ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. എന്നാല്‍ ലോകത്ത് പുരുഷന്‍മാരുടെ ജീവിതം അത്ര സുഖകരമല്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 'പുരുഷന്മാരുടെ ആത്മഹത്യ ഇല്ലാതാക്കുക - Zero Male Suicide' എന്നതാണ് ഈ വര്‍ഷത്തെ (2023) അന്താരാഷ്ട്ര പുരുഷ ദിനം ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം. ഈ സന്ദേശത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്നതാണ് അടുത്തിടെ പുറത്തുവന്ന പഠനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ രീതിയിലുള്ള വ്യത്യാസം രുപം കൊണ്ടിട്ടുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്ത്രീകള്‍ക്ക് മുമ്പേ പുരുഷന്മാര്‍ മരിക്കുന്നുവെന്ന് കണക്കുകള്‍.
വിവിധ തരത്തിലുള്ള ജീവിത പ്രതിസന്ധികളും പുരുഷന്‍മാരുടെ . ആയുര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്നു എന്നാണ് പഠനം. 2022ല്‍ ജര്‍മനിയില്‍ 78 വര്‍ഷമായിരുന്നു പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ സ്ത്രീകളുടേത് 82.8 ആയിരുന്നു. 2021ലെ കണക്ക് പ്രകാരം അമേരിക്കയിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 79 വര്‍ഷമാണെങ്കില്‍ പുരുഷന്മാരുടേത് 73 വര്‍ഷമായിരുന്നു. ആയുര്‍ദൈര്‍ഘ്യത്തില്‍ കാണിക്കുന്ന ഈ വ്യത്യാസം 1996ന് ശേഷമുള്ള ഏറ്റവും വലിയ വ്യത്യാസമായിരുന്നു.
എന്നാല്‍ ഈ വ്യത്യാസങ്ങള്‍ക്ക് കോവിഡ് 19 അടക്കമുള്ള ബാഹ്യ ഘടകങ്ങള്‍ കാരണമാകുന്നുവെന്നാണ് അമേരിക്കന്‍ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. കോവിഡ്, പുരുഷന്മാരെ ക്രമാതീതമായി ബാധിച്ചുവെന്നും അത് ശരാശരി ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമായെന്നും ജാമ ജേര്‍ണല്‍ ഓഫ് ഇന്റേര്‍ണല്‍ മെഡിസിനില്‍ ഈ മാസം പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിക്കുന്നു.
ആത്മഹത്യ, ആസക്തി പ്രശ്‌നങ്ങള്‍, അക്രമാസക്തമായ കുറ്റകൃത്യം തുടങ്ങിയവയും മറ്റ് കാരണങ്ങളായി സൂചിപ്പിക്കുന്നു. ''മയക്കുമരുന്നിന്റെ അമിതോപയോഗവും കൊലപാതകത്തിന്റെ നിരക്കും സ്ത്രീകളിലും പുരുഷന്മാരിലും നന്നായി വര്‍ധിച്ചു. എന്നാല്‍ ഈ മരണങ്ങളില്‍ പുരുഷന്മാരുടെ അനുപാതം കൂടുതലാണ്''-പഠനത്തിന്റെ പ്രധാന ഗവേഷകനായ ബ്രാന്‍ഡന്‍ യാന്‍ പറയുന്നു.
പുരുഷന്മാര്‍ പതിവ് ആരോഗ്യ പരിശോധനകളില്‍ മടി കാണിക്കുന്നുവെന്നും അഗ്നിശമന, സൈനിക പോരാട്ടം തുടങ്ങിയ അപകടകരമായ ജോലികളില്‍ സ്ത്രീകളേക്കാള്‍ കൂടുതലും പുരുഷന്മാരാണെന്നതും ഈ വ്യത്യാസത്തിന് പ്രധാന കാരണമായി വാതരോഗ വിദഗ്ധനും ഹാര്‍വാര്‍ഡ് ആരോഗ്യ പബ്ലിഷിങ്ങിന്റെ സീനിയര്‍ ഫാക്കല്‍റ്റി എഡിറ്ററുമായ റോബര്‍ട്ട് എച്ച് ഷ്‌മെര്‍ലിങ് പറയുന്നു. സ്ത്രീകളേക്കാള്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആത്മഹത്യ ചെയ്യുന്ന പുരുഷന്‍മാരുടെ എണ്ണം ഇന്ത്യയിലും വളരെ ഉയര്‍ന്ന നിലയിലാണെന്നാണ് സര്‍ക്കാര്‍ രേഖകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച്, പുരുഷന്മാരിൽ ആത്മഹത്യ പ്രവണത വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020-ൽ മാത്രം 35333 പുരുഷന്മാരും 16140 സ്ത്രീകളുമാണ് ഇന്ത്യയിൽ ജീവനൊടുക്കിയത്. "കുടുംബ പ്രശ്നം" മാണ് രാജ്യത്തെ ആത്മഹത്യകള്‍ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇവ കൂടാതെ ഹൃദയ സംബന്ധമായ രോഗങ്ങളും പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം കുറയാനുള്ള കാരണമായി ഷ്‌മെര്‍ലിങ് സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണം മരിക്കുന്ന പുരുഷന്മാരുടെ കണക്ക് സ്ത്രീകളേക്കാള്‍ 50 ശതമാനം കൂടുതലുമാണ്. എന്നാല്‍ യൂറോപ്പില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ താരതമ്യേന കുറവായതിനാല്‍ തന്നെ ആയുര്‍ദൈര്‍ഘ്യത്തിന്റെ സ്ത്രീ-പുരുഷ വ്യത്യാസം കുറവാണ്.
ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, സ്ലോവാക്യ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ജര്‍മനിയുടെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ നിന്നും മരണനിരക്കിലുള്ള ലിംഗവ്യത്യാസം കുറഞ്ഞതായി കണ്ടെത്തി. നിയോപ്ലാസം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ പുരുഷന്മാരില്‍ കുറഞ്ഞതാണ് ആയുര്‍ദൈര്‍ഘ്യത്തിലെ വ്യത്യാസങ്ങളിലും കുറവ് കാണിക്കുന്നതെന്നാണ് 2023 ജൂലൈയില്‍ യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ പറയുന്നത്. ഈ പഠനത്തില്‍ ഉള്‍പ്പെട്ട ഏഴ് രാജ്യങ്ങളിലും 1996ല്‍ നിന്നും 2019ലെത്തിയപ്പോള്‍ മരണനിരക്കില്‍ കുറവ് സംഭവിച്ചിരുന്നു. എന്നാല്‍ ചെക്ക് റിപ്പബ്ലിക്കില്‍ ശ്വാസകോശ കാന്‍സര്‍ കാരണം മരിക്കുന്ന പുരുഷന്മാര്‍ കുറവായത് കൊണ്ട് മരണനിരക്കിലെ സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ശ്വാസകോശ കാന്‍സര്‍ കാരണം മരിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ട്.
മൃഗങ്ങളുടെ കാര്യമെടുത്താലും ആണ്‍മൃഗങ്ങളേക്കാള്‍ പെണ്‍മൃഗങ്ങള്‍ക്കാണ് ആയുര്‍ദൈഘ്യം കൂടുതല്‍. 2020 മാര്‍ച്ചില്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പെണ്‍ സസ്തനികള്‍ ആണ്‍ സസ്തനികളേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നുവെന്നാണ് കണ്ടെത്തല്‍. 101 സ്പീഷിസുകളില്‍ നടത്തിയ പഠനത്തില്‍ സ്ത്രീകളേക്കാള്‍ 18.6 ശതമാനം കുറവ് ആയുര്‍ദൈര്‍ഘ്യം മാത്രമേ പുരുഷന്മാര്‍ക്കുള്ളൂ. ഈ വ്യത്യാസം വ്യക്തമായ ഒരു മൃഗം ബിഗ്‌ഹോണ്‍ ഷീപ്പാണ്. എന്നാല്‍ ഈ വ്യത്യാസം ചില സമയങ്ങളില്‍ മാത്രമേ കാണിക്കാറുള്ളു. ഭക്ഷണമടക്കുള്ള അനുകൂല സാഹചര്യങ്ങളില്‍ ആണ്‍ ആടുകളും പെണ്‍ ആടുകളും തമ്മിലുള്ള വ്യത്യാസം കുറയുന്നു.