ഭക്ഷണം എന്നും മനുഷ്യന്‌റെ ഒരു വികാരമാണ്. ജീവിക്കാന്‍ വേണ്ടി ഭക്ഷിക്കുന്നവരും ഭക്ഷിക്കാന്‍വേണ്ടി ജീവിക്കുന്നവരുമുള്ള ലോകമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ വൈവിധ്യങ്ങള്‍ ഈ രംഗത്ത് വന്നുകൊണ്ടിരിക്കുകയും ഈ വൈവിധ്യങ്ങള്‍ക്കു പിന്നാലെ ഭൂരിഭാഗവും പാഞ്ഞുകൊണ്ടുമിരിക്കും. ഭക്ഷണകാര്യത്തില്‍ അതീവശ്രദ്ധാലുക്കളാണെന്ന് അവകാശപ്പെടുന്നവര്‍ പോലും ഭക്ഷണ പരസ്യങ്ങളിലും രുചിയിലും കാഴ്ചയിലുമൊക്കെ ആ ശ്രദ്ധ കൈവിട്ടു കളയാറുണ്ട്.
അടുത്തിടെ ചില പാനീയങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയുണ്ടായതും ഇന്ത്യന്‍ നിര്‍മിത മസാലപ്പൊടികള്‍ക്ക് വിദേശരാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതും പുനര്‍നാമകരണത്തിന് ഒരു കമ്പനി നിര്‍ബന്ധിതമായതുമെല്ലാം കാണിക്കുന്നത് മാറിയ നമ്മുടെ ഭക്ഷണ സംസ്‌കാരംതന്നെയാണ്. അതിന്‌റെ ഫലങ്ങള്‍തന്നെയാണ് കഴിഞ്ഞ ആഴ്ചകള്‍ കണ്ടതും.
ബോണ്‍വിറ്റയില്‍ തുടക്കം
ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയിട്ടുള്ള ബോണ്‍വിറ്റ പോലുള്ള പാനീയങ്ങളെ ആരോഗ്യ പാനീയങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് പുതിയ ഭക്ഷണ ചര്‍ച്ച ആരംഭിക്കുന്നത്.
ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ളവയെ 'ഹെല്‍ത്ത് ഡ്രിങ്ക്' വിഭാഗത്തില്‍നിന്ന് പിന്‍വലിക്കണമെന്ന് വ്യവസായ മന്ത്രാലയം ഉത്തരവും പുറപ്പെടുവിച്ചു. എന്‍സിപിസിആര്‍ സമിതി, സിആര്‍പിസിയുടെ 14-ാം അനുച്ഛേദം പ്രകാരം നടത്തിയ അന്വേഷണത്തില്‍ എഫ്എസ്എസ്എഐ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ 'ഹെല്‍ത്ത് ഡ്രിങ്ക്' എന്നൊരു വിഭാഗമില്ലെന്ന് കണ്ടെത്തി. അങ്ങനെ അവകാശപ്പെട്ടുകൊണ്ട് പാനീയങ്ങള്‍ വില്‍ക്കുന്നത് നിയമപരമല്ലെന്ന് കണ്ടെത്തിയതായും ഏപ്രില്‍ പത്തിന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 'ഹെല്‍ത്ത് ഡ്രിങ്ക്' എന്ന പേരില്‍ വില്‍ക്കുന്ന പാനീയങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ വ്യവസായ മന്ത്രാലയം തീരുമാനിച്ചത്.
പഞ്ചസാരയില്‍ മുങ്ങിക്കുളിച്ച സെറിലാക്
ബേബി ഫുഡ് നിര്‍മാതാക്കളായ നെസ്ലെ ഇന്ത്യയിലും മറ്റ് വികസ്വര രാജ്യങ്ങളിലും വില്‍ക്കുന്ന സെറിലാകിലും നിഡോയിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായ റിപ്പോര്‍ട്ടും പുറത്തുവന്നു. എന്നാല്‍ യുകെ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണഉത്പന്നങ്ങള്‍ നെസ്ലെ വിറ്റഴിക്കുന്നതെന്നും സ്വിസ് അന്വേഷണ ഏജന്‍സിയായ പബ്ലിക് ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതവണ്ണം, മറ്റ് ഗുരുതര രോഗങ്ങള്‍ എന്നിവ തടയാനായുള്ള അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ് നെസ്ലെയുടെ പ്രവൃത്തിയെന്നായിരുന്നു ആക്ഷേപം.
ഇന്ത്യയില്‍ ലഭ്യമായ സെറിലാക്കിന്റെ പതിനഞ്ച് ഉത്പന്നങ്ങളിലും ഒരു സെര്‍വിംഗില്‍ ശരാശരി 2.7 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നായിരുന്നു പബ്ലിക് ഐയുടെ കണ്ടെത്തല്‍.
ന്യൂട്രീഷന്‍ ഡ്രിങ്ക് ആയി ഹോര്‍ലിക്‌സ്
ഹെല്‍തി ഡ്രിങ്ക്‌സ് എന്ന് വിശേഷിപ്പിച്ചിരുന്ന ഹോര്‍ലിക്‌സ് ഫങ്ഷണല്‍ ന്യൂട്രീഷന്‍ ഡ്രിങ്ക്‌സ് എന്ന് വിശേഷണത്തിലേക്ക് എത്തിയതിനും കഴിഞ്ഞ ആഴ്ച സാക്ഷ്യം വഹിച്ചു. ഇ കൊമേഴ്സ് വെബ്സൈറ്റുകളോട് ഹെല്‍ത്തി ഡ്രിങ്ക്സ് വിഭാഗത്തില്‍ നിന്ന് പാനീയങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ഹോര്‍ലിക്‌സിന്‌റെ വിശേഷണം മാറ്റിയത്.
വിലക്കുമായി ഇന്ത്യന്‍ മസാലപ്പൊടികള്‍
അര്‍ബുദത്തിന് കാരണമാകുന്ന എഥിലിന്‍ ഓക്‌സൈഡിന്‌റെ സാന്നിധ്യം ഇന്ത്യന്‍ നിര്‍മിത മസാലപ്പൊടികളില്‍ കണ്ടെത്തിയ റിപ്പോര്‍ട്ടും കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു.
ഹോങ് കോങ്ങിലേയും സിംഗപൂരിലേയും ഫുഡ് റെഗുലേറ്റര്‍ എംഡിഎച്ച്, എവറസ്റ്റ് തുടങ്ങിയ കമ്പനികളുടെ പൊടികളില്‍ എഥിലിന്‍ ഓക്‌സൈഡ് കണ്ടെത്തിയതോടെ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കമ്പനികളുടെ എല്ലാ നിര്‍മാണ ശാലകളില്‍ നിന്നും സാമ്പിളുകള്‍ പരിശോധിക്കാന്‍ ഫൂഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും തീരുമാനിച്ചിരുന്നു.
ഈ ശൃംഖലയില്‍ ഏറ്റവും അവസാനത്തേതായി പുറത്തുവന്നത് യൂൂറോപ്യന്‍ യൂണിയന്‌റെ ഭക്ഷ്യ സുരക്ഷാവിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയുമായി ബന്ധപ്പെട്ട 527 ഉല്‍പന്നങ്ങളില്‍ എഥിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയതായാണ് ഭക്ഷ്യ സുരക്ഷാവിഭാഗം പറഞ്ഞത്. ഇതേത്തുടര്‍ന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും പരിശോധനയ്ക്ക് തയ്യാറായി.
നമുക്കു വേണ്ട ഇത്തരം ഭക്ഷണശീലം
ഇത്തരം വെളിപ്പെടുത്തലുകള്‍ 2006-ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടിന്‌റെയും പരസ്യത്തെ സ്വാധീനിക്കുന്നതുള്‍പ്പെടെ തുടര്‍ന്നുള്ളള്ള നിയന്ത്രണങ്ങളുടെയും ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്നു. 2022-ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഭക്ഷ്യവിപണി അനാരോഗ്യകരമായ ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ ആരോഗ്യം, ഭക്ഷണശീലങ്ങള്‍, ഭക്ഷണവുമായി ബന്ധപ്പെട്ട മനോഭാവങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.
ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ്(എഫ്എംസിജി) വിഭാഗത്തില്‍പ്പെടുന്ന ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും അള്‍ട്രാ പ്രോസസ് ചെയ്തതും അനാരോഗ്യകരവുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം ഇവയില്‍ പഞ്ചസാര അല്ലെങ്കില്‍ ഉപ്പ്, കൊഴുപ്പ്, കോസ്‌മെറ്റിക് അഡിറ്റീവ്‌സ്, നിറം, ഫ്‌ളേവറുകള്‍ എന്നിവയുടെ അളവ് കൂടുതലായിരിക്കും. ഈ ഉല്‍പ്പന്നങ്ങളുടെ വിപണനരീതിയാണ് ആളുകളെ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതും വിപണനസാധ്യത വര്‍ധിപ്പിക്കുന്നതും.
ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ അനാരോഗ്യകരമായ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉപഭോഗം പ്രതിവര്‍ഷം 13 ശതമാനം വര്‍ധിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ മധുരപാനീയങ്ങള്‍, ചോക്കളേറ്റ്, ഉപ്പ് കലര്‍ന്ന സ്‌നാക്കുകള്‍, ബ്രേക്ഫാസ്റ്റ് സെറീലുകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ വിപണനം ചെയ്യുന്നുണ്ട്. അള്‍ട്രാ പ്രോസസ്ഡ് ആയ ഭക്ഷണങ്ങളുടെ അമിതോപയോഗം പൊണ്ണത്തടി, പ്രമേഹം, മറ്റ് രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകുന്നതായുള്ള ശാസ്ത്രീയ പഠങ്ങള്‍ അനവധിയുണ്ട്. അടുത്തിടെ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ അമിതോപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കാര്‍ഡിയോ മെറ്റബോളിക്, മാനസിക വിഭ്രാന്തി തുടങ്ങി മരണത്തിലേക്കുവരെ നയിക്കാമെന്നുമാണ്.
അതുപോലെ സുഗന്ധ വ്യജ്ഞനങ്ങളുടെയും പാക്ക് ചെയ്ത ഭക്ഷണങ്ങളുടെയും ദൈനംദിന ഉപയോഗം എഥിലീന്‍ ഓക്‌സൈഡിന്‌റെ സാന്നിധ്യം കൂട്ടുകയും അര്‍ബുദ സാധ്യത സൃഷ്ടിക്കുകയും ചെയ്യും.
വേണം ഗുണകരമായ മാറ്റങ്ങള്‍
കൂടിയ അളവില്‍ ഉപ്പും പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളുടെ പരസ്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും ഭക്ഷണ പാക്കറ്റിന്‌റെ മുന്‍വശത്ത് മുന്നറിയിപ്പ് ലേബല്‍ ഉള്‍പ്പെടുത്തിയും ആരോഗ്യകരമായ ഭക്ഷണമാണോ, കൊഴുപ്പിന്‌റെയും പഞ്ചസാരയുടെയും ഉപ്പിന്‌റെയും അളവെത്രയെന്ന് രേഖപ്പെടുത്തിയും ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാവുന്നതാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് പതഞ്ജലി ഉള്‍പ്പെടെയുള്ള എഫ്എംസിജി കമ്പനികള്‍ക്കെതിരെയുള്ള സുപ്രീംകോടതി വിധിയും അടിയന്തര നടപടിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നു. ഇതിനെതിരെ ഇന്ത്യ നടപടി എടുത്തില്ലെങ്കില്‍ നഷ്ടമാകുന്നത് ഒരു തലമുറയെ ആയിരിക്കുമെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.