HEALTH

പുക ശ്വസിക്കുന്നത് മരണത്തിലേക്കെത്തുന്നതെങ്ങനെ? അഗ്‌നിബാധയില്‍നിന്ന് രക്ഷപ്പെടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

പെട്ടെന്നൊരു അഗ്‌നിബാധ ഉണ്ടായാല്‍ അവിടെനിന്ന് എങ്ങനെ രക്ഷപ്പെടാം, പുതിയൊരു സ്ഥലത്ത് എത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവയെക്കുറിച്ചെല്ലാം വിശദമാക്കുകയാണ് ഡോ. രാജീവ് ജയദേവന്‍

രേഖ അഭിലാഷ്

പുകയും തുടര്‍ന്നുണ്ടാകുന്ന വിഷവാതകവും ശ്വസിച്ച് ഉറക്കത്തിനിടയിലുള്ള മരണം അടുത്തിടെയായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുവൈറ്റില്‍ 23 മലയാളികള്‍ ഉള്‍പ്പെടെ 50 പേരുടെ മരണത്തനിടയാക്കിയതും തീപിടിത്തത്തില്‍ ഉണ്ടായ പുക ശ്വസിച്ചതുതന്നെ. എങ്ങനെയാണ് ഈ പുക ശ്വസിക്കുന്നത് മരണത്തിലേക്ക് എത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അസ്വാഭാവികമായി എന്തോ സംഭവിക്കുന്നെന്ന കാര്യം ഉറക്കത്തിനിടയില്‍ എന്തുകൊണ്ട് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഈ സംശയങ്ങള്‍ സ്വാഭവികമായി ചിലരിലെങ്കിലും ഉണ്ടാകാം. പെട്ടെന്നൊരു അഗ്‌നിബാധ ഉണ്ടായാല്‍ അവിടെനിന്ന് എങ്ങനെ രക്ഷപ്പെടാം, പുതിയൊരു സ്ഥലത്ത് എത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവയെക്കുറിച്ചെല്ലാം വിശദമാക്കുകയാണ് ഐഎംഎ കോവിഡ് ടാസ്‌ക് ഫോഴ്സ് കോ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍

അഗ്നിബാധയില്‍ വില്ലനാകുന്നത് പുക

അഗ്നിബാധയേറ്റ് മരണം എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യം എത്തുന്നത് സിനിമയിലും മറ്റും കാണുന്നതു പോലെ തീജ്വാലകള്‍ ഏറ്റോ പൊള്ളലേറ്റോ ഒക്കെയുള്ള മരണം എന്നായിരിക്കും. വാസ്തവത്തില്‍ തീപിടിത്തം കൊണ്ടുണ്ടാകുന്ന മരണങ്ങളില്‍ ഭൂരിപക്ഷവും തീജ്വാലകള്‍ കൊണ്ടല്ല, മറിച്ച് പുക ശ്വസിക്കുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. പുകയ്ക്കുള്ളില്‍ കാര്‍ബണ്‍ അഥവാ ചാരത്തിനുപുറമേ ഭീകരവിഷമായ കാര്‍ബണ്‍ മോണോക്സൈഡ് പോലെയുള്ള വാതകങ്ങള്‍ അടങ്ങിയിരിക്കുന്നു.

ഡോ. രാജീവ് ജയദേവന്‍

മരണം ഉണ്ടാകുന്നതിനുള്ള കാരണം വിഷമയമായ വാതകങ്ങള്‍ ആണ്. വെന്റിലേഷന്‍ ഇല്ലാത്ത മുറിക്കകത്ത് തീ ഉണ്ടാകുമ്പോള്‍ വളരെ പെട്ടെന്നുതന്നെ മുറിക്കകത്തെ ഓക്സിജന്‍ തീ വലിച്ചെടുക്കും. തത്ഫലമായി ഓക്സിജന്റെ അളവ് കുറയുകയും ഓക്‌സിജന്‍ കുറവുള്ള അവസ്ഥയില്‍ തീ കത്തുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് കൂടുതലായി ഉണ്ടാകുകയും ചെയ്യുന്നു.

അന്തരീക്ഷവായുവില്‍നിന്ന് ഓക്സിജന്‍ വലിച്ചെടുത്ത് രക്തത്തിലേക്ക് കടത്തിവിടുന്നത് ശ്വാസകോശം ആണ്. നമ്മുടെ രക്തം ശ്വാസകോശം വഴി കടന്നു പോകുമ്പോള്‍ അതിനകത്തേക്ക് ശ്വാസകോശം ഓക്സിജന്‍ കടത്തിവിടുന്നു. ശ്വാസകോശത്തില്‍നിന്നുളള ഈ രക്തം മറ്റ് അവയവങ്ങളിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നു. ഈ ഓക്സിജന്‍ വിതരണം ചെയ്യുന്ന തന്മാത്രകളാണ് ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിനില്‍ ലയിച്ചാണ് ഓക്സിജന്‍ നമ്മുടെ കലകളിലും കോശങ്ങളിലുമെത്തുന്നത്.

എന്നാല്‍ ഓക്സിജനു പകരം കാര്‍ബണ്‍ മോണോക്സൈഡ് എത്തുമ്പോള്‍ അത് ശ്വാസകോശം വഴി ഹീമോഗ്ലോബിനില്‍ അതിശക്തിയായി കയറിപിടിക്കും. ഈ ബന്ധം ഓക്സിജനെക്കാള്‍ 200 മടങ്ങ് സ്ട്രോങ് ആയതിനാല്‍ പിന്നീട് ഓക്‌സിജന് ഹീമോഗോളിബിനില്‍ കയറിപ്പറ്റാന്‍ സാധിക്കുന്നില്ല. ഇത് കോശങ്ങളിലേക്കുള്ള ഓക്സിജന്‍ പ്രവാഹം തടസ്സപ്പെടുത്തുന്നു. ഓക്സിജന്‍ വലിച്ചെടുക്കാനുള്ള കഴിവ് പെട്ടെന്ന് നഷ്ടപ്പെടുകയും അധികം വൈകാതെ മരണം സംഭവിക്കുകയും ചെയ്യുന്നു.

കാര്‍ബണ്‍ മോണോക്സൈഡ് മൂലമുള്ള മരണം സൈലന്റും പെയിന്‍ലെസുമാണ്. ഇതിന് മണമോ നിറമോ ഇല്ല. അതിനാല്‍ ഇത് ശ്വസിക്കുന്നത് തുടക്കത്തില്‍ അറിയാനും സാധിക്കില്ല

എന്തുകൊണ്ട് അറിയുന്നില്ല

കാര്‍ബണ്‍ മോണോക്സൈഡ് മൂലമുള്ള മരണം സൈലന്റും പെയിന്‍ലെസുമാണ്. ഇതിന് മണമോ നിറമോ ഇല്ല. അതിനാല്‍ ഇത് ശ്വസിക്കുന്നത് തുടക്കത്തില്‍ അറിയാനും സാധിക്കില്ല. അതുപോലെ ഉറക്കത്തിലാണെങ്കില്‍ മരണം സംഭവിക്കുന്നതും അറിയുന്നില്ല. അടച്ചിട്ട മേഖലകളില്‍ അഗ്‌നിബാധ ഉണ്ടാകുമ്പോള്‍ നമ്മളെ അപായപ്പെടുത്തുന്നത് പ്രധാനമായും കാര്‍ബണ്‍ മോണോക്സൈഡാണ്. ഇന്‍ഡോര്‍ ഫര്‍ണിഷിങ്ങിന് തീ പിടിക്കുന്നതും അപകടമാണ്. സോഫ, കര്‍ട്ടന്‍ പോലുള്ള ഫര്‍ണിഷിങ് സാധനങ്ങളിലേക്ക് തീപടരുന്നത് മറ്റു പല വിഷവാതകങ്ങളും ഉണ്ടാകാനിടയാക്കും. പ്ലാസ്റ്റിക്, പി വി സി, റബ്ബര്‍, നൈലോണ്‍, പശ, വയറുകള്‍ ഇവ കത്തുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡിനു പുറമേ ഹാനികരമായ ഹൈഡ്രജന്‍ സയനൈഡ്, ഹൈഡ്രജന്‍ ക്ലോറൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള പല വാതകങ്ങളും ഉണ്ടാകുന്നുണ്ട്. ഇവയെല്ലാം ഒരുമിച്ച് ശ്വസിക്കുമ്പോള്‍ ശ്വാസകോശം തകരാറിലാകുകയും ഉടന്‍ രക്ഷപെടുത്തിയില്ലെങ്കില്‍ മരണം പെട്ടെന്ന് സംഭവിക്കുകയും ചെയ്യും.

അപകടം ഒഴിവാക്കാന്‍ എന്തു ചെയ്യാം?

അഗ്‌നിബാധയില്‍നിന്ന് രക്ഷപ്പെടാനുള്ള ശാസ്ത്രീയമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ എന്ന രീതിയില്‍ നമ്മള്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്. സി പി ആര്‍, നീന്തല്‍, ഫസ്റ്റ് എയ്ഡ്, ഹെയിംലിക് മനുവര്‍ പോലെ തന്നെ ഇവയെ എസ്സന്‍ഷ്യല്‍ ലൈഫ് സ്‌കില്‍സ് എന്നു വിളിക്കാം.

ഇവ മുന്‍കൂറായി അറിഞ്ഞിരുന്നാല്‍ നമുക്കും മറ്റുള്ളവര്‍ക്കും അത് രക്ഷയാകും. കാരണം അഗ്‌നി വളരെ പെട്ടെന്നാണ് ആളിപ്പടരുക, പോരാത്തതിന് പുകയും. നിമിഷ നേരത്തിനുള്ളില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മാത്രമല്ല, പുറത്തു നിന്നും സഹായമെത്താന്‍ ചിലപ്പോള്‍ തടസമോ കാലതാമസമോ ഉണ്ടാകാനിടയുണ്ട്.

എവിടെയാണെങ്കിലും ശരി, നാം ഒരു റൂമിലേക്കോ ഓഫീസിലേക്കോ പ്രവേശിക്കുമ്പോള്‍ എര്‍ജന്‍സി എക്സിറ്റുകള്‍ ഏതൊക്കെയെന്ന് അടിസ്ഥാനപരമായി അറിഞ്ഞിരിക്കണം. ഏതൊരു സ്ഥലത്ത് പോയാലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അവിടെനിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം നമുക്ക് മനഃപാഠമായിരിക്കണം. പുക നിറയുന്നതിനാല്‍, കണ്ണ് കാണാത്ത അവസ്ഥയില്‍ പോലും അത് സാധിക്കണം. ഇത് ഒരു ശീലമാക്കണം.

തീയുള്ളപ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കരുത്, പടികള്‍ ഇറങ്ങി അല്ലെങ്കില്‍ ജനല്‍ വഴി വേണം സുരക്ഷിതമായിപുറത്തേക്ക് കടക്കാന്‍

ഉദാഹരണത്തിന്, സിനിമയ്ക്ക് പോകുമ്പോഴോ പുതുതായി ഒരു ഹോട്ടലിലോ ഫ്‌ലാറ്റിലോ മറ്റോ താമസത്തിനെത്തുമ്പോഴോ ആദ്യം അറിഞ്ഞിരിക്കേണ്ടത് ഫയര്‍ എക്സിറ്റ് എവിടെയാണെന്നാണ്. മാത്രമല്ല, ഫയര്‍ എക്സിറ്റ് ഡോര്‍ പുറത്തേയ്ക്ക് ഓപ്പണ്‍ ആവുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. ചില ഇടങ്ങളിലെങ്കിലും ഇത് ക്ലോസ്ഡ് ആയിരിക്കും. അങ്ങനെ ട്രാപ്പ്ഡ് ആയി നിരവധി പേര്‍ മരണപ്പെട്ടിട്ടുണ്ട്, ഇതിന് ഉദാഹരണമാണ് ഡല്‍ഹിയിലെ കുപ്രസിദ്ധമായ ഉപഹാര്‍ സിനിമാ തിയേറ്ററില്‍ ഉണ്ടായ തീപിടുത്തം.

തീയുള്ളപ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കരുത്, പടികള്‍ ഇറങ്ങി അല്ലെങ്കില്‍ ജനല്‍ വഴി വേണം സുരക്ഷിതമായിപുറത്തേക്ക് കടക്കാന്‍. തീപിടുത്തം മൂലം ലിഫ്റ്റ് പെട്ടെന്നു നിന്നു പോയാല്‍ മരണം ഉറപ്പാണ്.

തീപിടിത്തം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി അവിടെയെല്ലാം പുകകൊണ്ട് നിറയും. ഈ സമയത്ത് കണ്ണ് കാണാന്‍ സാധിക്കണമെന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ തറയില്‍ കമഴ്ന്നു കിടന്ന് ഇഴഞ്ഞുവേണം നീങ്ങാന്‍. പുക എപ്പോഴും ഇടനാഴിയില്‍ അല്ലെങ്കില്‍ മുറിയില്‍ മുകളില്‍ മാത്രമേ നില്‍ക്കൂ. താഴത്തെ ഭാഗം മിക്കവാറും ക്ലിയര്‍ ആയിരിക്കും. അതുകൊണ്ട് ശ്വസിക്കാനും സാധ്യമാണ്. വാതിലുകള്‍ തപ്പി കണ്ടുപിടിച്ച് അതുവഴി പുറത്തിറങ്ങുന്നത് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തിയിട്ടുവേണം പുറത്തിറങ്ങാന്‍.

റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം കോറിഡോറില്‍ അഗ്‌നിബാധ ഉണ്ടായാല്‍ എസി വെന്റുകള്‍ അച്ചുവയ്ക്കുകയും പ്രധാന വാതിലിന്റെ അടിയില്‍ ബെഡ്ഷീറ്റ് നനച്ചിട്ട് ഗ്യാപ് അടയ്ക്കാനും ശ്രമിക്കണം. വിഷ പുക ഉള്ളില്‍ കടക്കാതിരിക്കാന്‍ വേണ്ടിയാണിത്. തീ മുറില്‍ എത്തുന്നത് പരമാവധി തടയാനായി മെത്തയില്‍ വെള്ളമൊഴിച്ച് കുതിര്‍ത്തശേഷം വാതിലിലേക്ക് എടുത്തുവയ്ക്കാം.

ജനല്‍ തുറന്ന് പുറത്തുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ബെഡ്ഷീറ്റ് നീളത്തില്‍ താഴേയ്ക്ക് തൂക്കിയിടാം. രാത്രിയാണെങ്കില്‍ ടോര്‍ച്ച് അടിച്ചു കാണിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാം. അപ്പോള്‍ പുറത്തുള്ള അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് നമ്മുടെ അടുത്തേയ്‌ക്കെത്താം.

ഫയര്‍ എക്സ്റ്റിന്‍ഗിഷര്‍ തീ തുടങ്ങുമ്പോഴാണ് ഉപയോഗിക്കേണ്ടത്. അനിയന്ത്രിതമായി തീ ആളിക്കത്തുമ്പോള്‍ ഇത് ഉപയോഗിച്ചിട്ടു കാര്യമില്ല. ഓടി രക്ഷപ്പെടുകയാണ് അപ്പോള്‍ വേണ്ടത്

ഫ്ലാറ്റു പോലുള്ളവയിലും റസിഡന്‍ഷ്യല്‍ മേഖലകളിലും ജോലി ചെയ്യുന്ന സ്ഥലത്തുമെല്ലാം ഇടയ്ക്കിടയ്ക്ക് ഫയര്‍ സേഫ്റ്റി ഡ്രില്ലുകള്‍ നടത്തണം. ഇത് പെട്ടെന്നൊരു അഗ്‌നിബാധ ഉണ്ടായാല്‍ ആളപായം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനുപകരിക്കും. അത് എല്ലാവരും ഗൗരവമായി എടുക്കണം. അല്ലാതെ ''ഇവിടെ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലല്ലോ, പിന്നെന്തിനാണ് ഇതൊക്കെ ചെയ്യിക്കുന്നത്?'' എന്നുള്ള നിലപാട് തെറ്റാണ്.

ഫയര്‍ എക്സ്റ്റിന്‍ഗിഷര്‍ ഓപ്പറേറ്റ് ചെയ്യാന്‍ കുട്ടികളുള്‍പ്പെടെ എല്ലാ സാധാരണക്കാരും അറിഞ്ഞിരിക്കണം. എപ്പോള്‍ ഉപയോഗിക്കണം എന്നും അറിഞ്ഞിരിക്കണം. ഫയര്‍ എക്സ്റ്റിന്‍ഗിഷര്‍ തീ തുടങ്ങുമ്പോഴാണ് ഉപയോഗിക്കേണ്ടത്. അനിയന്ത്രിതമായി തീ ആളിക്കത്തുമ്പോള്‍ ഇത് ഉപയോഗിച്ചിട്ടു കാര്യമില്ല. ഓടി രക്ഷപ്പെടുകയാണ് അപ്പോള്‍ വേണ്ടത്, കാരണം ഓരോ സെക്കന്റും വിലപ്പെട്ടതാണ്. മറ്റാരെങ്കിലും പുകയില്‍ അകപ്പെട്ടു കുഴഞ്ഞു വീണിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.

വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പമിരുന്ന് ഫയര്‍ സേഫ്റ്റിയെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.

തീ കത്തുമ്പോള്‍ വായുവിലൂടെ വിഷവാതകം എല്ലായിടത്തും എത്താം. അഗ്‌നിബാധ ഉണ്ടാകുന്ന കെട്ടിടത്തില്‍ മറ്റൊരു സ്ഥലത്ത് ഇരിക്കുന്ന ആള്‍ക്ക് പോലും വിഷവാതകം ശ്വസിച്ച് അപകടമുണ്ടാകാം. പ്രത്യേകിച്ചും അടച്ചിട്ട മാതൃകയിലുള്ള ആധുനിക കെട്ടിടങ്ങളില്‍ എയര്‍ ഡക്റ്റ് വഴി അതിവേഗം വിഷവാതകങ്ങള്‍ എല്ലായിടത്തും എത്താനിടയുണ്ട്.

തീ എത്തുന്നതിന് മുന്‍പ് പുക ഉണ്ടാകുമ്പോള്‍ ഉടന്‍ ഫയര്‍ അലാറം അടിക്കേണ്ടതാണ്.

ഫയര്‍ അലാറം അടിച്ചാല്‍ എത്രയും പെട്ടെന്ന് കെട്ടിടത്തില്‍ നിന്നിറങ്ങി ഫയര്‍ അസംബ്ലിങ് പോയിന്റില്‍ പോയി നില്‍ക്കുക.

ഫയര്‍ ഉദ്യോഗസ്ഥര്‍ വന്നിട്ടുണ്ടെങ്കില്‍ അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം.

ജോലിസ്ഥലത്തും താമസസ്ഥലത്തും ഫയര്‍ ഇന്‍സ്‌പെക്ഷന്‍ സര്‍ട്ടിഫിക്കേഷന്‍ നിലനിര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ല. രാജ്യത്തുണ്ടായ പല അഗ്‌നിബാധയിലും ഇത് ഒരു ഘടകമായി കണ്ടെത്തിയിട്ടുണ്ട് എന്നു മറക്കരുത്.

കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍, ജോലി ചെയ്യുന്നവര്‍ അതത് സ്ഥലങ്ങളില്‍ അഗ്‌നി ബാധയുണ്ടായാല്‍ എന്തൊക്കെ ചെയ്യണം എന്ന് മുന്‍കൂറായി അറിഞ്ഞിരിക്കണം. കെട്ടിടത്തില്‍ അഗ്‌നിരക്ഷയുമായി ബന്ധമുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നതും നന്ന്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ