പലര്‍ക്കും ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കാപ്പി. ഒരു ദിവസം തുടങ്ങണമെങ്കില്‍ കാപ്പി നിര്‍ബന്ധമുള്ളവരും ഒന്നില്‍ കൂടുതല്‍ കാപ്പി കുടി ശീലമുളളവരും നിരവധിയാണ്. എന്നാല്‍ കാപ്പി കൂടുതല്‍ കുടിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുമോ എന്ന ആശങ്കയും സംശയങ്ങളും നിരവധി പേര്‍ക്ക് ഉണ്ട്. നമ്മുടെ ജീവിത ശൈലിയും ഭക്ഷണക്രമങ്ങളും ഉറക്ക രീതികളുമെല്ലാം ആരോഗ്യത്തെ ബാധിക്കും. കാപ്പിയുടെ അമിത ഉപയോഗം കൊളസ്‌ട്രോള്‍ വരുന്നതിന് കാരണമാകുമോ ?
കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിന് നേരിട്ട് കാരണമാകുന്നില്ല. എന്നാല്‍ ഇത് പല രീതിയിലും ശരീരത്തെ ബാധിക്കുകയും അത് കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്
അതായത് കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ സമ്മര്‍ദത്തിന് ഇടയാക്കും. ഇത് ശരീരത്തില്‍ കോര്‍ട്ടിസോളിന്റെയും കൊളസ്‌ട്രോളിന്റെയും അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഒപ്പം ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വഴി ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും മോശം കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഫില്‍ട്ടര്‍ ചെയ്യാത്ത കോഫിയും ഫ്രഞ്ച് പ്രസ് കോഫിയും കൊളസ്‌ട്രോള്‍ കൂട്ടാന്‍ കാരണമാകും
യഥാര്‍ത്ഥത്തില്‍ കൊളസ്‌ട്രോളിന് കാരണമാകുന്നത് കാപ്പിക്കുരുവിലെ കഫീന്‍ അല്ല. മറിച്ച് അതില്‍ സ്വാഭാവികമായി കാണപ്പെടുന്ന കഫെസ്റ്റോളും കഹ്‌വോളുമെന്ന എണ്ണകളാണ്. ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ അടക്കം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന രാസവസ്തു ഇതില്‍ അടങ്ങിയിട്ടുണ്ട്. അതേസയം ഇന്‍സ്റ്റന്റ് കോഫിയും ഫില്‍ട്ടര്‍ കോഫിയും കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകുന്നില്ല. എന്നാല്‍ ഫില്‍ട്ടര്‍ ചെയ്യാത്ത കോഫിയും ഫ്രഞ്ച് പ്രസ് കോഫി കൊളസ്‌ട്രോള്‍ കൂട്ടുന്നതിന് കാരണമാവുകയും ചെയ്യും. മുംബൈ ഫാട്ടിയ ഹോസ്പിറ്റലിലെ ഡോ സമ്രാട്ട് ഷാ പറയുന്നു.
ഒരു ദിവസം അഞ്ച് കാപ്പിയെന്ന നിലയില്‍ ഒരു മാസം കുടിച്ചാല്‍ അത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് 6 മുതല്‍ 8 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ദിവസവും ഒന്നോ രണ്ടോ കാപ്പിയില്‍ ഒതുക്കണമെന്നും അമിതമായാല്‍ ദോഷം ചെയ്യുമെന്നും ഡോ. രോഹിണി പാട്ടീല്‍ കൂട്ടിച്ചേർക്കുന്നു