HEALTH

'ഡോക്ടർ ഡോഗ്': കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ നായ്ക്കൾ എളുപ്പം കണ്ടെത്തും

മണം പിടിക്കാനുളള കഴിവിലൂടെ പലതരം പകർച്ചവ്യാധികളെ കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്ന് നായ്ക്കൾ തെളിയിച്ചിട്ടുണ്ട്

വെബ് ഡെസ്ക്

മനുഷ്യർക്ക് ഏറെ പ്രിയപ്പെട്ട വളർത്തു മൃ​ഗങ്ങളിൽ ഒന്നാണ് നായ. മണം പിടിച്ച് ആളെയും സ്ഥലങ്ങളെയും വസ്തുക്കളെയുമെല്ലാം തിരിച്ചറിയാനുള്ള മനുഷ്യർക്കില്ലാത്ത കഴിവാണ് നായകളെ മനുഷ്യന്റെ സന്തത സഹചാരികൾ ആക്കിയത്. രാത്രി സുരക്ഷയ്ക്കും കാവലിനുമായി നായകൾ നിയോഗിക്കപ്പെടുന്നതും ഈ സവിശേഷതകൾ കൊണ്ട് തന്നെ.

നായകളും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും കോവിഡ് കാലത്ത് കൂടുതൽ ആളുകൾ നായ വളർത്തലിലേക്ക് തിരിഞ്ഞിരുന്നു. ചിലർ മുന്തിയ ഇനം നായകളെ ബിസിനസ് ആവശ്യങ്ങൾക്കായി വളർത്തി വരുന്നുണ്ട്. എന്നാൽ, കോവിഡ് പോലുളള സാംക്രമിക രോഗങ്ങൾ നായകളെ പിടികൂടുമോയെന്ന ആശങ്കളും ഈ കാലത്ത് വലിയ തോതിൽ ഉണ്ടായി. നായകളുമായി അടുത്തിഴപഴകുന്നത് ചിലരെങ്കിലും ഒഴിവാക്കുകയും ചെയ്തു. ഇതേത്തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധങ്ങളായ പഠനങ്ങളും നടന്നിരുന്നു. അതേസമയം അടുത്തിടെ കാലിഫോർണിയയിലെ ഒരു സ്കൂളിൽ നടത്തിയ പഠനത്തിൽ 95 ശതമാനം നായകളും കോവിഡ് അടക്കമുളള വൈറസുകളെ കണ്ടെത്തുന്നതായി തിരിച്ചറിഞ്ഞിരുന്നു.

മനുഷ്യരെക്കാൾ മണം തിരിച്ചറിയാനുളള കഴിവ് നായകളിൽ കൂടുതലാണ്. നായകളുടെ മൂക്കിൽ 100 ​​ദശലക്ഷത്തിലധികം റിസപ്റ്ററുകൾ ഉള്ളതിനാൽ (മനുഷ്യരിൽ ഇത് ആറ് ദശലക്ഷം ആണ്) നായ്ക്കളുടെ മണം പിടിക്കാനുള്ള കഴിവ് മനുഷ്യരെക്കാൾ 10,000 മടങ്ങ് മികച്ചതായിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. നായകൾ ആദ്യം വലത് നാസാരന്ധ്രം ഉപയോഗിച്ച് മണം പിടിക്കാൻ തുടങ്ങുകയും മണം പരിചിതമാണെങ്കിൽ ഇടത് നാസാരന്ധ്രം ഉപയോഗിക്കുമെന്നും വിദ​ഗ്ദർ പറയുന്നു.

മണം പിടിക്കാനുളള കഴിവിലൂടെ പലതരം പകർച്ചവ്യാധികളെ കൃത്യമായി തിരിച്ചറിയാൻ കഴിയുമെന്ന് നായ്ക്കൾ തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, മലേറിയ ബാധിച്ച കുട്ടികളെ നായ്ക്കൾ അവരുടെ കാല് മണക്കുന്നതിലൂടെ തന്നെ വിജയകരമായി തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ ജീവന് തന്നെ ഭീക്ഷണിയായിട്ടുളള ബാക്ടീരിയ മൂലമുളള മൂത്രനാളിയിലെ അണുബാധകളും ക്ലോസ്ട്രിഡിയം ഡിഫിക്കിൾ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ അണുബാധകളും നായകൾക്ക് കണ്ടെത്താൻ കഴിയും.

മറ്റ് പകർച്ചവ്യാധികൾ അടക്കം കണ്ടെത്തുന്നതിൽ നായ്ക്കളുടെ കഴിവിനെ കണക്കിലെടുത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് "ലാബ് പങ്കാളികൾ" എന്ന നിലയിൽ നായ്ക്കളുടെ സേവനം വിനിയോ​ഗിച്ചു. ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം, നായ്ക്കൾക്ക് ശ്വസനവ്യൂഹത്തിൽ നിന്നുള്ള ശരീരസ്രവങ്ങളിലെ അണുബാധകൾ തിരിച്ചറിയാൻ കഴിഞ്ഞുവെന്നും 83 ശതമാനം പോസിറ്റീവ് കേസുകളെ ശരിയായി തിരിച്ചറിയാൻ കഴിയുമെന്നും പ്രാഥമിക ഗവേഷണം വെളിപ്പെടുത്തി.

ഒരിക്കൽ ഇത്തരം സ്രവ സാമ്പിളുകളിൽ പരിശീലനം ലഭിച്ചാൽ, വിയർപ്പ്, മൂത്രം തുടങ്ങിയ മറ്റ് ശാരീരിക ദ്രാവകങ്ങളിൽനിന്ന് നായകൾക്ക് ഇത് കണ്ടെത്താൻ സാധിക്കും. പരമ്പരാഗത കോവിഡ് ടെസ്റ്റിങ് രീതികളേക്കാൾ കാര്യക്ഷമതയോടെ കോവിഡിനെ നായകൾക്ക് കണ്ടെത്താൻ കഴിയുമെന്നും പഠനങ്ങൾ വിലയിരുത്തുന്നു.

നായകൾക്ക് പ്രാഥമികമായ പരിശീലനം ലഭിച്ചുകഴിഞ്ഞാൽ പോസിറ്റീവ് ആയവരെയും അല്ലാത്തവരെയും വേ​ഗത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് ചുരുക്കം. കോവിഡ് പോലുളള മഹാമാരികളെ കണ്ടെത്തുന്നതിനുളള അവയുടെ കഴിവിലെ ഉയർന്ന കാര്യക്ഷമതയാണ് ശാസ്ത്ര ലോകം പരി​ഗണനയ്ക്കെടുത്തത്. പകർച്ചവ്യാധികൾക്കൊപ്പം ചിലതരം ക്യാൻസറുകൾ, അപസ്മാരം, പ്രമേഹ രോഗികളിലെ ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ കുറവ്) എന്നിവയും നായകൾ വിജയകരമായി കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്.

മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിൽ കൂടി നായകളുടെ സഹജമായ കഴിവുകൾ ഉപയോഗിക്കപ്പെടുന്നതോടെ നായയും മനുഷ്യനും തമ്മിലുള്ള ബന്ധം ഇനിയും ദൃഢമാകുമെന്നുറപ്പ്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്