മലയാള സിനിമയിലെ ലഹരി ഉപയോഗം ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. യുവതാരങ്ങളിലെ ലഹരി ഉപയോഗം എല്ലാ സീമകളും ലംഘിച്ചെന്ന് ആ മേഖലയിലുള്ളവര്‍ തന്നെ പലപ്പോഴായി തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു. അതിനിടെയാണ് അമിത ലഹരി ഉപയോഗം മൂലം ഒരു യുവനടന്‌റെ പല്ല് പൊടിഞ്ഞ് തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം നടനും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ടിനി ടോമും വെളിപ്പെടുത്തിയത്. ടിനി ടോം ഉദ്ദേശിച്ച നടൻ ആരെന്നറിയാൻ അന്വേഷണവും ചർച്ചകളും പുരോഗമിക്കുകയാണ്.
പരാമർശത്തിന്റെ പേരിൽ ടിനി ടോമിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങളുമുണ്ട്. സമ്മർദത്തിനു വഴങ്ങി, പല്ല് പൊടിഞ്ഞുതുടങ്ങിയ നടൻ ആരാണെന്നു ടിനി ടോം വെളിപ്പെടുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.
ടിനി ടോം ചൂണ്ടിക്കാണിച്ച കാര്യത്തിന്റെ ശാസ്ത്രീയ വശം എന്താണ്? ലഹരി ഉപയോഗം പല്ല് പൊടിയുന്നതിന് കാരണമാകുമോ? മറ്റെന്തൊക്കെ പാര്‍ശ്വഫലങ്ങളാണ് രാസലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്നത്. കണ്‍സള്‍ട്ടന്‌റ് സൈക്കാട്രിസ്റ്റ് ഡോ. അരുണ്‍ ബി നായർ മറുപടി പറയുന്നു
ലഹരി ഉപയോഗവും പാര്‍ശ്വഫലങ്ങളും
വലിയ അളവില്‍ ഒറ്റത്തവണ ഉപയോഗിച്ചാലും ചെറിയ അളവ് വീതം എല്ലാ ദിവസവും ഉപയോഗിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
പ്രധാനമായും മൂന്നുതരം സിന്തറ്റിക് ഡ്രഗ്സ് ആണ് നിലവില്‍ കൂടുതല്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.
1. എം ഡി എം എ (ആംഫിറ്റമിന്‍ വിഭാഗത്തില്‍പ്പെടുന്ന ലഹരി വസ്തു) ഗുളികകള്‍ രൂപത്തിലും പൊടിയായും ലഭിക്കും
2. കൊക്കെയ്ന്‍ (വിദേശ രാജ്യങ്ങളിലെ സെലിബ്രിറ്റികളില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ്)
3. എല്‍ എസ് ഡി
ഇതുകൂടാതെ ഇന്‍ജെക്ട് ചെയ്യുന്ന ബ്രൗണ്‍ ഷുഗര്‍ പോലുളളവയുമുണ്ട്
കഞ്ചാവ് കൂടുതലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും വിദ്യാര്‍ത്ഥികളും ഉപയോഗിക്കുന്നതായാണ് കണ്ടുവരുന്നത്. സെലിബ്രിറ്റി തലങ്ങളിലുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല
കൊക്കെയ്ൻ, എം ഡി എം എ എന്നിവ ഉപയോഗിക്കുന്നവരിലാണ് പ്രധാനമായും പല്ല് പൊടിയുന്നതായി കാണുന്നത്.
കൊക്കെയ്ൻ ഉപയോഗിക്കുന്നവരുടെ വായിലെ ഉമിനീര് വറ്റി വരണ്ടുണങ്ങും. അതുപയോഗിക്കുന്നവര്‍ എപ്പോഴും പല്ല് ഇറുമി കൊണ്ടിരിക്കുകയും ചെയ്യും. ഇതാണ് പല്ല് പൊടിയാന്‍ കാരണമാകുന്നത് .
കൊക്കെയ്ൻ, എം ഡി എം എ എന്നിവ ഉപയോഗിക്കുന്നവരിലാണ് പ്രധാനമായും പല്ല് പൊടിയുന്നതായി കാണുന്നത്
എം ഡി എം എയുടെ പാര്‍ശ്വഫലങ്ങള്‍
എം ഡി എം എ ഒറ്റത്തവണ വലിയ അളവില്‍ ഉപയോഗിക്കുന്നത് പോലും രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിന് കാരണമാകും, പ്രത്യേകിച്ച് തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍. സമാന്തരമായി രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും. അതിന്‌റെ ഫലമായി തലച്ചോറിലെ ചുരുങ്ങിയ രക്തക്കുഴലിലൂടെ ശക്തമായി രക്തം പ്രവഹിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടാനിടയുണ്ട്. അങ്ങനെയാണ് മസ്തിഷ്ക രക്തസ്രാവം (സെറിബ്രല്‍ ഹെമറേജ് ) ഉണ്ടാകുന്നത്. അത് മരണകാരണമായേക്കും. സമീപകാലത്ത് ചില കൗമാരക്കാരായ കുട്ടികള്‍ അങ്ങനെ മരിച്ചിട്ടുണ്ട്.
മറ്റു ചിലരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്, പക്ഷാഘാതം തുടങ്ങിയവയിലേക്കും ആ അവസ്ഥ നയിക്കും. ഒരു വശം തളര്‍ന്ന് പോകുക, ചുണ്ട് കോടിപ്പോവുക തുടങ്ങിയ അവസ്ഥയുണ്ടാകും. എല്ലാ ദിവസവും ഉപയോഗിക്കുന്നവര്‍ക്കും ഒറ്റത്തവണ വലിയ അളവില്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത് സംഭവിക്കാം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ നെഞ്ചിടിപ്പ് കൂടുക, വെപ്രാളം കാണിക്കുക, പ്രത്യേക തരത്തിലുള്ള വിഭ്രാന്തി, ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായി തോന്നുക (ഹാലൂസിനേഷന്‍സ്) എന്നിവയൊക്കെ സാധാരണമാണ്
കലാകാരന്മാരെ ഉള്‍പ്പെടെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം
ലഹരി ഉപയോഗിക്കുമ്പോള്‍ തലച്ചോറിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്‌റെ അളവ് പെട്ടെന്ന് വര്‍ധിക്കും. ഡോപ്പമിന്‍ ഒരു പരിധിവരെ കൂടുന്നത് സന്തോഷവും ഉന്മേഷവും കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജസ്വലതയും ചിന്തകളില്‍ വ്യക്തതയും പ്രദാനം ചെയ്യും. ഇതായിരിക്കാം ഒരുപക്ഷേ പലരെയും ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുന്നത്.
വിദ്യാർത്ഥികളിലൊക്കെ സാധാരണയായി എന്താണ് ഇതെന്ന് അറിയാനുള്ള കൗതുകം, സമപ്രായക്കാരുടെ സമ്മര്‍ദം, പരീക്ഷയുടെ സമ്മർദം മൂലമൊക്കെയുള്ള മാനസിക സംഘര്‍ഷം ലഘൂകരിക്കാനൊക്കെ ലഹരി ഉപയോഗിച്ച് തുടങ്ങുന്നവരുണ്ട്.
പക്ഷേ, ഡോപ്പമിന്‌റെ അളവ് പരിധി വിട്ടാല്‍ മാനസിക വിഭ്രാന്തിയിലേക്ക് നയിക്കും. മിഥ്യാവിശ്വാസങ്ങള്‍, ഹാലൂസിനേഷന്‍ തുടങ്ങിയ അവസ്ഥയൊക്കെയുണ്ടാകും. ഉദാഹരണത്തിന് ആരെങ്കിലും കൊല്ലാന്‍ ശ്രമിക്കുന്നു, ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ തോന്നാം. ഇല്ലാത്തത് കാണുക, അസ്വസ്ഥത തോന്നുക അങ്ങനെ.
ഇത് ലഹരിവസ്തുജന്യ മാനസികാരോഗ്യപ്രശ്‌നം എന്ന അവസ്ഥയാണ്. പാരമ്പര്യമായി മാനസികരോഗ ബാധിതരുള്ള കുടുബത്തില്‍നിന്നുള്ളവര്‍ ലഹരി ഉപയോഗിച്ചാല്‍ ഇത് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ചില ആള്‍ക്കാരില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ നിരന്തരമായ ഉപയോഗം വിഷാദത്തിന് കാരണമാകാറുണ്ട്. ഒന്നും ചെയ്യാനുള്ള താല്‍പ്പര്യമില്ലായ്മ, അകാരണമായ സങ്കടം, വിശപ്പിലായ്മ ... ചികിത്സിച്ചില്ലെങ്കില്‍ ആത്മഹത്യയിലേക്ക് വരെ നയിക്കപ്പെട്ടേക്കാം. ലഹരിവസ്തുക്കളുടെ ഉപയോഗം ലൈംഗികാസക്തി കൂട്ടും. പക്ഷേ നിരന്തരമായി ഉപയോഗിക്കുന്നത് ലൈംഗികശേഷി നഷ്ടപ്പെടുത്തും.
കൊക്കെയ്ൻ നിരന്തരം ഉപയോഗിക്കുന്നവര്‍ക്ക് ശരീരത്തിലൂടെ ചെള്ള്, പാറ്റയൊക്കെ പോലുള്ള ജീവികള്‍ ഇഴയുന്നത് പോലെ തോന്നാം. കൊക്കെയ്ന്‍ പോലുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഹൃദയാഘാതത്തിലേക്ക് നയിക്കാം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ അടഞ്ഞുപോകുന്നതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. പേശികള്‍ക്ക് ദൗര്‍ബല്യം വരുന്നത് രക്തത്തിന്റെ പമ്പിങ്ങിനെ ബാധിക്കും. പൊടി പോലുള്ള രാസലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് ശ്വാസകോശ പ്രശ്‌നങ്ങളുമുണ്ടാകാം. ശ്വാസകോശം ചുരുങ്ങുന്നത് വഴി ശ്വാസംമുട്ടല്‍ അനുഭവപ്പെടാം.
ലഹരി ഉപയോഗിക്കുന്നവരെ എങ്ങനെ കണ്ടെത്താം?
സ്വഭാവത്തില്‍ പെട്ടെന്ന് മാറ്റം വരും. ശബ്ദങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കും. കണ്ണിലെ ചുവപ്പ്, വിശപ്പില്ലായ്മ, കൂടുതല്‍ സമയം മുറിയില്‍ അടച്ചിരിക്കുക, അകാരണമായി ദേഷ്യപ്പെടുക, ശരീരത്തിലെ മുറിപ്പാടുകള്‍, പേര് ഉറക്കെ വിളിച്ചാല്‍ ദേഷ്യപ്പെടുക...
ലഹരിക്ക് അടിമപ്പെട്ടോയെന്ന് എങ്ങനെ കണ്ടെത്താം?
1. എല്ലായ്‌പ്പോഴും ലഹരിവസ്തു ഉപയോഗിക്കണമെന്ന തീവ്രമായ ആഗ്രഹം, അത് എങ്ങനെ ലഭിക്കുമെന്ന് മാത്രം ചിന്തിച്ച് കൊണ്ടിരിക്കുക
2. ഉപയോഗിക്കുന്ന സമയവും അളവും നിയന്ത്രിക്കാനാകാതെ വരിക (ചെറിയ അളവിൽ ഉപയോഗിക്കണമെന്ന് വിചാരിച്ച് വലിയ അളവിലെത്തിയിട്ടും മണിക്കൂറുകള്‍ ഉപയോഗിച്ചിട്ടും നിര്‍ത്താനാകാതെ വരിക)
3. ഉപയോഗിക്കുന്ന അളവ് ക്രമേണ കൂടിക്കൂടി വരിക
4. ഉപയോഗം നിര്‍ത്തിയാലുണ്ടാകുന്ന പിന്‍വാങ്ങല്‍ ലക്ഷണം (അക്രമ സ്വഭാവം, അപസ്മാരം, ഉറക്കക്കുറവ്, അസ്വസ്ഥത)
5. മറ്റൊരു കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ പറ്റാതെ വരിക
6. ഈ പോക്ക് ശരിയല്ലെന്ന് തിരിച്ചറിഞ്ഞിട്ടും പിന്‍വാങ്ങാന്‍ പറ്റാത്ത അവസ്ഥ
ഇതില്‍ ഏതെങ്കിലും മൂന്ന് ലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ ആവശ്യമുള്ള അവസ്ഥയാണ്. അങ്ങനെ തിരിച്ചറിഞ്ഞാല്‍ ആ വ്യക്തിയോട് ക്ഷോഭിക്കുകയല്ല വേണ്ടത്. ഏത് സാഹചര്യത്തിലാണ് ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ചോദിച്ച് മനസിലാക്കുക. അതിനും കൂടിയുള്ള ചികിത്സയാണ് ആ വ്യക്തിക്ക് വേണ്ടത്. ലഹരിക്ക് അടിമപ്പെട്ട അവസ്ഥയാണെങ്കില്‍ ഉറപ്പായും ചികിത്സ നല്‍കണം. സൈക്കാട്രിസ്റ്റിനെ കാണിക്കണം.
രണ്ടു ഘട്ടമായാണ് ലഹരി ചികിത്സ നടത്തുക. ആദ്യഘട്ടത്തില്‍ വിഷവിമോചന ചികിത്സയും പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ക്ക് ആവശ്യമായ ചികിത്സയും.
രണ്ടാംഘട്ടത്തില്‍ റിലാക്‌സ് പ്രിവെന്‍ഷന്‍, വീണ്ടും ഉപയോഗിക്കാതെ ഇരിക്കാനും മരുന്നുകളും മനശാസ്ത്ര ചികിത്സയും ഉള്‍പ്പെടുന്നതാണ് ഈ ഘട്ടം. ഡോപ്പമിന്‌റെ അളവ് ക്രമീകരിക്കുന്ന മരുന്ന് കഴിക്കുമ്പോള്‍ ലഹരിവസ്തുക്കളോടുള്ള ആസക്തി കുറയും. ആറ് മുതല്‍ ഒൻപത് മാസം വരെ മരുന്നുകള്‍ കഴിക്കേണ്ടി വരും. ഇതിനോടൊപ്പം മോട്ടിവേഷനും കുടുംബത്തിന്‌റെ പിന്തുണയുമെല്ലാം ഉറപ്പാക്കും.
ലഹരിക്ക് അടിമപ്പെട്ടവരെ കൃത്യമായ ചികിത്സ കൊണ്ട് ആ അവസ്ഥയില്‍നിന്ന് മോചിപ്പിക്കാനും മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനുമാകും. ചികിത്സ നല്‍കിയില്ലെങ്കില്‍ ആത്മഹത്യ, കൊലപാതക പ്രവണത തുടങ്ങിയ എക്‌സ്ട്രീം ലെവലിലേക്ക് വരെ പോയേക്കാം.
രാസലഹരി ഉപയോഗിക്കുന്ന എല്ലാവർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെടും. അതിന് സിനിമ താരങ്ങളെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലെന്നതാണ് യാഥാർത്ഥ്യം.