തിളങ്ങുന്ന ചർമം നേടാൻ, ശരീരഭാരം കുറയ്ക്കാൻ, ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് അങ്ങനെ വിവിധ ശാരീരിക പ്രശ്ങ്ങൾക്ക് വെണ്ടയ്ക്ക വെള്ളം പരിഹാരമാകുമെന്നാണ് പല ഇൻഫ്ലുൻസർമാരും സാമൂഹ്യ മാധ്യമങ്ങളിൽ അവകാശപ്പെടുന്നത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഈ വിഡിയോകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്. കൂടുതൽ പേർ വെണ്ടയ്ക്ക വെള്ളം പരീക്ഷിക്കുകയും ഫലം പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. യഥാർഥത്തിൽ വെണ്ടയ്ക്ക വെള്ളത്തിന് അങ്ങനെ ആരോഗ്യ ഗുണങ്ങൾ ഉണ്ടോ ?
വെണ്ടയ്ക്ക അരിഞ്ഞത് രാത്രി മുഴുവൻ വെള്ളത്തിൽ മുക്കി വെക്കുക. ഈ പത്രം അടച്ച് വെയ്ക്കണം. പിറ്റേന്ന് രാവിലെ ഇതിൽ നിന്ന് വെണ്ടയ്ക്ക അരിച്ചെടുത്ത് ആ പാനീയം കുടിക്കുക. അങ്ങനെയാണ് വെണ്ടയ്ക്ക വെള്ളം കുടിക്കേണ്ടത്. ധാരാളം ഗുണങ്ങളുള്ള ഒരു പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ് വെണ്ടയ്ക്ക എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ അതിന്റെ പോഷകഗുണങ്ങൾ പൂർണമായും ആഗിരണം ചെയ്യാൻ ഏറ്റവും നല്ല വഴി വെണ്ടയ്ക്ക വെള്ളം അല്ലെന്നാണ് ആരോഗ്യ വിദഗർ ചൂണ്ടിക്കാട്ടുന്നത്.
വിറ്റാമിൻ സി, കെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ടയ്ക്ക. കൊളസ്ട്രോൾ കുറയ്ക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്ന, ഫൈബറിന്റെ നല്ലൊരു ഉറവിടം കൂടിയാണ് വെണ്ടയ്ക്ക. ഇതിൽ ക്വെർസെറ്റിൻ, കാറ്റെച്ചിൻ, വിറ്റാമിൻ എ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ വലിയ സംഭാവന നൽകുന്നു. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ ഫൈബറും ഇതിൽ അടങ്ങിയിട്ടുണ്ട്.
വളരെ പോഷകഗുണങ്ങൾ ഉള്ളതിനാലാണ് വെണ്ടയ്ക്ക വെള്ളം ആരോഗ്യകരമായ പാനീയമായി കണക്കാക്കാമെന്ന് വിദഗ്ദര്‍ പറയുന്നത്. എന്നാൽ ചർമ സംരക്ഷണം മുതൽ കുടൽ സംരക്ഷണം വരെ സാധ്യമാക്കുന്ന ഒരു മാന്ത്രിക ചികിത്സയാണ് വെണ്ടയ്ക്ക എന്ന് കരുതി വഞ്ചിതരാവരുതെന്നും വിദഗ്ദർ പറയുന്നു.
“ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിച്ചേക്കാം, കാരണം വെണ്ടക്കയിലെ നാരുകൾ പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു- ന്യൂഡൽഹിയിലെ ധരംശില നാരായണ ഹോസ്പിറ്റലിലെ മുതിർന്ന ഡയറ്റീഷ്യൻ പായൽ ശർമ പറയുന്നു. നാരുകൾ ദഹനവ്യവസ്ഥയ്ക്കും നല്ലതാണ്, മാത്രമല്ല മലബന്ധം തടയാനും കഴിയും. എന്നിരുന്നാലും, അമിതമായ ഉപഭോഗം ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ദഹനപ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു തരം കാർബോഹൈഡ്രേറ്റായ ഫ്രക്ടാൻസ് വെണ്ടക്കയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ചിലരിൽ ഇതിന്റെ അമിതമായ ഉപഭോഗം ഗ്യാസ്, വയറുവീർക്കൽ അല്ലെങ്കിൽ വയറിളക്കം എന്നിവയ്ക്ക് കാരണമാകും," പായൽ ശർമ പറയുന്നു.
വെണ്ടയ്ക്ക വെള്ളത്തിന് ശരീരഭാരം കുറയ്ക്കാനുള്ള കഴിവില്ല. സമീകൃതാഹാരത്തിൻ്റെ ഭാഗമായി ശരീരഭാരം കുറയൽ പ്രക്രിയയെ സഹായിക്കാൻ വെണ്ടയ്ക്കക്ക് സാധിക്കും. വെണ്ടയ്ക്ക വെള്ളത്തിന് ചർമ സംരക്ഷണത്തിൽ സ്വാധീനം ചെലുത്താനാകുമെന്നതിൽ സത്യമുണ്ടെന്ന് ചില ആരോഗ്യവിദഗർ പറയുന്നു. വെണ്ടക്കയിലെ വിറ്റാമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും ആരോഗ്യമുള്ള ചർമം ഉണ്ടാകാൻ സഹായിക്കുന്നു. മുടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ വെണ്ടയ്ക്ക വെള്ളം ഒരു അത്ഭുത പരിഹാരമല്ല. ഇതിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് പ്രധാനമായും റെറ്റിനോൾ ആണ്. ഇത് ചർമത്തിന് വളരെ നല്ലതാണ്.
എന്നാൽ ഈ ഗുണങ്ങൾ എല്ലാം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്നതുകൊണ്ട് നിങ്ങൾക്ക് ലഭിക്കും. ബ്രൗൺ ഷുഗർ, വൈറ്റ് ഷുഗർ, സംസ്കരിച്ചതോ അല്ലാത്തതോ ആയ പഞ്ചസാര, ശർക്കര തുടങ്ങിയവ പൂർണമായും ഒഴിവാക്കിയാൽ ഈ ഗുണങ്ങൾ ചർമത്തിന് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ പ്രതിരോധവും നിയന്ത്രിക്കാൻ സഹായിക്കുന്ന വെണ്ടയ്ക്ക പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.
എന്നാൽ വെണ്ടയ്ക്ക പാചകം ചെയ്ത് കഴിക്കുന്നത്തിന്റെ ഫലം വെണ്ടയ്ക്ക വെള്ളം കുടിച്ചാൽ ലഭിക്കണമെന്നില്ല. പലരും വെണ്ടയ്ക്ക കഷ്ണങ്ങൾ ഉപേക്ഷിച്ച് വെള്ളം മാത്രമാണ് കുടിക്കുന്നത്. അതുവഴി സമ്പന്നമായ പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വെള്ളം കുടിക്കുന്നതിനേക്കാൾ കൂടുതൽ ആരോഗ്യഗുണങ്ങൾ വെണ്ടയ്ക്ക കഴിക്കുന്നത് നൽകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എല്ലാ ദിവസവും വെണ്ടയ്ക്ക വെള്ളം കുടിക്കുന്നതിനെ ആരോഗ്യവിദഗർ ഒരുപോലെ എതിർക്കുന്നു. ആഴ്ചയിൽ രണ്ടുതവണയായി ഇത് പരിമിതപ്പെടുത്തുക. മറ്റ് ദിവസങ്ങളിൽ, കറ്റാർ വാഴ, ആപ്പിൾ സിഡെർ വിനെഗർ അല്ലെങ്കിൽ നെല്ലിക്ക ജ്യൂസ് പോലുള്ള സുരക്ഷിതവും കൂടുതൽ നിലവാരമുള്ളതുമായ ബദലുകൾ തിരഞ്ഞെടുക്കുക.