ഒരു വ്യക്തിയില്‍ രക്തസമ്മര്‍ദത്തിന്റെ അളവ് 140/90 എംഎംഎച്ജിയോ അതിന് മുകളിലോ വരുന്നതിനെയാണ് ഹൈപ്പര്‍ടെന്‍ഷന്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമെന്ന് പറയുന്നത്. തലവേദന, ഹൃദയമിടിപ്പ് കൂടൽ, മൂക്കില്‍നിന്നുള്ള രക്തസ്രാവം എന്നിവയെല്ലാം ഹൈപ്പര്‍ ടെന്‍ഷന്റെ സൂചനകളാണ്. ഇതുമൂലം ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.
വ്യായാമമോ ശാരീരികാധ്വാനമോ കുറഞ്ഞ ജീവിത ശൈലി, സമ്മര്‍ദ്ദം, പൊണ്ണത്തടി, ചില രോഗങ്ങള്‍ എല്ലാം ഹൈപ്പര്‍ടെന്‍ഷന് കാരണമാകുന്നു. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഉയര്‍ന്ന ഹൈപ്പര്‍ടെന്‍ഷന് കാരണമായേക്കാം. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, ഹൈപ്പര്‍ടെന്‍ഷന് ഉപ്പിനേക്കാള്‍ ദോഷമായത് മധുരമാണെന്നതാണ്.
പഞ്ചസാരയെ കൂടാതെ സംസ്‌കരിച്ച ഭക്ഷണങ്ങളിലും പഞ്ചസാര പാനീയങ്ങളിലും ഉപയോഗിക്കുന്ന മധുരം അമിതമായി കഴിക്കുന്നതും ഹൈപ്പര്‍ടെന്‍ഷന് കാരണമാകുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു.
മധുരം കഴിക്കുമ്പോള്‍ അത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കുകയും ഇന്‍സുലിന്റെ ഉത്പാദനത്തിന് കാരണമാവുകയും ചെയ്യുന്നു. കാലക്രമേണ ഇത് ഇന്‍സുലിനോട് പ്രതിരോധത്തിന് കാരണമായി വരും. ഇത് ഹൈപ്പര്‍ടെന്‍ഷന് കാരണമായേക്കാം. ഇതു കൂടാതെ, മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കൂടുന്നതിനും പൊണ്ണത്തടിയ്ക്കും കാരണമാകുന്നു, ഇത് ഹൈപ്പര്‍ടെന്‍ഷനിലേയ്ക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍മാർ പറയുന്നു.
ഉപ്പ് അധികമാവുന്നതും ശരീരത്തിന് അപകടകാരിയാണ്. അതായത്, വളരെയധികം സോഡിയം (ഉപ്പ്) കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. കാരണം സോഡിയം രക്തത്തിലേക്ക് വെള്ളം വലിച്ചെടുക്കുകയും രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിക്കുകയും ചെയ്യും. പ്രത്യേകിച്ച് ഉപ്പ് അധികം കഴിക്കാന്‍ പാടില്ലാത്തവരിൽ.
പഞ്ചസാര രക്താതിമര്‍ദ്ദത്തിന് അധവാ ഹൈപ്പര്‍ടെന്‍ഷന് കാരണമാകുന്നത് എങ്ങനെ?
1. അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും ഇടയാക്കും. അമിതവണ്ണം രക്താതിമര്‍ദ്ദത്തിനുള്ള ഒരു അപകട ഘടകമാണ്, കാരണം രക്തം പമ്പ് ചെയ്യാന്‍ നിങ്ങളുടെ ഹൃദയം കഠിനമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്, ഇത് നിങ്ങളുടെ രക്തധമനികളിലെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കും.
2. അമിതമായി പഞ്ചസാര കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിച്ചേക്കാം, അതായത് ശരീരത്തിലെ കോശങ്ങള്‍ക്ക് ഇന്‍സുലിനോട് ശരിയായി പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ. ഇത് നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ സോഡിയം നിലനിര്‍ത്താന്‍ ഇടയാക്കും, ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.
3. അമിതമായി പഞ്ചസാര കഴിക്കുന്നത് വീക്കം ഉണ്ടാക്കാം, ഇത് നിങ്ങളുടെ രക്തക്കുഴലുകളെ തകരാറിലാക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
മിതമായ അളവില്‍ കഴിക്കുക: പഞ്ചസാരയും ഉപ്പും മിതമായ അളവില്‍ കഴിക്കണം. കൃത്രിമ മധുരം, പഞ്ചസാര തുടങ്ങിയ മധുരപഥാര്‍ത്തങ്ങളുടെ അളവ് കുറയ്ക്കുക. പകരം, പ്രകൃതിദത്തവും പ്രോസസ്സ് ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. അതുപോലെ, ഉയര്‍ന്ന സോഡിയം അധവാ ഉപ്പ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക. സോഡിയം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് വളരെ നല്ലതാണ്.
സമീകൃതാഹാരം: പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിങ്ങനെ പോഷക സമ്പന്നമായ വിവിധ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷണക്രമം ശീലമാക്കേണ്ടതാണ്.
പതിവ് വ്യായാമം: ദിവസവും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. വ്യായാമം ശീലമാക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റീവിറ്റീ മെച്ചപ്പെടുത്താനും സാധിക്കും. ഇത് ഹൃദയധമനികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും: പഞ്ചസാര, ഉപ്പ് എന്നിവയോടുള്ള പ്രതികരണം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചില ആളുകള്‍ക്ക് ഉപ്പ് തീരെ പറ്റിയെന്ന് വരില്ല. ചിലരില്‍ ആകട്ടെ അമിതമായി മധുരം കഴിക്കുന്നത് പെട്ടെന്ന് തന്നെ ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമായേക്കാം.
ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ ലക്ഷണങ്ങളോ പ്രകടമായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുന്നതാണ് നല്ലത്. ഭക്ഷണശൈലി, വ്യായാമം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുന്നതായിരിക്കും ഉചിതം.