HEALTH

ആര്‍ത്തവം ക്രമമാണോ? ശ്രദ്ധ അനിവാര്യം

അസാധാരണമായ ആര്‍ത്തവത്തിന്‍റെ കാരണങ്ങൾ അറിഞ്ഞിരിക്കണം

വെബ് ഡെസ്ക്

ക്രമം തെറ്റിയുള്ള ആര്‍ത്തവം പലപ്പോഴും സ്ത്രീകളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. കൂടുതല്‍ സ്ത്രീകളിലും ആര്‍ത്തവം 4 തൊട്ട് 7 ദിവസം വരെ നീണ്ടു നില്‍ക്കുന്നു. ആര്‍ത്തവ ചക്രം എന്നത് സാധാരണ 28 ദിവസമാണ്, എന്നാല്‍ 21 ദിവസം തൊട്ട് 35 ദിവസം വരെയുള്ള ആര്‍ത്തവ ചക്രം സ്വാഭാവികമാണ്.

എപ്പോഴാണ് ആര്‍ത്തവം പ്രശ്നങ്ങളുള്ളതാവുന്നത്?

1. നിങ്ങളുടെ ആര്‍ത്തവ ചക്രം 21 ദിവസത്തേക്കാള്‍ കുറവോ 35 ദിവസത്തേക്കാള്‍ കൂടുതലോ ആണെങ്കില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്നം ഉണ്ടെന്ന് കരുതണം.

2. തുടര്‍ച്ചയായി രണ്ടോ മൂന്നോ തവണ ആര്‍ത്തവം സംഭവിക്കാത്തത്.

3.ആര്‍ത്തവ സമയത്ത് സാധാരണ ഉള്ളതിലും കൂടുതല്‍ അല്ലെങ്കില്‍ കുറവ് രക്തം പോകുന്നത്.

4. ആര്‍ത്തവം 7 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്നത്.

5. ആര്‍ത്തവ സമയത്ത് അതികഠിനമായ വേദന, ശര്‍ദ്ദി, മനംപിരട്ടല്‍, കൈകഴപ്പ്.

6. ആര്‍ത്തവവിരാമത്തിന് ശേഷമോ, ലൈംഗിക ബന്ധത്തിന് ശേഷമോ ആര്‍ത്തവ ചക്രങ്ങള്‍ക്കിടയിലോ ഉള്ള രക്തസ്രാവം

അസാധാരണമായ ആര്‍ത്തവം

1. ഒരു സ്ത്രീയുടെ ആര്‍ത്തവം പൂര്‍ണ്ണമായും നിലച്ച അവസ്ഥയാണ് അമെനോറിയ. സാധാരണയായി 45നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഇത് സംഭവിക്കുന്നത്. ഗര്‍ഭിണിയോ, മുലയൂട്ടുന്നതോ, ആര്‍ത്തവവിരാമം സംഭവിച്ചതോ അല്ലാത്ത സ്ത്രീകളില്‍ 90 ദിവസമോ അതില്‍ കൂടുതലോ ആര്‍ത്തവത്തിന്‍റെ അഭാവം കാണുന്നത് അസാധാരണമാണ്. പതിനഞ്ചോ പതിനാറോ വയസ്സായിട്ടും പെണ്‍കുട്ടികളില്‍, അല്ലെങ്കില്‍ സ്തനവളര്‍ച്ച ആരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ യുവതികളില്‍ ആര്‍ത്തവം ആരംഭിക്കാത്തതും അമെനോറിയയുടെ സൂചനകളായി കണക്കാക്കപ്പെടുന്നു.

2. ഒലിഗോമെനോറിയ- ക്രമരഹിതമായി സംഭവിക്കുന്ന ആര്‍ത്തവമാണ് ഒലിഗോമെനോറിയ

3. ഡിസ്മനോറിയ- ആര്‍ത്തവസമയത്ത് താങ്ങാനാവാത്ത വേദന അനുഭവപ്പെടുന്നതിനെയാണ് ഡിസ്മനോറിയ എന്ന് പറയുന്നത്. എന്നാല്‍ ആര്‍ത്തവ സമയത്ത് ചില അസ്വസ്ഥതകള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്.

4. അസാധാരണമായ ഗര്‍ഭാശയ രക്തസ്രാവം വിവിധ ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉദാഹരണം: കനത്ത രക്തസ്രാവം, ഏഴു ദിവസത്തില്‍ കൂടുതല്‍ ആര്‍ത്തവം നീണ്ടുനില്‍ക്കുക, ആര്‍ത്തവ ചക്രങ്ങള്‍ക്കിടയിലോ ലൈംഗിക ബന്ധത്തിന് ശേഷമോ അല്ലെങ്കില്‍ ആര്‍ത്തവവിരാമത്തിന് ശേഷമോ പുള്ളികളായോ അഥവാ സാധാരണരീതിയില്‍ ഉണ്ടാകുന്ന രക്തസ്രാവം.

അസാധാരണമായ ആര്‍ത്തവത്തിന്‍റെ കാരണങ്ങള്‍ ?

1. സമ്മര്‍ദ്ദവും ജീവിത ശൈലിരോഗങ്ങളും: മാനസിക പിരിമുറുക്കമടക്കം ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ക്രമം തെറ്റിയ ആര്‍ത്തവത്തിന് കാരണമാകാറുണ്ട്.

ഗണ്യമായ അളവില്‍ ശരീരഭാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത്, ഭക്ഷണക്രമം നിയന്ത്രിക്കുന്നത്, വ്യായാമ മുറകളിലെ മാറ്റങ്ങള്‍, യാത്രകള്‍, അസുഖങ്ങള്‍, തുടങ്ങി മറ്റു ദിനചര്യകളിലെ മാറ്റങ്ങള്‍ എന്നിവയും ഒരു സ്ത്രീയുടെ ആര്‍ത്തവചക്രത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.

2. ഗര്‍ഭനിരോധന ഗുളികകള്‍: മിക്ക ഗര്‍ഭനിരോധന ഗുളികകളും ഈസ്ട്രജന്‍, പ്രോജസ്റ്റെറോണ്‍ എന്നീ ഹോര്‍മോണുകള്‍ സംയോജിപ്പിച്ച് തയ്യാറാക്കുന്നതാണ് (ചിലതില്‍ പ്രോജസ്റ്റെറോണ്‍ മാത്രം അടങ്ങിയിരിക്കുന്നു). ഈ ഗുളികകള്‍ അണ്ഡാശയം മുട്ടകള്‍ പുറത്ത് വിടാതെ തടഞ്ഞുനിര്‍ത്തി ഗര്‍ഭധാരണത്തെ തടയുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നതും, ഒഴിവാക്കുന്നതും ആര്‍ത്തവത്തെ പലപ്പോഴും സാരമായി ബാധിക്കാറുണ്ട്. ഇത്തരം ഗുളികകള്‍ കഴിക്കുന്നത് നിര്‍ത്തലാക്കുന്നതോടെ ആറ് മാസത്തോളം സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവമോ അല്ലെങ്കില്‍ ആര്‍ത്തവം മാസങ്ങളോളം സംഭവിക്കാതിരിക്കുകയോ ചെയ്യുന്നു.

പ്രോജസ്റ്റെറോണ്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ ചക്രങ്ങള്‍ക്കിടയില്‍ രക്തസ്രാവമുണ്ടാകാം. അതിനാല്‍ തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

3. ഗര്‍ഭാശയ പോളിപ്സ് അല്ലെങ്കില്‍ ഫൈബ്രോയിഡുകള്‍: ഗര്‍ഭാശയ ആവരണത്തിലുള്ള ചെറിയ (അര്ബുദമല്ലാത്ത) വളര്‍ച്ചയെയാണ് യൂട്ടറൈന്‍ പോളിപ്സ് എന്ന് പറയുന്നത്. ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ ഗര്‍ഭാശയത്തിന്‍റെ ഭിത്തിയോട് ചേര്‍ന്നിരിക്കുന്ന മുഴകളാണ്. ചെറുതും വലുതുമായ ഒന്നോ ഒന്നില്‍ കൂടുതലോ മുഴകള്‍ ഗര്‍ഭാശയത്തില്‍ കാണപ്പെട്ടേക്കാം. ഈ മുഴകള്‍ അപകടകരമല്ലെങ്കിലും ആര്‍ത്തവസമയത്ത് കനത്ത രക്തസ്രാവത്തിനും വേദനയ്ക്കും കാരണമാകുന്നു. കൂടാതെ ഇവ മൂത്രാശയത്തിലും മലാശയത്തിലും സമ്മര്‍ദ്ദം ചെലുത്തുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു.

4. എന്‍ഡോമെട്രിയോസിസ്: ഗര്‍ഭാശയത്തിലെ എന്‍ഡോമെട്രിയല്‍ ടിഷ്യു എല്ലാ മാസവും പൊട്ടിപ്പോവുകയും രക്തസ്രാവമായി പുറത്തു വരികയും ചെയ്യുന്നതാണ് ആര്‍ത്തവം. എന്നാല്‍, എന്‍ഡോമെട്രിയല്‍ ടിഷ്യു ഗര്‍ഭാശയത്തിന് പുറത്ത് വളരാന്‍ തുടങ്ങുമ്പോഴാണ് എന്‍ഡോമെട്രിയോസിസ് സംഭവിക്കുന്നത്.

പലപ്പോഴും, എന്‍ഡോമെട്രിയല്‍ ടിഷ്യു അണ്ഡാശയത്തിലോ ഫാലോപ്യന്‍ ട്യൂബുകളിലോ സ്വന്തമായി കൂടി ചേരുന്നു. ഇത് ചിലപ്പോള്‍ നമ്മുടെ കുടലിലും മറ്റ് അവയവങ്ങളിലും, മലാശയത്തിനും ഗര്‍ഭാശയത്തിനും ഇടയിലുള്ള പ്രദേശത്തും വളരുന്നു. എന്‍ഡോമെട്രിയോസിസ് അസാധാരണമായ രക്തസ്രാവം, മലബന്ധം, ആര്‍ത്തവത്തിന് മുമ്പും ശേഷവും ഉള്ള കഠിനമായ വേദന, വേദനാജനകമായ ലൈംഗിക ബന്ധം തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

പെല്‍വിക് ഇന്‍ഫ്ലമേറ്ററി ഡിസീസ്, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം, പ്രീമെച്വര്‍ ഒവേറിയന്‍ ഇന്‍സഫിഷ്യന്‍സി എന്നിങ്ങനെ മറ്റു ആരോഗ്യ പ്രശ്നങ്ങളും ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകുന്നതാണ്.

അസാധാരണമായ ആര്‍ത്തവത്തിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്

1. ഗര്‍ഭാശയ അര്‍ബുദം

2. സ്റ്റിറോയിഡുകള്‍ അല്ലെങ്കില്‍ ആന്‍റി ഓകോഗുലന്‍റ് മരുന്നുകള്‍ (രക്തം കട്ടിയാക്കുന്നത്) ഉപയോഗിക്കുന്നത് വഴി

3. പല ആരോഗ്യാവസ്ഥകളും ഇതിനെ ബാധിക്കുന്നതാണ്- രക്തസ്രാവ ഉണ്ടാക്കുന്ന അസുഖങ്ങള്‍, തൈറോഡ് ഗ്രന്ഥി കുറവായോ അമിതമായി പ്രവര്‍ത്തിക്കുന്നത്, അല്ലെങ്കില്‍ ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിക്കുന്ന പിറ്റ്യൂട്ടറി ഡിസോര്‍ഡേഴ്സുകള്‍.

4. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആര്‍ത്തവത്തെ ബാധിക്കാറുണ്ട്. ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ എക്ടോപിക് ഗര്‍ഭധാരണം (ബീജസങ്കലനം ചെയ്ത മുട്ട ഗര്‍ഭാശയത്തിന് പുറത്ത് സ്ഥാപിക്കുന്നു; ഉദാഹരണത്തിന്, ഫാലോപ്യന്‍ ട്യൂബിനുള്ളില്‍) ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ആര്‍ത്തവത്തെ ബാധിക്കുന്നതാണ്.

നിങ്ങളുടെ ആർത്തവം ക്രമരഹിതമാണെങ്കിൽ, പ്രശ്നം തിരിച്ചറിഞ്ഞ് ഒട്ടും വൈകാതെ വൈദ്യ സഹായം തേടുന്നതാണ് നല്ലത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ