‍, ചില ഫാറ്റി ആസിഡുകള്‍ തുടങ്ങിയ ഫുള്‍ ഫാറ്റ് ഡയറിയിലെ മറ്റ് ഘടകങ്ങള്‍ പൂരിത കൊഴുപ്പിന്‌റെ പ്രതികൂല ഫലങ്ങളെ പ്രതിരോധിക്കുമെന്ന് പഠനം പറയുന്നു. കൂടാതെ ഫുള്‍ ഫാറ്റ് ഡയറിയുടെ ഉപഭോഗം ഹൃദയസംബന്ധമായ അസുഖങ്ങളുടെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളയില്‍ 2017-ല്‍ പ്രസിദ്ധീകരിച്ച മെറ്റ അനാലിസിസ് പറയുന്നു.
നല്ല കൊളസ്‌ട്രോള്‍ അളവ് തൈര് കൂട്ടുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. തൈര് ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിരമായി തൈര് കഴിക്കുന്നവരില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്‌റെ അളവ് കൂടുതലാണെന്ന് ദ ജേണല്‍ ഓഫ് ഡയറി സയന്‍സില്‍ 2013-ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
കൊളസ്‌ട്രോള്‍ അളവ് കൂടിയവര്‍ തൈര് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
1. കൊഴുപ്പ് കുറഞ്ഞതോ തീരെ കൊഴുപ്പ് ഇല്ലാത്തതോയ ആയ തൈര് തിരഞ്ഞെടുക്കുക.
2. പ്രോബയോട്ടിക് ഗുണങ്ങള്‍ ലഭിക്കുന്ന തൈര് ഉപയോഗിക്കണം
3. മധുരം ചേര്‍ത്തവ ഒഴിവാക്കണം. ഇ ശരീരഭാരം കൂട്ടുകയും കൊളസ്‌ട്രോളിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും
4. ഗ്രീക്ക് കര്‍ഡ് ഉപയോഗിക്കാം
5. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവയടങ്ങിയ സന്തുലിത ഭക്ഷണക്രമക്രമത്തില്‍ തൈരും ചേര്‍ക്കാം
കൊളസ്‌ട്രോള്‍ അളവ് കൂടുതലാണെങ്കിലും ഭക്ഷണക്രമത്തില്‍ ചേര്‍ക്കാവുന്ന ഒന്നാണ് തൈര്. കൊഴുപ്പ് കുറഞ്ഞതോ ഇല്ലാത്തതോ ആയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നവരില്‍ തൈര് കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. ഏറ്റവും പ്രധാനം ഏതു തരത്തിലുള്ള തൈരാണ് തിരഞ്ഞെടുക്കുന്നത് എന്നതാണ്.