ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സി എ ആർ-ടി സെൽ തെറാപ്പി ഉപയോഗിച്ച് കാൻസർ രോഗി സുഖം പ്രാപിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നെക്സ്കാർ 19 എന്ന ഇന്ത്യയുടെ സി എ ആർ-ടി സെൽ തെറാപ്പിക്ക് ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്‍ട്രോൾ ഓർഗനൈസേഷൻ വാണിജ്യ ഉപയോഗത്തിനുള്ള അനുമതി നൽകിയത്. കാൻസർ ബാധിതനായ ആളുടെ രോഗപ്രതിരോധ സംവിധാനത്തെ ജനിതകമായി പുനർനിർമിക്കുന്നതാണ് സി എ ആർ-ടി സെൽ തെറാപ്പി.
ഡൽഹിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആയ വി കെ ഗുപ്ത എന്നയാളാണ് നെക്സ്കാർ 19 ന്റെ സഹായത്തോടെ സുഖം പ്രാപിച്ച ആദ്യ കാൻസർ ബാധിതൻ. വിദേശ രാജ്യങ്ങളിൽ നാലുകോടി ചെലവ് വരുന്ന ചികിത്സ, 42 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയിൽ നടത്തിയത്. കാൻസർ കോശങ്ങളെ പ്രതിരോധിക്കാൻ രോഗിയുടെ ടി സെല്ലുകളെ ജനിതകമായി ഉണ്ടാക്കിയെടുക്കുന്ന ഒരു തരം ഇമ്മ്യൂണോതെറാപ്പിയാണ് സി എ ആർ -ടി സെൽ തെറാപ്പി. അണുബാധയെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്ന ശ്വേതരക്താണുക്കളാണ് ടി സെല്ലുകൾ.
ഈ ചികിത്സാരീതിയിൽ, രോഗിയിൽനിന്ന് ടി സെല്ലുകൾ ശേഖരിക്കും. അത് ലബോറട്ടറി പ്രക്രിയകളിലൂടെ കിമറിക് ആന്റിജൻ റിസപ്റ്റർ (സി എ ആർ) എന്ന പ്രത്യേക പ്രോട്ടീൻ ടി സെല്ലുകളിൽ ഉണ്ടാക്കിയെടുകയും ചെയ്യും. സി എ ആർ പ്രോട്ടീനുകളാണ് ടി സെല്ലുകളെ കാൻസർ കോശങ്ങൾ തിരിച്ചറിയാനും പോരാടാനും സഹായിക്കുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലും (ഐഐടിബി) ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലും ഇൻകുബേറ്റ് ചെയ്ത ഇമ്മ്യൂണോ എസിടി എന്ന കമ്പനിയാണ് നെക്സ്കാർ 19 വികസിപ്പിച്ചെടുത്തത്. രക്താർബുദം, ലിംഫോമ തുടങ്ങി ബി-സെൽ കാൻസറുകളെ ചികിത്സിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പത്തിലധികം നഗരങ്ങളിലെ 30-ലധികം ആശുപത്രികളിൽ ഈ തെറാപ്പി ഇപ്പോൾ ലഭ്യമാണ്. 15 വയസ്സിന് മുകളിലുള്ള, ബി-സെൽ കാൻസർ ബാധിച്ച രോഗികളിലാണ് ചികിത്സ നടത്തുക.
ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണ് കാൻസർ. ഇന്ത്യയിൽ ഈ രോഗം വർധിക്കുകയും ചെയ്യുന്നുണ്ട്. 16 ലക്ഷം പേരിലാണ് 2023-ൽ രാജ്യത്ത് പുതിയതായി കാൻസർ രോഗം കണ്ടെത്തിയത്. കാൻസർ രോഗനിർണയം 1.6 ദശലക്ഷത്തിൽ എത്തിയെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.