സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്‌സിൻ പുറത്തിറക്കി. സീറം ഇൻസ്റ്റിറ്റ്യൂട്ടും കേന്ദ്ര സർക്കാരും ചേർന്ന് വികസിപ്പിച്ച സെർവാവാക് എന്ന ക്യൂഎച്ച്പിവി (ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിന്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്ങാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. രാജ്യത്തെ കാന്‍സർ കേസുകളില്‍ രണ്ടാം സ്ഥാനം സെർവിക്കല്‍ കാന്‍സറിനാണ്.ലോകമെമ്പാടുമുള്ള സെർവിക്കല്‍ കാന്‍സർ രോഗികളുടെ നാലിലൊന്നും ഇന്ത്യയിലാണ്. വാക്സിനിലൂടെ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നിട്ടും ഈ കണക്കുകള്‍ ഖേദകരമാണെന്ന് വാക്സിന്‍ പുറത്തിറക്കിക്കൊണ്ട് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
വിവിധ വൈറസ് വകഭേദങ്ങള്‍ക്കെതിരെ, എല്ലാ പ്രായക്കാരിലും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് വാക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. സ്വാഭാവിക വാക്സിനുകളേക്കാള്‍ 1000 മടങ്ങ് ശക്തമായി പ്രതിരോധം തീര്‍ക്കാന്‍ സെർവാവാകിന് കഴിയുമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വിപണിയിൽ ഉടന്‍ ലഭ്യമാക്കാന്‍ ഒരുങ്ങുന്ന വാക്‌സിന് 200 മുതൽ 400 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വാക്‌സിൻ വികസിപ്പിക്കുന്നതിനായുള്ള ശാസ്ത്രീയഘട്ടങ്ങള്‍ വിജയകരമായി പൂർത്തിയാക്കിയതായി ജിതേന്ദ്ര സിംഗ് അറിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് വാക്‌സിൻ വിപണിയിൽ എത്തിക്കാൻ ആണ് ശ്രമം.
എന്താണ് സെര്‍വിക്കല്‍ കാന്‍സര്‍ ?
കാന്‍സര്‍ വിഭാഗത്തില്‍ ഏറ്റവും അപകടകരമായ ഒന്നാണ് ഗര്‍ഭാശയഗള അര്‍ബുദം അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. പലപ്പോഴും രോഗലക്ഷണങ്ങള്‍ ഉണ്ടാകാത്തതുമൂലം രോഗം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. ലൈംഗിക ബന്ധത്തില്‍ കൂടി പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് രോഗത്തിന് കാരണം. 30 മുതല്‍ 69 ന് ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് രോഗം കൂടുതലായും കാണപ്പെടുന്നത്. രാജ്യത്ത് ഓരോ എട്ടുമിനിട്ടിലും ഒരു സ്ത്രീ ഗര്‍ഭാശയഗള അര്‍ബുദം മൂലം മരിക്കുന്നതായാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലക്ഷണങ്ങളും പരിശോധനയും
രണ്ടു ആര്‍ത്തവചക്രങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന അസാധാരണ രക്തസ്രാവമാണ് സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രധാനലക്ഷണം. പാപ്സ്മിയര്‍ ടെസ്റ്റാണ് (പിഎപി) സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്താന്‍ ഏറ്റവും ഫലപ്രദമായ മാർഗം. യോനീമുഖത്തെ അണുബാധകള്‍ കണ്ടെത്താനും ഈ പരിശോധന നടത്താവുന്നതാണ്. ഗര്‍ഭാശയമുഖത്തെ കോശങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടോ, കാന്‍സര്‍ ഉണ്ടോ, കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നൊക്കെ പിഎപിയിലൂടെ അറിയാം.
പുകവലി, വൃത്തിക്കുറവ്, പ്രതിരോധ ശേഷിക്കുറവ്, പോഷകാഹാരക്കുറവ് എന്നിവയെല്ലാം കാന്‍സറിന് കാരണമാകാറുണ്ട്. ക്രമാതീതമായി ഭാരം കുറയുന്നതും ഉദരത്തിലും ശരീരഭാഗങ്ങളിലും ഉണ്ടാകുന്ന വേദനയും രോഗ ലക്ഷണങ്ങളാണ്. 21-29 വയസിനിടയില്‍ പ്രായമുള്ളവർ മൂന്ന് വർഷം കൂടുമ്പോഴും 30-65 ഇടയിലുള്ളവർ ഓരോ അഞ്ച് വർഷത്തിലും പിഎപി പരിശോധനയ്ക്ക് വിധേയമാകണം. സെർവിക്കൽ കാൻസർ പ്രതിരോധ വാക്സിൻ സ്വീകരിച്ചവർ പോലും മൂന്ന് വർഷത്തിൽ ഒരിക്കൽ പരിശോധന നടത്തണം.
പ്രതിരോധം തന്നെ പ്രതിവിധി
ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കാൻ മറ്റ് വാക്സിനുകളും ലഭ്യമാണ്. 9-12 വരെ പ്രായമുള്ള കുട്ടികളിലാണ് കുത്തിവയ്പ്പ് നിർദേശിക്കുന്നതെങ്കിലും, 26 വയസ് വരെയുള്ളവർക്ക് വാക്സിനെടുക്കാം. 15 വയസിന് താഴെയുള്ളവർക്ക് രണ്ട് ഡോസും, മുകളിലുള്ളവർക്ക് മൂന്ന് ഡോസുമാണ് കണക്കാക്കിയിട്ടുള്ളത്. ലൈംഗിക ബന്ധത്തിലേർപ്പെട്ട് തുടങ്ങുന്നതിന് മുന്‍പ് തന്നെ വാക്സിൻ സ്വീകരിക്കുന്നതാണ് അഭികാമ്യം. കാര്യമായ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാത്ത വാക്സിനുകള്‍ എച്ച്പിവി വൈറസ് മൂലമുണ്ടാകുന്ന മറ്റ് കാൻസറുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായകമാണ്.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള അവകാശം സീറം ഇൻസ്റ്റിട്യൂട്ടിന് നൽകിയത്. ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍, സർക്കാർ സംവിധാനങ്ങൾക്ക് ലഭ്യമാക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനെവാല പറഞ്ഞു. 200 മില്യൺ ഡോസ് വാക്‌സിനുകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നതായും ഇന്ത്യയിൽ ലഭ്യത ഉറപ്പാക്കിയതിനു ശേഷം വിദേശത്തേക്ക് കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽ ആകമാനം വാക്‌സിൻ എത്തിക്കുന്നതിന് 2000 വോളന്റീയർമാരുടെ കൂട്ടായ്മയെ സജ്ജമാക്കുമെന്ന് ബയോടെക്നോളജി ഡിപ്പാർട്മെന്റിന്റെ സെക്രട്ടറി ആയ രാജേഷ് ഗോഖലെ അറിയിച്ചു.