HEALTH

പൊതുജനം തെറ്റിദ്ധരിക്കപ്പെടും; വെള്ളെഴുത്തിനുള്ള തുള്ളിമരുന്നിന്റെ ഉൽപ്പാദനം തടഞ്ഞു

മുംബൈ ആസ്ഥാനമായുള്ള എന്റോഡ് ഫാർമസ്യൂട്ടിക്കൽ ആണ് ഐഡ്രോപ്സായ ‘പ്രസ്‌ വു’ പുറത്തിറക്കിയത്

വെബ് ഡെസ്ക്

വെള്ളെഴുത്ത് അഥവാ പ്രസ്ബയോപ്പിയ പരിഹരിക്കാൻ സഹായിക്കുമെന്ന് അവകാശവാദം ഉന്നയിച്ച തുള്ളി മരുന്നിന്റെ ഉത്പാദനം നിർത്തിവെക്കാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‍സിഒ) ഉത്തരവ്‌. പൊതുജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സിഡിഎസ്‍സിഒ ഉൽപ്പാദനം നിർത്താൻ ആവശ്യപ്പെട്ടത്. മുംബൈ ആസ്ഥാനമായുള്ള എന്റോഡ് ഫാർമസ്യൂട്ടിക്കൽ ആണ് ഐഡ്രോപ്സായ ‘പ്രസ്‌ വു’ പുറത്തിറക്കിയത്.

വെള്ളെഴുത്ത് ബാധിച്ചവർ ഒരു തുള്ളി മരുന്ന് കണ്ണിലൊഴിച്ചാൽ 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങുമെന്നും അടുത്ത ആറുമണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കുമെന്നും ആയിരുന്നു മരുന്ന് കമ്പനിയുടെ അവകാശവാദം. വായിക്കാനും മറ്റുമായി കണ്ണട ഉപയോഗിക്കുന്നത് നിർത്താനാകുമെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാൽ ഇത്തരം അവകാശവാദങ്ങൾ ഉയർത്താൻ കമ്പനിക്ക് മുൻ‌കൂർ അനുമതി ലഭിച്ചിട്ടില്ലെന്ന് സിഡിഎസ്‍സിഒ വ്യക്തമാക്കി. അതുവഴി 2019 ലെ പുതിയ ഡ്രഗ്‌സ് ആൻഡ് ക്ലിനിക്കൽ ട്രയൽ റൂൾസ് പ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചെന്നും സിഡിഎസ്‌സിഒ സെപ്തംബർ 10 ലെ ഉത്തരവില്‍ പറയുന്നു. മരുന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയുണ്ട്. പൊതുതാൽപ്പര്യം കണക്കിലെടുത്ത്, ഈ അവകാശവാദങ്ങളാൽ പൊതുജനം തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്, അനുമതി താൽക്കാലികമായി നിർത്തിവെക്കുകയാണെന്നാണ് അറിയിപ്പ്.

നടപടിയെ നിയമപരമായി നേരിടുമെന്ന് എന്റോഡ് ഫാർമസ്യൂട്ടിക്കൽ അറിയിച്ചു. കമ്പനിയുടെ ഉൽപ്പന്നമായ പ്രസ് വു ഐ ഡ്രോപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കോ ​​പൊതുജനങ്ങൾക്കോ ​​അധാർമികമോ തെറ്റായതോ ആയ വസ്തുതകൾ അവതരിപ്പിച്ചിട്ടില്ലെന്ന് സിഇഒ നിഖിൽ കെ. മസുർക്കറിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. പുതിയ ഉൽപ്പന്ന ലോഞ്ചിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ വൈറലായതിനാൽ ജനങ്ങളുടെ ഭാവനാശേഷി ഉയർന്നുപോയി. അല്ലാതെ കമ്പനി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

സിഡിഎസ്‍സിഒക്ക് കീഴ്ഴിലുള്ള സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി മരുന്ന് പരിശോധിച്ച് അംഗീകാരത്തിനു ശുപാർശ ചെയ്തിരുന്നു. 350 രൂപയാണ് മരുന്നിന്റെ വില. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ ലഭിക്കൂ. 40 വയസിൽ തുടങ്ങി 60കളുടെ അവസാനം വരെ വായനയ്‌ക്ക് തടസമുണ്ടാകുന്ന അവസ്ഥയാണു വെള്ളെഴുത്ത്. കൃഷ്ണമണികളുടെ വലുപ്പം ചുരുക്കാൻ സഹായിച്ച് ഈ പ്രശ്നം പരിഹരിക്കുകയാണ് പ്രസ് വു ചെയ്യുന്നതെന്ന് കമ്പനി പറഞ്ഞിരുന്നു.

ഇന്ത്യയിൽ 274 പേരിലാണു മരുന്ന് പരീക്ഷിച്ചത്. മെച്ചപ്പെട്ട ഫലമാണു കിട്ടിയതെന്നു കമ്പനി. ഇവരിൽ 80 ശതമാനത്തിനും പാർശ്വഫലങ്ങളുണ്ടായില്ല. മറ്റുള്ളവർക്ക് ചെറിയ തോതിലുള്ള അസ്വാസ്ഥ്യങ്ങളും കണ്ണിനു ചുവപ്പും അനുഭവപ്പെട്ടു. ചിലർക്ക് കാഴ്ചയിൽ മങ്ങലും തലവേദനയുമുണ്ടായി. ഇതെല്ലം താൽക്കാലികമായി അവസാനിച്ചുവെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ