ആഗോളതലത്തില്‍ പ്രമേഹബാധിതരില്‍ 40 ശതമാനം പേരിലും രോഗനിര്‍ണയം നടത്തുന്നില്ലെന്ന് പഠനം. രോഗനിര്‍ണയം നടത്താത്ത ഭൂരിഭാഗം ആളുകളും ആഫ്രിക്ക (60 ശതമാനം), തെക്ക് കിഴക്കന്‍ ഏഷ്യ (57 ശതമാനം), പടിഞ്ഞാറന്‍ പസഫിക് മേഖല (56 ശതമാനം) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും 2023 ഡയബറ്റീസ് ഗ്ലോബല്‍ ഇന്റസ്ട്രി ഓവര്‍വ്യൂവില്‍ പറയുന്നു. ഈ കാര്യങ്ങളെക്കുറിച്ച് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ സര്‍വേയാണിത്.
എന്നാല്‍ രോഗനിര്‍ണയം നടത്തിയവരില്‍ പകുതി പേര്‍ക്കും ചികിത്സ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗാവസ്ഥയിലുള്ള നാലില്‍ മൂന്ന് പേരും താഴ്ന്നതോ ഇടത്തരമോ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് ഇവര്‍ക്ക് എല്ലായ്‌പ്പോഴും ആവശ്യത്തിനുള്ള ആരോഗ്യസേവനം ലഭ്യമാകുന്നില്ല.
പ്രമേഹരോഗനിര്‍ണയത്തില്‍ വൈദഗ്ധ്യം നേടിയ 530ലധികം കമ്പനികള്‍ ലോകത്തുണ്ടെങ്കിലും അതില്‍ 33 എണ്ണം മാത്രമേ ആഫ്രിക്കയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും പടിഞ്ഞാറന്‍ പസഫിക് മേഖലയിലുമുള്ളുവെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ പ്രധാന ഗവേഷകന്‍ സാഷ കൊറോഗോഡ്‌സ്‌കിയെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളിലെ ആരോഗ്യ സംരക്ഷണ വിദഗ്ദരും രോഗനിര്‍ണയ ഉപകരണങ്ങളുമടക്കമുളള പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ കാരണം നേരത്തെയുള്ള പ്രമേഹ രോഗനിര്‍ണയത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2800 കമ്പനികള്‍, 1500 നിക്ഷേപകര്‍, 80 ഗവേഷണ വികസന കേന്ദ്രങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചികിത്സയിലെ ഈ കടുത്ത അസമത്വം ആഗോളതലത്തില്‍ പ്രമേഹ പരിചരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ഉയര്‍ത്തിക്കാട്ടുന്നു. 2021ല്‍ 970 ബില്യണ്‍ ഡോളര്‍ ചികിത്സയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടും ലോകമെമ്പാടും ഏഴ് ദശലക്ഷം പേര്‍ പ്രമേഹം മൂലം മരിച്ചുവെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.
അതേസമയം റിപ്പോര്‍ട്ടില്‍ പറയുന്ന മിക്ക സംഘടനകളും അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രമേഹ മരുന്നുകള്‍ നിര്‍മിക്കുന്ന 70ലധികം കമ്പനികളും (55 ശതമാനം) അമേരിക്കയിലാണ്. 17 ശതമാനം യൂറോപ്പിലും. ആഗോള പ്രമേഹ വിപണിയെയും പ്രധാനമായും നാല് ഭീമന്‍ കുത്തകകളായി തിരിച്ചിട്ടുണ്ട്. നോവോ നോര്‍ഡിസ്‌ക്, സനോഫി, എലി ലില്ലി, മെര്‍ക്ക് എന്നിവയാണവ. വിപണിയുടെ ഏകദേശം 72 ശതമാനവും ഈ വിപണികള്‍ ചേര്‍ന്നാണ് വഹിക്കുന്നത്.
ആഫ്രിക്കയിലെ പകുതിപ്പേര്‍ക്കും അവര്‍ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം ലഭ്യമല്ലെന്ന് ആംറെഫ് ഹെല്‍ത്ത് ആഫ്രിക്ക എന്‍ജിഒയുടെ ഭാഗമായ ആംറെഫ് ഹെല്‍ത്ത് ഇന്നോവേഷന്റെ ചീഫ് എക്‌സിക്യൂട്ടീവായ കരോലിന്‍ എംബിന്ദ്യോയും പറഞ്ഞു. പ്രത്യേകിച്ചും നഗര പ്രദേശങ്ങളില്‍ കാണുന്ന ഉദാസീനമായ ജീവിത ശൈലി ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കാന്‍സറുകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും അവര്‍ സൂചിപ്പിച്ചു.