HEALTH

ചോറുണ്ണുമ്പോള്‍ ഓര്‍ക്കണം; പഴകിയതാണെങ്കില്‍ 'പണി'കിട്ടും

സാധാരണ അന്തരീക്ഷ താപനിലയില്‍ രണ്ട് മണിക്കൂറില്‍ കൂടുതൽ ചോറ് സൂക്ഷിക്കരുത്

വെബ് ഡെസ്ക്

മലയാളികള്‍ക്ക് ഒഴിച്ച് കൂടാനാകാത്ത ഭക്ഷണമാണ് ചോറ്. ഒരു നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വല്ലാത്ത നഷ്ടബോധമാണ് പലര്‍ക്കും. ചോറിന് പകരം ചപ്പാത്തിയും മറ്റും പരീക്ഷിച്ച് പരാജയപ്പെട്ടവരാണ് മിക്കവരും. ദിവസത്തില്‍ ഒരു തവണ ഉണ്ടാക്കുന്ന ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ചും വീണ്ടും ചൂടാക്കിയും ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കുന്ന ഭക്ഷണം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നതില്‍ വലിയ ചര്‍ച്ചകളാണ് അടുത്തിടെ ഉയരുന്നത്. മിച്ചം വരുന്ന ചോറ് സൂക്ഷിച്ച് വച്ച് വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രധാന വാദം.

ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ രോഗപ്രതിരോധശാസ്ത്രത്തിന്റെയും പകര്‍ച്ചവ്യാധികളുടെയും വിഭാഗത്തിലെ പ്രൊഫസറായ സി മിങ് മാന്റെ അഭിപ്രായത്തില്‍ സാധാരണ അന്തരീക്ഷത്തില്‍ സൂക്ഷിക്കുന്ന വേവിച്ച അരിയില്‍ ബാക്ടീരിയകള്‍ വേഗത്തില്‍ വളരുമെന്ന് ചൂണ്ടിക്കാട്ടുന്നു. ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയാണ് ഇത്തരം സാഹചര്യങ്ങളില്‍ വേഗത്തില്‍ വളരുക. ഇത് മണ്ണില്‍ വസിക്കുന്ന ഒരു സാധാരണ ബാക്ടീരിയയാണ്. വേവിച്ച അരിയിലെ ഈര്‍പ്പമുള്ള സാഹചര്യം ഈ ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുന്നു. എന്നാല്‍ നമ്മള്‍ ഭക്ഷിക്കുന്ന മിക്ക ഭക്ഷണ സാധനങ്ങളിലും ബാസിലസ് സെറിയസ് സാന്നിധ്യം കാണപ്പെടുകയും ചെയ്യുന്നു.

ഭക്ഷണത്തിലൂടെ പകരുന്ന മറ്റ് രോഗാണുക്കളെ അപേക്ഷിച്ച് ബാസിലസ് സെറിയസ് പാചക പ്രക്രിയയെ അതിജീവിക്കാന്‍ പര്യാപ്തമാണ്. ഇതിനൊപ്പം വേവിച്ച അരി റഫ്രിജറേറ്ററില്‍ തണുപ്പിക്കാതെ സൂക്ഷിക്കുന്ന സാഹചര്യത്തില്‍ രോഗാണുക്കള്‍ വളരുകയും വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുകയും ചെയ്യും. പിന്നീട് ശക്തമായി ചൂടാക്കിയാലും അവ നശിക്കില്ലെന്നും ഡോ സി മിങ് മാന്‍ പറയുന്നു.

ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ റീ ഹീറ്റഡ് റൈസ് സിന്‍ഡ്രോം എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ വേവിച്ച അരിക്ക് പുറകെ സ്റ്റീക്, പാസ്ത, സാലഡ്, മില്‍ക്ക് ഷേക്ക് എന്നിവയും ഇത്തരം ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് വേണ്ട സാഹചര്യം ഒരുക്കുന്നവയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ പ്രാഥമികമായി ഛര്‍ദ്ദി അല്ലെങ്കില്‍ വയറിളക്കം എന്നിവയാണ് പ്രധാനമായും ഉണ്ടാവുക. ഇവ സാധാരണയായി 24 മണിക്കൂറിനുള്ളില്‍ സ്വയം പരിഹരിക്കപ്പെടും. കാര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യസുരക്ഷാ പ്രൊഫസറായ മാര്‍ട്ടിന്‍ വൈഡ്മാന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നീ വിഭാഗങ്ങളില്‍ ഈ സാഹചര്യം വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വേവിച്ച അരി എത്രസമയം സൂക്ഷിക്കാം

കുറഞ്ഞ താപനിലയില്‍ (നാല് ഡിഗ്രി സെല്‍ഷ്യസ് വരെ) വേവിച്ച അരി ഫ്രിഡ്ജില്‍ നാല് മുതല്‍ ആറ് ദിവസം വരെ സൂക്ഷിക്കാം. എന്നാല്‍ സാധാരണ അന്തരീക്ഷ താപനിലയില്‍ രണ്ട് മണിക്കൂറില്‍ കൂടുതലും ( ചൂടുള്ള ദിവസങ്ങളില്‍ പരമാവധി ഒരു മണിക്കൂര്‍) ചോറ് സൂക്ഷിക്കരുത് എന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുമ്പോള്‍ തന്നെ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന സാഹചര്യം അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ