പ്രമേഹത്തിനുള്ള മരുന്നായ ഇൻസുലിൻ ഗ്ലാർജിൻ ഇന്ത്യൻ വിപണികളിൽ നിന്ന് പിൻവലിക്കാനൊരുങ്ങി അമേരിക്കൻ ഫാർമ കമ്പനിയായ എലി ലില്ലി. ബസഗ്ലാർ ക്വിക്‌പെൻ എന്ന ബ്രാൻഡ് നാമത്തിലുള്ള മരുന്നാണ് പിൻവലിക്കുന്നത്.
മുതിർന്നവരിലും കുട്ടികളിലും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നാണ് ബസഗ്ലാർ ക്വിക്ക്പെൻ. രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് ദിവസം മുഴുവൻ സ്ഥിരമായ ഇൻസുലിൻ നിലനിലനിർത്തുന്നതാണ് മരുന്ന്. ഓഗസ്റ്റ് 30 ന് പ്രസിദ്ധീകരിച്ച പൊതു അറിയിപ്പ് പ്രകാരമാണ് 2024 മാർച്ച് 5ന് ശേഷം മരുന്ന് ഇറക്കുമതി ചെയ്യുന്നതും വിപണനം ചെയ്യുന്നതും അവസാനിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയത്.
എലി ലില്ലി നിർമാതാവാണെങ്കിലും ഫാർമസ്യൂട്ടിക്കൽ ഭീമനായ സിപ്ലയാണ് ഈ ഉൽപ്പന്നം ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. ഇന്ത്യയിലെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള എലി ലില്ലിയുടെ ബിസിനസ് നീക്കമായാണ് പിൻവലിക്കൽ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഒരു കമ്പനി വിൽക്കുന്ന ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ മൊത്തം ശേഖരത്തെയാണ് ഉത്പന്ന പോർട്ട്ഫോളിയോ സൂചിപ്പിക്കുന്നത്. വർധിച്ചുവരുന്ന മത്സരവും ഡിമാൻഡും അനുസരിച്ച് പോർട്ട്ഫോളിയോ കമ്പനികള്‍ പുതുക്കും.
“സൂക്ഷ്മമായ പരിഗണനയ്‌ക്ക് ശേഷം, രാജ്യത്ത് ഞങ്ങളുടെ നിലവിലുള്ളതും ഭാവിയിലേതുമായ ഉൽപ്പന്ന പോർട്ട്‌ഫോളിയോ കാര്യക്ഷമമാക്കുന്നതിന് ബസഗ്ലാർ ക്വിക്‌പെൻ (ഇൻസുലിൻ ഗ്ലാർജിൻ) നിർത്തലാക്കാൻ ലില്ലി ഇന്ത്യ തീരുമാനിച്ചു,” കമ്പനി വക്താവ് പറഞ്ഞു.
മരുന്ന് നിർത്തലാക്കിയതിന് ശേഷം വിപണിയിൽ ലഭ്യമായേക്കില്ലെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. കൂടാതെ മരുന്ന് ഉപയോഗിച്ച് വരുന്ന രോഗികളോട് മറ്റ് മരുന്നുകൾക്കായി ഡോക്ടറെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തു. 2019ലാണ് എലി ലില്ലിയും സിപ്ലയും മരുന്ന് പുറത്തിറക്കിയത്. ഇത് വിജയം നേടിയിരുന്നു. എന്നാൽ, കാലക്രമേണ, ബയോകോൺ, സനോഫി, മാൻകൈൻഡ് ഫാർമ, വോക്ക്ഹാർഡ് തുടങ്ങിയ നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ലുപിൻ, എറിസ് ലൈഫ് സയൻസസ് തുടങ്ങിയ മരുന്നുകൾ ഇതേ ഫോർമുലേഷനിൽ വിൽക്കാൻ ആരംഭിച്ചു.
ഈ ശക്തമായ മത്സരം കാരണം വിൽപ്പന വളരെ കുറവായിരുന്നു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ചുമത്തിയ വില പരിധിയും വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് ഉൽപ്പന്നത്തെ സാമ്പത്തികമായി ലാഭകരമല്ലാതാക്കി. ഇൻസുലിൻ ഗ്ലാർജിൻ 100ഐ.യുവിന് 244.13 രൂപയാണ് എൻപിപിഎ നിശ്ചയിച്ചിരിക്കുന്നത്.
നൂതന മരുന്നുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും സാധാരണയായി ഉപയോഗിക്കുന്ന 3 മില്ലി കാട്രിഡ്ജ് ഫോർമുലേഷനിൽ ബസഗ്ലാർ ഇൻസുലിൻ നൽകുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി.