കോവിഡ് കാലം ലോകത്തിന് പുതിയ ആരോഗ്യശീലങ്ങള്‍ കൂടിയാണ് പകര്‍ന്നുനല്‍കിയത്. പൊതുഗതാഗതവും വാഹനങ്ങളും കൂട്ടായ്മകളുമൊക്കെ വിലക്കപ്പെട്ടപ്പോഴായിരുന്നു ലോകജനത പുതിയ ശീലങ്ങളിലേക്ക് ചുവടുവെച്ചത്. പൊതുനിരത്തുകളായിരുന്നു അവരുടെ പരീക്ഷണയിടങ്ങള്‍. ചില രാജ്യങ്ങള്‍ ചില തെരുവുകളെങ്കിലും വഴിയാത്രക്കാര്‍ക്ക് മാത്രമുള്ളതാക്കി. ചിലര്‍ പാര്‍ക്കിങ് ഇടങ്ങളെ പോപ്പ്-അപ്പ് റെസ്റ്റോറന്റുകളാക്കി. മറ്റു ചില രാജ്യങ്ങള്‍ കാറുകള്‍ നിറഞ്ഞുനീങ്ങിയിരുന്ന തെരുവുകളെ കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും മാത്രമായി തുറന്നിട്ടു. വാഹനങ്ങള്‍ നിറഞ്ഞൊഴുകിയ നഗരങ്ങളില്‍ സൈക്കിളുകള്‍ പുതിയ ഗതാഗതശീലമായി. അങ്ങനെ കോവിഡ് കാലത്തും കോവിഡാനന്തരകാലത്തും ലോകത്താകമാനം ന്യൂ നോർമൽ എന്ന പുതിയ ആശയം ഉയര്‍ന്നുകേട്ടു. ഇത്തരം നടപടികൾ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്ന് മാത്രമല്ല, വൈറസ് വ്യാപനം തടയാൻ ഏറെ സഹായകമാകുകയും ചെയ്തുവെന്ന് പഠനങ്ങൾ പറയുന്നു. കോവിഡ് നിയന്ത്രണവിധേയമായതോടെ, പല രാജ്യങ്ങളും പഴയശീലങ്ങളിലേക്ക് മടങ്ങിയെങ്കിലും ചിലര്‍ പുതിയ ആരോഗ്യശീലങ്ങള്‍ മുറുകെ പിടിച്ചു. അത്തരത്തിലുള്ള നാല് നഗരങ്ങളെ പരിചയപ്പെടാം.
1. പാരീസ്, ഫ്രാൻസ്
കോവിഡ് കാലത്തിനു മുന്‍പുതന്നെ കാല്‍നടസൗഹൃദ നിരത്തുകൾക്ക് പ്രാധാന്യം നൽകിയിരുന്ന രാജ്യമായിരുന്നു ഫ്രാൻസ്. പാരീസിലെ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികളുടെ ഭാഗമായി 2016 അവസാനത്തോടെ, സെയിൻ നദിയുടെ തീരത്തുള്ള പാതയിലൂടെ വാഹനങ്ങൾക്ക് അനുമതി നിഷേധിക്കുകയും കാൽനടക്കാർക്ക് മാത്രം പ്രവേശനാനുമതി നൽകുകയും ചെയ്തിരുന്നു. 2020ൽ നഗരവാസികൾക്ക് പതിനഞ്ച് മിനുറ്റ് നടത്തം കൊണ്ട് സ്‌കൂളുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും എത്താൻ സാധിക്കുന്ന തരത്തിൽ നാഗരാസൂത്രണ പദ്ധതിയായ, 15 മിനുറ്റ് സിറ്റി എന്ന പദ്ധതിക്ക് മേയർ ആനി ഹിഡാൽഗോ തുടക്കമിട്ടു. കോവിഡ് കാലം പാരീസിന്റെ പരിസ്ഥിതി സൗഹാർദ ശ്രമങ്ങളെ ശക്തിപ്പെടുത്തി. ലോക്ക് ഡൗണ്‍ കാലത്ത് പൊതുഗതാഗതം നിരോധിക്കപ്പെട്ടതും മാസ്ക് ധരിച്ചുള്ള യാത്രയും ജനങ്ങളെ ദുരിതത്തിലാക്കിയപ്പോൾ കൂടുതൽ ആളുകൾ കാൽനട യാത്രയെ ഇഷ്ടപ്പെട്ടു തുടങ്ങി.
കാർ യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി, കൂടുതല്‍ ബൈക്ക് പാതകളും നഗരത്തിൽ തുറന്നിട്ടുണ്ട്. കൂടാതെ സെൻട്രൽ പാരീസിലെ റി ഡോ റീവാലി പോലെ പ്രധാന വഴികൾ ഒറ്റ വരിയായി ചുരുക്കി. സൈക്കിൾ യാത്രക്കാർക്കായുള്ള പാതകൾ മൂന്നു വരിയായി വർധിപ്പിച്ചു. 2024ൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിനു മുന്നോടിയായി ഈഫൽ ടവറിനും ട്രോകഡെറോയ്ക്കും ഇടയിലുള്ള പാലം പൂർണ്ണമായും കാല്‍നടസൗഹൃദമാക്കാനും, 2026 ഓടെ 170000 മരങ്ങൾ നട്ടുപിടിപ്പിക്കാനും പാരീസ് പദ്ധതിയിടുന്നുണ്ട്.
2. ബൊഗോട്ട, കൊളംബിയ
സൈക്ക്ളിങ് സംസ്കാരത്തിന് പേരുകേട്ട സ്ഥലമാണ് ബൊഗോട്ട. കൊളംബിയയുടെ ദേശീയ കായിക വിനോദം തന്നെ സൈക്ക്ളിങ് ആണ്. കോവിഡ് കാലം ഈ സംസ്കാരത്തിനെ കൂടുതൽ ശക്തിപ്പെടുത്തി. 2020 ൽ മേയർ ക്ളോഡിയ ലോപ്പസ് ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ പാതകളിലൊന്നായ (550 കിലോമീറ്റർ) സിക്ളോറൂത്തയിലേക്ക് 84 കിലോമീറ്റർ കൂടെ കൂട്ടിച്ചേർത്തു. കോവിഡ് സമയത്ത് ആഗോള തലത്തിൽ പോപ്പ് അപ്പ് സൈക്കിൾ പാതകൾ തുറന്ന ആദ്യത്തെ നഗരങ്ങളിലൊന്നാണ് ബൊഗോട്ട.
കൂടാതെ സൈക്ലൊവിയ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ചില റോഡുകളില്‍ വാഹനങ്ങൾക്ക് സഞ്ചാരാനുമതിയും നല്‍കുന്നില്ല. ഒന്നര ദശലക്ഷത്തിലധികം വരുന്ന കാൽനടയാത്രക്കാരെയും ജോഗർമാരെയും സൈക്കിൾ സാവാരിക്കാരെയും ആകർഷിക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിൽ പുതുതായി ഇറക്കിയ, വൈദ്യുതിയും ഗ്യാസും ഉപയോഗിച്ച് പ്രവർത്തിക്കുന്ന എസ്ഐടിപി ബസുകൾ രാജ്യത്തെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തിയതായി നഗരവാസികളും അഭിപ്രായപ്പെടുന്നു.
3. മിലൻ, ഇറ്റലി
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. അതുകൊണ്ടു തന്നെ കോവിഡ് ഭീതിക്കിടയിലും പൊതു ഗതാഗതത്തിനായി ബദൽ മാർഗങ്ങൾ കണ്ടെത്താൻ ഇറ്റലി നിർബന്ധിതരായിരുന്നു. ഇതിന്റെ ഭാഗമായി മുന്‍പ് കാറുകൾ സഞ്ചരിച്ചിരുന്ന പാതയിൽ 35 കിലോമീറ്ററോളം നടപ്പാതകൾ വികസിപ്പിക്കാനും സൈക്കിൾപാതകൾ വികസിപ്പിക്കാനുമുള്ള പദ്ധതിക്ക് മിലനിൽ തുടക്കം കുറിച്ചു. ഈ പദ്ധതി നഗരത്തെയാകെ മാറ്റി.
മിലനിലെ പുതിയ സിറ്റി ലൈഫ് ഡിസ്ട്രിക്ട് എന്ന പ്രദേശം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കാർ രഹിത മേഖലകളിൽ ഒന്നാണ്. നിരവധി സൈക്കിൾ പാതകളുള്ള ഇവിടം ഹരിത സമ്പന്നവുമാണ്. നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക് സൈക്കിൾ വാടകക്ക് നൽകുന്ന ബൈക് മീ (bike Me) സേവനങ്ങളും നഗരത്തിൽ ലഭ്യമാണ്. നഗരത്തിലുടനീളം ഇതിന്റെ 300 ഓളം സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്.
4. സാൻ ഫ്രാൻസിസ്‌കോ, യുഎസ്
ഗതാഗതകുരുക്കും വേഗതയും നിയന്ത്രിക്കാൻ ദിശാ സൂചികകളും ബ്ലോക്കറുകളും സ്ഥാപിക്കുന്ന സ്ലോ സ്ട്രീറ്റ് എന്ന പദ്ധതിക്ക് കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ സാൻ ഫ്രാൻസിസ്‌കോയിൽ തുടക്കമായിരുന്നു. കാൽനടയാത്രക്കാർക്കും സൈക്കിൾ സവാരിക്കാർക്കും നിരത്തുകളിൽ കൂടുതൽ പ്രധാന്യം നൽകാനായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതി വഴി 50 ശതമാനത്തോളം ഗതാഗതകുരുക്ക് പരിഹരിക്കാനായെന്നാണ് നഗരത്തിൽ നടത്തിയ സർവേയുടെ കണ്ടെത്തല്‍. വാരാന്ത്യ കാൽനടയാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനത്തോളവും സൈക്കിൾ യാത്രികരുടെ എണ്ണത്തിൽ 65 ശതമാനത്തോളവും വളർച്ചയുണ്ടായി. കാൽ നടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും നഗരത്തിൽ യഥേഷ്ടം സഞ്ചരിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് നഗരവാസികളുടെ പ്രതികരണം.
കോവിഡ് കാലം കഴിഞ്ഞതോടെ നഗരത്തിന്റെ പല ഭാഗങ്ങളും പഴയ സ്ഥിതിയിലേക്ക് തിരിച്ചുപോയെങ്കിലും ഗോൾഡൻ ഗേറ്റ് അവെന്യൂ, ലേക്ക് സ്ട്രീറ്റ്, സാഞ്ചസ് സ്ട്രീറ്റ്, ഷോട്ട് വെൽ സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങൾ ഇതേ രീതിയിൽ തന്നെ നിലനിർത്തണമെന്നാണ് നഗരവാസികളുടെ ആവശ്യം. മറ്റു സ്ഥലങ്ങളുടെ കാര്യത്തിൽ വൈകാതെ പൊതുജനാഭിപ്രായം തേടിയാകും തീരുമാനമെടുക്കുക.
പൂർണ്ണമായും കാൽനടയാത്രക്കാർക്ക് അനുയോജ്യമായ നഗരമായി മാറാൻ ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ടെങ്കിലും സാൻ ഫ്രാന്സിസ്കോയ്ക്ക് അത് സാധ്യമാകുമെന്നാണ് രാജ്യത്തിൻറെ ചരിത്രം പറയുന്നത്.