HEALTH

രോഗികളെ അനാവശ്യമായി മരുന്ന് കഴിപ്പിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍; ക്രമക്കേട് ചൂണ്ടിക്കാട്ടി ഐസിഎംആര്‍

അസിഡിറ്റിക്ക് പരിഹാരമേകുന്ന പാന്‌റോപ്രസോള്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ നിരവധി രോഗികള്‍ക്ക് ക്രമരഹിതമായി നിര്‍ദേശിക്കുന്നുണ്ട്

വെബ് ഡെസ്ക്

രാജ്യത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് കുറിപ്പടികളില്‍ കാര്യമായ ക്രമക്കേടുകള്‍ നടക്കുന്നതായി ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). ഐസിഎംആറിന്‌റെ റാഷണല്‍ യൂസ് ഓഫ് മെഡിസിന്‍സ് ടാസ്‌ക് ഫോഴ്‌സ് പദ്ധതിയുടെ ഭാഗമായി നടത്തിയ ഗവേഷണത്തില്‍ 45 ശതമാനം മരുന്ന് കുറിപ്പടികളും സാധാരണ ചികിത്സാമാര്‍ഗ നിര്‍ദേശങ്ങളില്‍നിന്ന് വ്യതിചലിച്ചുള്ളവയാണെന്ന് കണ്ടെത്തി. ഇതില്‍ പത്ത് ശതമാനം 'അസ്വീകാര്യമായ' വ്യതിയാനങ്ങളാണെന്നും ഗവേഷണം പറയുന്നു.

ഹെല്‍ത് റിസര്‍ച്ച് ഏജന്‍സിയുടെ ഫെബ്രുവരി ലക്കം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 13 ടെറിറ്ററി കെയര്‍ ഹോസ്പിറ്റലുകളിലെയും മെഡിക്കല്‍ കോളേജുകളിലെയുമായി 7800 ഔട്ട്‌പേഷ്യന്‌റ് രോഗികളുടെ കുറിപ്പടികള്‍ പരിശോധിച്ചു. ഡ്യൂഡല്‍ഹിയിലെയും ഭോപ്പാലിലെയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മുംബൈ കെഇഎം ഹോസ്പിറ്റല്‍, ചണ്ഡിഗഡ് പോസ്റ്റ ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (PGIMER), പുതുച്ചേരി ജവഹല്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (JIPMER) എന്നിവ പട്ടികയില്‍ ഉള്‍പ്പെടുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആണ് സര്‍ക്കാരിതര ആശുപത്രിയായി ഗവേഷണത്തില്‍ പങ്കെടുത്തത്.

അനാവശ്യ ഫലങ്ങള്‍ നല്‍കുന്ന രണ്ടോ അതിലധികമോ മരുന്നുകളുടെ കൂട്ടിച്ചേര്‍ക്കല്‍, കാര്യമായ പ്രതികരണം നല്‍കാത്തവ, ചെലവ് കൂടിയവ, പാര്‍ശ്വഫലങ്ങള്‍ തടയാവുന്ന മരുന്നുകള്‍, ആന്‌റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്നിവയാണ് 'അസ്വീകാര്യമായ' കുറിപ്പടിയില്‍ ചേര്‍ത്തത്. ഇത്തരം കുറിപ്പടികളിലുണ്ടായിരിന്ന ഓന്നോ അതിലധികമോ മരുന്നുകള്‍ രോഗികള്‍ക്ക് അപകടകരമായതും അനാവശ്യവുമായിരുന്നു.

ഇത്തരത്തിലുള്ള രാജ്യത്തെതന്നെ ആദ്യ പഠനമാണിതെന്ന് രണ്ട് പഠനരചയിതാക്കള്‍ പറയുന്നു. അസ്വീകാര്യമായത് എന്ന തരംതിരിച്ച കുറിപ്പടികളില്‍ മിക്കതിലും നെഞ്ചെരിച്ചിലിനുള്ള പാന്റോപ്രസോള്‍ ഉള്ളതായി ഗവേഷണം പറയുന്നു. വയറിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്കു പോകുന്ന ഗ്യാസ്‌ട്രോഫീഗല്‍ റിഫ്‌ളക്‌സ് ഡിസീസിന് ഉപയോഗിക്കുന്ന റാബെപ്രസോളിന്‌റെയും ഡോംപെരിഡോണിന്‌റെയും നിശ്ചിത ഡോസ് സംയോജനമാണ് അസ്വീകാര്യമായ വിഭാഗത്തില്‍ കാണപ്പെട്ട മറ്റൊരു മരുന്ന്.

ചികിത്സാമാര്‍ഗനിര്‍ദേശങ്ങളില്‍നിന്നുള്ള വ്യതിചനലങ്ങള്‍ക്കും അവയുടെ പരിണത ഫലങ്ങള്‍ക്കും ഇന്ത്യയിലുടനീളമുള്ള തൃതീയ പരിചരണ ആശുപത്രികളില്‍ നിന്നുള്ള കുറിപ്പടികളുടെ മൂല്യനിര്‍ണയം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അപ്പര്‍ റസ്പിറേറ്ററി ട്രാക്ട് ഇന്‍ഫെക്ഷന്‍, രക്തസമ്മര്‍ദം എന്നീ രോഗാവസ്ഥകളാണ് പ്രധാനമായും അസ്വീകാര്യമായത് എന്ന ഗണത്തില്‍ പെടുത്തിയിരുന്നത്.

വ്യതിയാനങ്ങളുടെ അന്തരഫലങ്ങള്‍ ചെലവിലുണ്ടാകുന്ന വര്‍ധന, മരുന്നുകള്‍ക്കുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍, അനിയന്ത്രിത മിശ്രണം, ചികിത്സാപ്രതികരണത്തിന്‌റെ അഭാവം, ആന്‌റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് എന്നിവയാണെന്ന് രചയിതാക്കള്‍ പറയുന്നു.

വിശകലനം ചെയ്ത കുറിപ്പടികളില്‍ 90 ശതമാനവും സ്വീകാര്യമായിരുന്നെങ്കിലും ഈ ഫലങ്ങള്‍ ഇപ്പോഴും ആശങ്കാജനകമാണെന്ന് ഗവേഷകര്‍ പറയുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ സ്വാധീനമില്ലാതെ ഡോക്ടര്‍മാര്‍ മരുന്ന് കുറിക്കുന്നുണ്ടെങ്കിലും വ്യതിയാനങ്ങള്‍ സംഭവിക്കുകയാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. യശശ്രി ഷെട്ടി പറയുന്നു.

അസിഡിറ്റിക്ക് പരിഹാരമേകുന്ന പാന്‌റോപ്രസോള്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ നിരവധി രോഗികള്‍ക്ക് ക്രമരഹിതമായി നിര്‍ദേശിക്കുന്നുണ്ട്. പാന്‌റോപ്രസോള്‍ കഴിക്കുന്നവരില്‍ ഹൃദയരോഗത്തിനുള്ള ചില മരുന്നുകള്‍ ഫലം നല്‍കില്ലെന്നും അത്തരം പ്രശ്‌നകരമായ കുറിപ്പടികള്‍ കണ്ടെത്തിയതായും ഡോ.യശശ്രി പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ