അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മികച്ച ജീവിതശൈലി തിരഞ്ഞെടുക്കുക എന്നതാണ്. നമ്മുടെ ചില ശീലങ്ങള്‍ അര്‍ബുദത്തെ വിളിച്ചുവരുത്തുന്നുണ്ട്. ആരോഗ്യത്തിനു മുന്‍ഗണന നല്‍കിയാല്‍ കാന്‍സര്‍ എന്നല്ല, ഒരുവിധം രോഗങ്ങളെയെല്ലാം അകറ്റിനിര്‍ത്താനാകും. ഇനി പറയുന്ന ആറ് ശീലങ്ങള്‍ ഒഴിവാക്കുകവഴി കാന്‍സറിനെ ഒരു പരിധിവരെ പ്രതിരോധിക്കാനാകും.
1. അലസമായ ജീവിതശൈലി
അലസമായ ജീവിതശൈലിയും ചില മാരകരോഗങ്ങളുടെ അപകടസാധ്യതയും തമ്മില്‍ ബന്ധമുണ്ട്. കൃത്യമായ വ്യായാമം ചില കാന്‍സറുകളെ പ്രതിരോധിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യും. ദിനചര്യയില്‍ വ്യായാമം ശീലമാക്കിയാല്‍ പ്രതിരോധിക്കാന്‍ സാധിക്കുന്നത് മരണകാരണമായേക്കാവുന്ന പല രോഗങ്ങളെയുമാണ്.
2. അള്‍ട്രാവയലറ്റ് വികിരണങ്ങള്‍
ശരിയായ സംരക്ഷണമില്ലാതെ സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നതിന്‌റെ ഫലമായി ചര്‍മാര്‍ബുദം ഉണ്ടാകാം. കൃത്രിമ അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ സ്രോതസായി അറിയപ്പെടുന്ന ടാനിങ് ബെഡുകളും ചര്‍മാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. സണ്‍സ്‌ക്രീന്‍ ഉപയോഗത്തിലൂടെയും സംരക്ഷണ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെയും അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍നിന്ന് രക്ഷ നേടാം
3. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍
സംസ്‌കരിച്ച ഭക്ഷണങ്ങള്‍, സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, പഴങ്ങളും പച്ചക്കറികളും തീരെ കുറഞ്ഞ ഡയറ്റ് എന്നിവ പിന്തുടരുന്നവര്‍ക്ക് അര്‍ബുദ സാധ്യത കൂടുതലാണ്. പച്ചക്കറികള്‍ കൂടുതലടങ്ങിയ ഡയറ്റ് ശീലമാക്കുക വഴി പല മാരകരോഗങ്ങളെയും പ്രതിരോധിക്കാനും ശരീരത്തിനാവശ്യമായ പോഷകങ്ങളും ആന്‌റിഓക്‌സിഡന്‌റും നാരുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കും.
4. അമിത മദ്യപാനം
അമിത മദ്യപാനം കോളോറെക്ടല്‍, സ്തനാര്‍ബുദം, ലിവര്‍ കാന്‍സര്‍ തുടങ്ങിയവയ്ക്കു കാരണമാകുന്നുണ്ട്. മദ്യപാനശീലം ഒഴിവാക്കുകയോ അല്ലെങ്കില്‍ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യതയും കുറയ്ക്കും.
5. പുകവലി
തൊണ്ടയിലെ കാന്‍സര്‍, ശ്വാസകോശാര്‍ബുദം, ബ്ലാഡര്‍ എന്നീ അര്‍ബുദങ്ങളുടെ പ്രധാന കാരണക്കാരന്‍ പുകവലിയാണ്. കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന വിഷപദാര്‍ഥങ്ങള്‍ പുകയിലയിലുണ്ട്. അതുകൊണ്ടുതന്നെ ജനികവ്യതിയാനങ്ങളുണ്ടാക്കി അര്‍ബുദസാധ്യത കൂട്ടാന്‍ ഇവയ്ക്കു കഴിയും. ശ്വാസകോശാരോഗ്യം വര്‍ധിപ്പിക്കുന്നതിനും മാരകരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും പുകവലി ഉപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
6. കൃത്യമായ പരിശോധനയുടെ അഭാവം
സ്ഥിരമായ പരിശോധനയും രോഗനിര്‍ണയവും അര്‍ബുദം കണ്ടെത്തുന്നതിലും ഗുണകരമാണ്. പ്രായം, അപകടഘടകങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി പരിശോധന നടത്തുന്നത് അര്‍ബുദം നേരത്തേ കണ്ടെത്താന്‍ സഹായിക്കും. ആദ്യ സ്‌റ്റേജില്‍ കണ്ടെത്തുന്ന കാന്‍സറുകള്‍ പലതും കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കാനുമാകും. ശരീരത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കാണുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിക്കാനും മടിക്കരുത്.