HEALTH

പോസ്റ്റ്പാർട്ടം ഡിപ്രഷന് പരിഹാരമാകുമോ? കഴിക്കാവുന്ന ആദ്യ മരുന്ന് കണ്ടെത്തി യു എസ്

വെബ് ഡെസ്ക്

പ്രസവ ശേഷം സ്ത്രീകൾ നേരിടുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷന് (പിപിഡി) മരുന്ന് കണ്ടെത്തി യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). സുർസുവെ (zuranolone) എന്ന മരുന്നിനാണ് അം​ഗീകാരം. പോസ്റ്റ്‍പാർട്ടം ഡിപ്രഷനെ നേരിടാൻ, കഴിക്കാൻ കഴിയുന്ന ആദ്യ ​ഗുളികയാണിത്.

50mg യുടെ സുർസുവേ 14 ദിവസത്തേക്ക് രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കാനാണ് എഫ്ഡിഎ നിർദേശിക്കുന്നത്. ഗുളിക കഴിച്ചശേഷം കുറഞ്ഞത് 12 മണിക്കൂറെങ്കിലും വാഹനമോടിക്കാനോ ഭാരിച്ച ജോലികൾ ചെയ്യാനോ പാടില്ലെന്നും നിർദേശമുണ്ട്.

പ്രസവത്തിന് തൊട്ടുപിന്നാലെ സാധാരണയായി അനുഭവപ്പെടാവുന്ന വിഷാദരോ​ഗമാണ് പിപിഡി. എന്നാൽ പ്രസവശേഷം പിന്നീടുള്ള ഘട്ടങ്ങളിലും ഇത് തുടരാനും സാധ്യതയുണ്ട്. ഇതുവരെ ഹെൽത്ത് കെയർ പ്രൊവൈഡർ നൽകുന്ന ഐ വി കുത്തിവയ്പ്പ് മാത്രമായിരുന്നു പിപിഡിക്കുള്ള ചികിത്സ.

മറ്റ് വിഷാദ രോ​ഗങ്ങളിൽ അനുഭവപ്പെടുന്നത് പോലെ, ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുക, സന്തോഷമില്ലാതിരിക്കുക എന്നതൊക്കെയാണ് പിപിഡിയുടെയും ലക്ഷണങ്ങൾ. ദുഃഖം അല്ലെങ്കിൽ എന്തോ കുറവുള്ളതുപോലെയുള്ള തോന്നൽ, ഊർജ്ജം നഷ്ടപ്പെടുക, ആത്മഹത്യാ പ്രേരണ തുടങ്ങിയ ലക്ഷണങ്ങളും പ്രകടമായേക്കാം.

“പ്രസവത്തിന് ശേഷമുള്ള വിഷാദം ഗുരുതരമായതും ജീവൻ പോലും അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ്. സങ്കടം, കുറ്റബോധം, മൂല്യമില്ലായ്മ എന്നിവ സ്ത്രീകൾക്ക് അനുഭവപ്പെട്ടേക്കാം. ചില സാഹചര്യങ്ങളിൽ സ്വയവും കുട്ടികളെയും ഉപദ്രവിക്കുന്ന ചിന്ത പോലുമുണ്ടായേക്കാം. പിപിഡി മാതൃ-ശിശു ബന്ധത്തെ വരെ ബാധിച്ചേക്കാം എന്നതിനാൽ കുട്ടിയുടെ ശാരീരികവും വൈകാരികവുമായ വികാസത്തിനും ഇത് ബാധിച്ചേക്കാം, ”എഫ്ഡിഎയുടെ സെന്റർ ഫോർ ഡ്രഗ് ഇവാലുവേഷൻ ആൻഡ് റിസർച്ചിലെ സൈക്യാട്രി ഡിവിഷൻ ഡയറക്ടർ ടിഫാനി ആർ ഫാർച്ചിയോൺ പറയുന്നു. അതിനാൽ കഴിക്കാവുന്ന തരത്തിലുള്ള മരുന്ന് ലഭ്യമാകുന്നത് സ്ത്രീകൾക്ക് വളരെ സഹായകമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

സുർസുവേ എന്ന മരുന്നിന്റെ ഫലപ്രാപ്തി പഠനങ്ങളിലൂടെ നിർണയിച്ചുകഴിഞ്ഞു. പിപിഡി ഉള്ള ഏഴ് മാസം മുതൽ ഒൻപത് മാസം വരെ ​ഗർഭിണികളായവരും പ്രസവിച്ച് നാലാഴ്ചയായ സ്ത്രീകളിലുമാണ് മരുന്ന് പരീക്ഷിച്ചത്. എല്ലാ ദിവസവും വൈകുന്നേരം 50 മില്ലിഗ്രാം സുർസുവേയാണ് 14 ദിവസത്തേക്ക് ഇവർക്ക് നൽകിയത്. 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗികളെ കുറഞ്ഞത് നാലാഴ്ചയെങ്കിലും നിരീക്ഷിച്ചതായും എഫ്ഡിഎ പറയുന്നു.

എന്നാൽ മരുന്നിന് ചില പാർശ്വഫലങ്ങളുണ്ടെന്നുള്ളതും ശ്രദ്ധിക്കണം. മയക്കം, തലകറക്കം, വയറിളക്കം, ക്ഷീണം, ജലദോഷം, മൂത്രനാളിയിലെ അണുബാധ എന്നിവയാണ് പാർശ്വഫലങ്ങൾ. ആത്മഹത്യാ ചിന്തകൾക്കും കാരണമായേക്കാം. ഗർഭാവസ്ഥയിലാണ് സുസുർവേ ​ കഴിക്കുന്നതെങ്കിൽ ഭ്രൂണത്തിന് ദോഷകരമാകാനുള്ള സാധ്യതയും എഫ്ഡിഎ വ്യക്തമാക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും