HEALTH

വാഴക്കൂമ്പും സുരക്ഷിതമല്ല; വവ്വാലുകളില്‍നിന്ന് നിപ വൈറസ് മനുഷ്യരിലേക്ക് എത്തുന്ന സാഹചര്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

കേരളത്തില്‍ നിപ അണുബാധകളെല്ലാം സംഭവിച്ചിരിക്കുന്നത് മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ്

വെബ് ഡെസ്ക്

മലപ്പുറത്ത് പതിനാലുകാരന് നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാനം വീണ്ടും ആശങ്കയുടെ നിഴലിലാണ്. രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ അറുപത് പേരാണ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്. എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. മഹാമാരികള്‍ ആകാന്‍ സാധ്യത കല്‍പ്പിക്കുന്ന രോഗങ്ങളുടെ കൂട്ടത്തില്‍ നിലവില്‍ ലോകത്തില്‍ വളരെ കുറച്ച് ഇടങ്ങളില്‍ മാത്രം പകര്‍ച്ച തെളിയിക്കപ്പെട്ട വൈറല്‍ അണുബാധയാണ് നിപ. കേരളത്തില്‍ 2018, 2019, 2021, 2023 വര്‍ഷങ്ങളിലാണ് നിപ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളത്തില്‍ പഴന്തീനി വവ്വാലുകളില്‍ നിപ വൈറസിന്‌റെ സാന്നിധ്യം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിപ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും നിപ വൈറസിന്‌റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയിട്ടുണ്ട്. അപൂര്‍വമാണെങ്കിലും ഈ വൈറസുകള്‍ മനുഷ്യരിലേക്ക് എത്തുന്നതിനും മരണങ്ങള്‍ക്കും ഭീതിക്കും കാരണമാകുന്നുണ്ട്.

കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത 2018ലും 2023ലും കുടുംബങ്ങള്‍ക്കുള്ളിലും ആശുപത്രികള്‍ കേന്ദ്രീകരിച്ചും അണുബാധ മറ്റുള്ളവരിലേക്ക് പടരുന്ന സാഹചര്യം ഉണ്ടായി. സംസ്ഥാനത്ത് മനുഷ്യര്‍ക്കിടയിലും വവ്വാലുകള്‍ക്കിടയിലും കണ്ടെത്തിയിട്ടുള്ള നിപ വൈറസ് വകഭേദം ബംഗ്ലാദേശില്‍ കാണപ്പെടുന്ന നിപ വൈറസുമായി ജനിതകമായി വളരെ സാമ്യമുള്ളതാണെങ്കിലും അവിടെനിന്ന് കടന്നുവന്നതല്ല എന്നാണ് കരുതുന്നത്. ജനിതക പ്രത്യേകതകള്‍ കാണിക്കുന്നത് കേരളത്തില്‍ നേരത്തേതന്നെ ഈ വൈറസ് വവ്വാലുകളില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ 2018നുശേഷം മാത്രമാണ് കണ്ടെത്തിയതെന്നുമാണ്.

2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കേരളത്തില്‍ മനുഷ്യരിലും വവ്വാലുകളിലുമായി കണ്ടെത്തിയ നിപ വൈറസിന് തമ്മില്‍ ജനിതകവ്യത്യാസങ്ങല്‍ കാര്യമായി കാണുന്നില്ല. എന്നാല്‍ ഈ രോഗം ഉണ്ടാക്കുന്ന മരണനിരക്ക് 90 ശതമാനത്തില്‍നിന്ന് ഏതാണ്ട് 33 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

വവ്വാലുകളില്‍നിന്ന് വൈറസ് ഏതൊക്കെ രീതിയിലാണ് മനുഷ്യരിലേക്ക് എത്തിച്ചേരുക എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിച്ചില്ല. ഏതെങ്കിലും മൃഗങ്ങള്‍ വവ്വാലുകള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ ഇടനിലക്കാരായി വര്‍ത്തിച്ച് അണുബാധ മനുഷ്യരിലേക്ക് എത്തിക്കുന്നുണ്ടോ എന്നതും കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

കേരളത്തില്‍ നിപ അണുബാധകളെല്ലാം സംഭവിച്ചിരിക്കുന്നത് മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ്. വവ്വാലുകളുടെ ഇണചേരലും പ്രജനനവും നടക്കുന്ന സമയമാണ് ഇത്. കൂടാതെ നമ്മുടെ നാട്ടില്‍ സുലഭമായ പല പഴങ്ങളും മൂത്ത് പഴുക്കുന്നത് ഈ സമയത്താണ്. പ്രജനന കാലത്ത് വവ്വാലുകളില്‍ നിപ വൈറസിന്‌റെ സാന്നിധ്യം വളരെ കൂടുതലാവുകയും അത് നേരിട്ട് വവ്വാലുകളുമായുള്ള സമ്പര്‍ക്കം, അവയെ മാംസത്തിനായി ഉപയോഗിക്കുക തുടങ്ങിയവയിലൂടെയോ വവ്വാലുകള്‍ കടിച്ച് ഉപേക്ഷിക്കുന്ന പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയോ ഇവയുടെ വിസര്‍ജ്യം വഴിയോ വാഴക്കൂമ്പുകളിലെ തേന്‍ പോലെയുള്ള വസ്തുക്കള്‍ വഴിയോ ഇടനിലക്കാരായി നില്‍ക്കുന്ന മൃഗങ്ങള്‍ വഴിയോ മനുഷ്യരിലേക്ക് എത്തിച്ചേരാം. വവ്വാലുകളെ പിടികൂടുക, വേദനിപ്പിക്കുക, അവയുടെ ആവാസവ്യവസ്ഥ തകര്‍ക്കുക, ഭയപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങള്‍ വൈറസുകള്‍ കൂടുതലായി മനുഷ്യരിലേക്ക് എത്തുന്ന അവസ്ഥ സൃഷ്ടിക്കുമെന്ന് പഠനങ്ങളും കാണിക്കുന്നു.

മസ്തിഷ്‌ക ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടലോടു കൂടിയുള്ള പനികള്‍ നിരീക്ഷിക്കുന്നതിലൂടെ നിപ ഉള്‍പ്പെടെയുള്ള ഗുരുതര വൈറസ് പകര്‍ച്ചവ്യാധികളെ നേരത്തേ കണ്ടെത്താനാകും. നിപ മനുഷ്യരിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടെങ്കില്‍ അത് നേരത്തേ കണ്ടെത്തുന്നത് അണുബാധ കാരണമുള്ള മരണനിരക്കും സങ്കീര്‍ണതകളും കുറയ്ക്കാന്‍ സഹായിക്കും. കുടുംബത്തിനുള്ളിലോ അടുത്ത സുഹൃത്തുക്കള്‍ക്കിടയിലോ ഒരുമിച്ച് ജോലിയെടുക്കുന്നവര്‍ക്കിടയിലോ ഒന്നിലധികം ആളുകള്‍ സമാന സാഹചര്യത്തില്‍ മരണപ്പെടുകയോ അവര്‍ക്കിടയില്‍ മസ്തിഷ്‌ക ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളുള്ള പനികള്‍ ഉണ്ടാവുകയോ ചെയ്താല്‍ നിപ ബാധ സംശയിക്കണം.

ആശുപത്രികളുടെ തിരക്കേറിയ കാഷ്വാലിറ്റി അല്ലെങ്കില്‍ എമെര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്‌റ്, പരിശോധന മുറികള്‍ തുടങ്ങിയ ഇടങ്ങളില്‍ ഉയര്‍ന്ന അളവില്‍ നിപയുടെ പകര്‍ച്ച സംഭവിക്കാമെന്ന് ഇതുവരെയുള്ള അനുഭവങ്ങള്‍ കാണിക്കുന്നത്. മാസ്‌കുകള്‍ പോലെയുള്ള വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ ശീലമാക്കാത്ത ആരോഗ്യപ്രവര്‍ത്തകരിലേക്ക് നി പകരാനുള്ള സാധ്യത കൂടുതലുമാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം