2018ല്‍ ആദ്യമായി കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചപ്പോൾ കേരളത്തിലെത്തി പഠനങ്ങളില്‍ സഹായിച്ച ശാസ്ത്രജ്ഞനാണ് മലയാളിയായ ഡോ. എപി സുഗുണന്‍. പോര്‍ട്ട്‌ബ്ലെയറിലെ ഐസിഎംആര്‍ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിൽ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ഐസിഎംആര്‍ - എന്‍ഐവി കേരള യൂണിറ്റ് ആലപ്പുഴയുടെ അഡിഷണൽ ചാര്‍ജ് ഓഫ് ഓഫീസര്‍ ഇന്‍ ചാര്‍ജായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വീസില്‍നിന്ന് വിരമിച്ച അദ്ദേഹം കേളത്തിൽ നിപ ആദ്യമായി സ്ഥിരീകരിച്ച അനുഭവവും നിപ പഠനങ്ങളെക്കുറിച്ചും ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.
നിപ 2018ല്‍ ആദ്യമായി കോഴിക്കോട്ട് സ്ഥിരീകരിച്ചപ്പോൾ താങ്കളുടെ സഹായം നിര്‍ണായകമായെന്നായിരുന്നു അന്നത്തെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞത്. എന്തായിരുന്നു ആദ്യ നിപ അനുഭവം?
2018 ല്‍ നിപവ്യാപനം ഉണ്ടായപ്പോള്‍ ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി ടീമിന്റെ ഭാഗമായാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. 30 വര്‍ഷത്തെ പൊതുജനാരോഗ്യ ജീവിതത്തില്‍ ഞാന്‍ പങ്കെടുത്ത മികച്ച പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു അത്. രാഷ്ട്രീയനേതൃത്വം മുതൽ പ്രാദേശിക പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ വരെ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും കോഴിക്കോട് നിപ വ്യാപനം പൂര്‍ണമായും ഇല്ലാതായെന്ന് ഉറപ്പുവരുത്തുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.
നിപ വ്യാപനത്തെ എങ്ങനെ നേരിടണമെന്നതില്‍ ലോകത്ത് അധികം അനുഭവങ്ങളണ്ടായിരുന്നില്ല. കേസുകള്‍ കണ്ടെത്തല്‍, രോഗനിര്‍ണയം, രോഗികളുടെ ഐസൊലോഷന്‍, രോഗികളുടെ പരിചരണം, അണുബാധ വഹിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ നശിപ്പിക്കല്‍, മൃതശരീരം അടക്കം ചെയ്യല്‍, ജനങ്ങളുമായുള്ള ആശയവിനിമയം തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള പ്രോട്ടോകോള്‍ ആരോഗ്യമന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിഎച്ച്എസ്, മറ്റ് ഉദ്യാഗസ്ഥര്‍ എന്നിവരുടെ ഒരു ടീം വികസിപ്പിക്കുകയും ഈ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുകയും ചെയ്തു. ചുമതലപ്പെട്ടവര്‍ കോഴിക്കോട് തന്നെ ക്യാമ്പ് ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഐസിഎംആര്‍ അടക്കമുള്ള നിരവധി ഏജന്‍സികളുടെ സേവങ്ങളും ആ ഘട്ടത്തില്‍ ലഭ്യമാക്കിയിരുന്നു. എല്ലാത്തിനുമുപരി കോഴിക്കോട്ടെ ആരോഗ്യപ്രവര്‍ത്തകരെല്ലാം വളരെയധികം സഹകരണമനോഭാവത്തോടെ പ്രവര്‍ത്തിച്ചു.
2018ൽ നിപ ആദ്യ അനുഭവമായതിനാല്‍ രോഗസ്ഥിരീകരണത്തിന് സമയമെടുത്തു. ഇപ്പോള്‍ ഓഗസ്റ്റ് 30ന് ആദ്യ മരണവും സെപ്റ്റംബര്‍ 11ന് രണ്ടാം മരണം സഭവിച്ചതിനുശേഷം സെപ്റ്റംബര്‍ നിപ സ്ഥിരീകരിക്കാനായത്? ഇക്കാര്യത്തിൽ പഴയ അവസ്ഥ തന്നെയാണോ തുടരുന്നത്?
ലബോറട്ടറിയില്‍ രോഗനിര്‍ണയത്തിന് എടുത്തതല്ല പത്ത് ദിവസത്തെ കാലതാമസമെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിപ വൈറസ്ബാധ സംശയിക്കുന്നതിനും ലബോറട്ടറിയോട് രോഗനിര്‍ണയം ആവശ്യപ്പെടുന്നതിനുമാണ് കാലതാമസം നേരിട്ടത്. ചില വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്.
എ) നിപ്പ വൈറസ് ബാധ സംശയിക്കുന്നത് ചില പ്രത്യേക സാഹചര്യത്തിലാണ്:
(1) രോഗിക്ക് അക്യൂട്ട് എന്‍സെഫലിറ്റീസ് സിന്‍ഡ്രോം (തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന പ്രശ്നങ്ങള്‍), അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് (രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന ശ്വാശകോശ സംബന്ധമായ പ്രശ്നങ്ങള്‍), ഇത് രണ്ടുമോ ഉണ്ടാകുക.
(2) രോഗവാഹകരായ മൃഗങ്ങളുടെ സ്രവങ്ങളോ വിസര്‍ജ്യമോ ആയി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം.
(3) ഒരു കുടുംബത്തില്‍ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്നത്.
2018 ലും 2023 ലും ക്ലസ്റ്ററിങ്ങ് രൂപപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. അതുകൊണ്ടുതന്നെ 2018 ലും 2023 ലും ആദ്യ രോഗിയില്‍നിന്നുള്ള സമ്പര്‍ക്കത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് നിപ ബാധ സംശയിക്കപ്പെടുന്നത്. 2019 ല്‍ എറണാകുളത്തുണ്ടായ രണ്ടാമത്തെ ഔട്ട്ബ്രേക്കില്‍ രോഗിക്ക് വവ്വാലുകളുമായി സമ്പര്‍ക്കമുണ്ടായത് സംശയത്തിനിടയാക്കി. 2021ല്‍ രോഗിയ്ക് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടായ തകരാറും മറ്റു ചില ലക്ഷണങ്ങളും ഡോക്ടര്‍മാരെ നിപ്പ സംശയത്തിലേക്ക് എത്തിച്ചു.
ബി) നിപ സംശയിക്കുന്നതില്‍ നേരെത്തെ പറഞ്ഞ ഘടകങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ നോക്കുക. ക്ലസ്റ്ററിങ്ങ് ഒരു നിര്‍ബന്ധ ഘടകമായി കണക്കാക്കിയാല്‍ രോഗ ബാധിതനായ വ്യക്തിയില്‍നിന്ന് സമ്പര്‍ക്കത്തിലൂടെ രണ്ടാംതലമുറ കേസുകള്‍ രൂപപ്പെടുമ്പോഴാണ് നിപ്പ സംശയിക്കാനാവുക. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാനുള്ള ഇന്‍ക്യുബേഷന്‍ കാലയളവിന് സമാനമാണ് ഈ കാലതാമസം.
സി) വവ്വാലുകളുമായി സമ്പര്‍ക്കം നിര്‍ബന്ധ ഘടകമായി കണക്കാക്കിയാല്‍ കേസുകള്‍ കണ്ടുപിടിക്കപ്പെടാതെ പോകാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയുള്ള സമ്പര്‍ക്കം പ്രകടമായിക്കൊള്ളണമെന്നില്ല.
ഡി) നിപ്പ സംശയിക്കാന്‍ എഇഎസ് അല്ലെങ്കില്‍ എആർഡിഎസ് മതിയെങ്കില്‍, അത്തരം എല്ലാ കേസുകളും പരിശോധിക്കേണ്ടതായി വരും. എന്നാല്‍ ഒരോ വര്‍ഷവും കേരളത്തിലെ ആശുപത്രികളില്‍ ഇത്തരത്തില്‍ 5000 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവ പരിശോധിക്കാന്‍ ട്രൂനാറ്റ് പോലെയുള്ള ടെസ്റ്റുകള്‍ ചെയ്യേണ്ടിവരും. ഇത്രയും ടെസ്റ്റുകള്‍ ചെയ്താല്‍, ഒന്നോ രണ്ടോ നിപ്പ കേസുകള്‍ കണ്ടുപിടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനു വലിയ ചെലവ് വരുമെങ്കിലും, ഒരു പക്ഷേ ഇതുമാത്രമായിരിക്കും പോംവഴി. ഈ ചെലവ് നീതീകരിക്കാവുന്നതാണോയെന്ന് ആലോചിക്കേണ്ടതുണ്ട്.
സാമ്പിളുകള്‍ എടുത്ത ഉടനെ അവയെ നിര്‍വീര്യമാക്കേണ്ടിവരുന്നതാണ് ഈ സമീപനത്തിന്റെ മറ്റൊരു പരിമിതി. അങ്ങിനെ നിര്‍വീര്യമാക്കിയ സാമ്പിള്‍ പരിശോധിച്ചാല്‍, നിപ വൈറസിന്റെ ഘടകങ്ങള്‍ അതിലുണ്ടോയെന്ന് മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. കള്‍ച്ചര്‍ ചെയ്ത് വൈറസിനെ വീണ്ടെടുക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ, അങ്ങേയറ്റം അപകടകാരിയും ആയുധവത്കരിക്കാന്‍ സാധ്യതയുള്ളതുമായ നിപ വൈറസിന്റെ ജനിതഘടനയെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭിക്കാതെ പോകും. നിപ്പ വൈറസ് ബിഎസ്എൽ ലെവല്‍ നാല് സുരക്ഷാ സൗകര്യമുള്ള പരീക്ഷണശാലകളില്‍ മാത്രമേ കള്‍ച്ചര്‍ ചെയ്യാന്‍ അനുവാദമുള്ളൂ. ഇന്ത്യയില്‍ അത്തരത്തിലുള്ള രണ്ട് പരീക്ഷണശാലകള്‍ മാത്രമേ ഉള്ളൂ.
ഇ) മറ്റൊരു മാര്‍ഗം എല്ലാ എഇഎസ് കേസുകളിലും ഒരു ആന്റിബോഡി ഡിക്റ്ററ്റിങ്ങ് പരിശോധന നടത്തുകയെന്നതാണ്. അതിന്റെ ഫലം ശരിയാകാനുള്ള സാധ്യത 98-99 ശതമാനം വരെയാണ്. എന്നാല്‍ അപ്പോഴും 100 ല്‍ ഒന്നോ രണ്ടോ പേര്‍ക്ക് തെറ്റായ പോസിറ്റീവ് ഫലം ലഭിക്കാം. ഒരു വര്‍ഷം കേരളത്തില്‍ ഉണ്ടാകുന്ന എഇഎസ്/എആർഡിഎസ് കേസുകള്‍ ഇത്തരത്തില്‍ പരിശോധിക്കുകയാണെങ്കില്‍ നൂറോളം തെറ്റായ ഫലങ്ങള്‍ ലഭിച്ചേക്കും. ഇത്തരത്തില്‍ തെറ്റായി ലഭിക്കുന്ന പോസിറ്റീവ് ഫലങ്ങളുണ്ടാക്കുന്ന സാമൂഹികപ്രത്യാഘതങ്ങള്‍ നമുക്ക് താങ്ങാനാകുമോയെന്നതും ആലോചിക്കേണ്ടതാണ്.
നിപ ടെസ്റ്റിങ്ങിനും നേരത്തെ രോഗനിര്‍ണയം നടത്താനുമുള്ള പ്രോട്ടോകോള്‍ രൂപപ്പെടുത്താന്‍ വെല്ലുവിളികള്‍ നിരവധിയാണ്. മുമ്പ് പരിശോധന നടത്താനുള്ള സംവിധാനം പൂനെയില്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് കേരളത്തിലും ലഭ്യമാണ്. റിവേഴ്സ് ട്രാന്‍സ്‌ക്രിപ്‌റ്റേസ് പിസിആര്‍ ഇപ്പോള്‍ ജില്ലാ തലത്തിലുള്ള ലബോറട്ടറീസിലും നടത്താം. എന്നാല്‍ ജില്ലാ തലത്തിലും താഴെയുമുള്ള ലബോറട്ടറികളില്‍ നിപ ആർടി-പിസിആർ പതിവായി ചെയ്ത് തുടങ്ങുന്നതിനു മുമ്പ് പല പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതായിട്ടുണ്ട്.
ബയോസേഫ്റ്റി ലെവല്‍ 3 ലാബായ പൂനെയില്‍നിന്ന് തന്നെ രോഗസ്ഥിരീകരണമെന്ന രീതിക്ക് മാറ്റം വരേണ്ടതല്ലേ? കേന്ദ്രത്തോട് ഇത് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ? മറ്റ് സാധ്യതകെളന്താണ്?
പൂനെയിലുള്ളറ ബയോസേഫ്റ്റി ലെവല്‍ നാല് ലബോറട്ടറി ആണ്. ബയോസേഫ്റ്റി ലെവല്‍ മൂന്ന് ലബോറട്ടറികള്‍ കേരളത്തിലുമുണ്ട്. നിപ വൈറസ് വളരെയധികം അപകടകാരിയാണെന്നത് നമ്മള്‍ ഓര്‍ക്കണം. അതുകൊണ്ടുതന്നെ വ്യാപനത്തിന് കാരണമാകുന്ന വസ്തുക്കളുടെ മേല്‍ കര്‍ശന നിയന്ത്രണം ആവശ്യമാണ്. എങ്കിലും രോഗികളുടെ പരിചരണത്തിനും പൊതുജനാരോഗ്യ ഇടപെടലിനുമായി ഏതെങ്കിലും നിലവാരമുള്ള ലബോറട്ടറിയില്‍ നിന്നുള്ള രോഗനിര്‍ണയം മതിയാകും. ഇപ്പോഴുണ്ടായ നിപ വ്യാപനത്തിലും രോഗീപരിചരണം നടത്താനോ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനോ നമ്മുടെ ഡോക്ടര്‍മാരോ ആരോഗ്യപ്രവര്‍ത്തകരോ പൂനെയില്‍നിന്ന് ഫലം വരുന്നതുവരെ കാത്തുനിന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
2018ലെ അനുഭവങ്ങളിൽനിന്നുണ്ടായ ശ്രദ്ധേയ പഠനങ്ങളെന്തൊക്കെയാണ്? ആ പഠനങ്ങളില്‍ ഇപ്പോഴും പ്രസക്തമെന്ന് തോന്നിയ കാര്യങ്ങള്‍?
2018 ലെ കോഴിക്കോട്ടെ ഔട്ട്ബ്രേക്കിന്റെ പശ്ചാത്തലത്തില്‍ മൂന്ന് പഠനങ്ങള്‍ വളരെ പ്രധാനമായി ഞാന്‍ കരുതുന്നു. രോഗലക്ഷണങ്ങളെക്കുറിച്ചും രോഗത്തിന്റെ ഗതിയെക്കുറിച്ചും കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ചാന്ദ്നി സജീവന്‍ നടത്തിയ പഠനമാണ് ആദ്യത്തേത് (https://academic.oup.com/cid/article/71/1/152/5598918?login=false). ഇത് നിപ രോഗത്തിന്റെ ക്ലിനിക്കല്‍ സ്വഭാവത്തെക്കുറിച്ചുള്ള വളരെ ആധികാരികവും വിശദവുമായ പഠനമാണ്.
ഐസിഎംആർ-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയിലെ ഡോ. ഗിരീഷ് കുമാര്‍ നടത്തിയ, നിപ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ ആന്റിബോഡിയുടെ സാന്നിധ്യത്തെക്കുറിച്ചും ലക്ഷണങ്ങളില്ലാത്ത ഇന്‌ഫെക്ഷനെക്കുറിച്ചുമുള്ള പഠനമാണ് (https://www.ncbi.nlm.nih.gov/pmc/articles/PMC6478200/) രണ്ടാമത്തേത്. ഈ പഠനം, ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കാണുന്നതിനായി നടത്തിയതാണ്. അന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് ലക്ഷണങ്ങളില്ലാത്ത ഇന്‍ഫെക്ഷനുണ്ടാകാനും അവരില്‍നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനുമുള്ള സാധ്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നു. അങ്ങനെ സംഭവിക്കുന്നുണ്ടായിരുന്നുവെങ്കില്‍, രോഗിയുടെ സമ്പര്‍ക്കത്തില്‍പ്പെട്ടവരെ മാറ്റിനിര്‍ത്തുന്ന പ്രതിരോധ മാര്‍ഗം നിഷ്ഫലമാകുമായിരുന്നു. ഇത്തരം ലക്ഷണങ്ങളില്ലാത്ത ഇന്‌ഫെക്ഷന്‍ അപൂര്‍വമായേ സംഭവിക്കുന്നുള്ളൂവെന്ന് ഡോ. ഗിരീഷ് കുമാറിന്റെ പഠനം കണ്ടെത്തി. എന്നിരുന്നാലും, അകെ സംഭവിക്കുന്ന ഇന്‌ഫെക്ഷനുകളില്‍ ഏതാണ്ട് 20 ശതമാനം രോഗലക്ഷണങ്ങളില്ലാത്തതാണെന്നും ഈ പഠനത്തില്‍നിന്ന് മനസ്സിലായി. ഒരുപക്ഷേ ഈ കണ്ടെത്തലിന്റെ ഫലമായിട്ടായിരിക്കും ഇത്തവണ അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ രോഗലക്ഷണത്തിന്റെ അഭാവത്തിലും പരിശോധിക്കുന്നത്.
വവ്വാലുകളില്‍ നിപ വൈറസിന്റെയും അതിനെതിരായ ആന്റിബോഡിയുടെയുo സാന്നിധ്യത്തെക്കുറിച്ച്, ഐസിഎംആർ-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡോ. പ്രജ്ഞ യാദവ് നടത്തിയ പഠനങ്ങളാണ് മൂന്നാമത്തേത് (https://www.ncbi.nlm.nih.gov/pmc/articles/PMC6478210/).
നിപ കേരളത്തില്‍ വ്യാപിക്കുന്നതിനു മുമ്പേ, ബംഗാളില്‍ ആദ്യത്തെ ഔട്ട്ബ്രേക് ഉണ്ടായശേഷം തന്നെ ഡോ. യാദവ് ഈ പഠനങ്ങള്‍ തുടങ്ങിയിരുന്നു. കോഴിക്കോട് ഔട്ട്‌ബ്രേക്കിനുശേഷം ഡോ. യാദവും ടീമും കേരളത്തില്‍ കാണുന്ന വവ്വാലുകളുടെ വിവിധ സ്പീഷീസുകളില്‍ പഠനം നടത്തി. ഈ പഠനങ്ങള്‍ പഴം തീനി വവ്വാലുകളില്‍ നിപ വൈറസിന്റെയും വൈറസിനെതിരായ ആന്റിബോഡിയുടെയും സാന്നിധ്യം കണ്ടെത്തി. ഏതാണ്ട് 25 ശതമാനം വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത്, പഠനം നടത്തുന്ന സമയത്ത്, ഇത്രയും വവ്വാലുകള്‍ക്കു നിപ വ്യാപിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നെന്ന് കാണിക്കുന്നു. വാവവ്വാലുകളാണ് 2018ല്‍ കോഴിക്കോട് നിപ്പയുടെ സ്രോതസ്സായിരുന്നതെന്നതിന്റെ ശക്തമായ തെളിവായിരുന്നു ഇത്. ഇത്രയും ഉയര്‍ന്ന തോതില്‍ വൈറസിന്റെ സാന്നിധ്യം, ഒരു പക്ഷേ, നിപ വൈറസ് ഈ വവ്വാല്‍ കോളനികളില്‍ പുതിയതായി വന്നതാണെന്നതിന്റെയും തെളിവാണ്.
രോഗത്തെ, അത് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന കേന്ദ്രത്തില്‍ തന്നെ പ്രാഥമികമായി തിരിച്ചറിയുന്ന വിധം സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടെ ഒരുക്കുന്നതില്‍ നമ്മള്‍ വിജയിച്ചോ?
കേരളത്തില്‍ നിപ വൈറസിന്റെ രോഗനിര്‍ണയം നടത്തുന്നതിന് തടസമൊന്നുമില്ല. രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന ഒന്നിലധികം ലബോറട്ടറികള്‍ ഇവിടെയുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഈ കാലതാമസം സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യുന്നതില്‍ ഉണ്ടായതല്ല, മറിച്ച് നിപയാണെന്ന സംശയത്തിലേക്ക് എത്തുന്നതിലായിരുന്നു. എന്നാല്‍ നിപ്പ സ്ഥിരീകരിക്കാനും വിശദമായ ജനിതക പഠനങ്ങള്‍ നടത്താനും പ്രാപ്തിയുള്ള ലാബുകള്‍ക്ക് ചില പ്രത്യേക സൗകര്യങ്ങള്‍ ആവശ്യമാണ്. ഇത്തരം സൗകര്യങ്ങളോടുകൂടിയ ലാബുകള്‍ ഇവിടെ വികസിപ്പിക്കുന്നത് വളരെയധികം ചെലവേറിയതാണ്. ഇത്തരത്തിലാണോ പൊതുജനാരോഗ്യത്തിനുവേണ്ടി ലഭ്യമായ ഫണ്ട് വിനിയോഗിക്കേണ്ടതെന്നത് ആലോചിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പണം ചെലവിട്ട് രോഗനിര്‍ണയത്തിനുള്ള സൗകര്യങ്ങളുള്ള ലബോറട്ടറികള്‍ നിര്‍മിച്ചെന്ന് കരുതുക. എന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്? ഇപ്പോള്‍ പരിശോധനഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ എടുക്കുന്നത് കുറച്ച് മണിക്കൂറുകള്‍ ചുരുങ്ങും. എന്നാല്‍ ഇത് സാധ്യമാകുന്നതും നിപ സംശയിക്കുന്നതിനുള്ള കാലതാമസം കഴിഞ്ഞശേഷം മാത്രമാണ്.
2018ലെ ആദ്യ സംഭവത്തില്‍നിന്ന് വിഭിന്നമായി മരണനിരക്ക് കുറയുന്നത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മെച്ചമാണോ, അല്ലെങ്കില്‍ ഈ രോഗത്തെ നേരിടാന്‍ വിധം പ്രതിരോധശേഷി കൈവരിച്ചുവെന്നാണോ?
കേരളത്തില്‍ ഇതുവരെ വളരെ കുറച്ച് ആളുകള്‍ക്കാണ് നിപ ബാധ ഉണ്ടായത്. അതില്‍ ഭൂരിഭാഗം ആളുകളും മരിക്കുകയും ചെയ്തു. അതായത് നിപ ബാധിക്കപ്പെട്ടിട്ടും അതിജീവിക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. ഈ ആളുകള്‍ക്ക് മാത്രമാണ് ഭാവിയില്‍ നിപയ്‌ക്കെതിരെ എന്തെങ്കിലും പ്രതിരോധശേഷിയുണ്ടാവുക. അതുകൊണ്ടുതന്നെ പ്രതിരോധശേഷി മരണനിരക്കിനെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടില്ലെന്ന് അനുമാനിക്കാം. പ്രധാനമായും മരണനിരക്ക് നിര്‍ണയിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, വൈറസിന്റെ തീവ്രത (virulence), രണ്ട്, രോഗി പരിചരണത്തിന്റെ നിലവാരം. വൈറസിന്റെ തീവ്രതയില്‍ കുറവുണ്ടായിട്ടുണ്ടെന്നതിന് നമ്മുടെ കയ്യില്‍ ഇപ്പോള്‍ വ്യക്തമായ തെളിവുകളൊന്നുമില്ല. അതൊരു സാധ്യത മാത്രമാണ്. ഇപ്പോഴുണ്ടായ വ്യാപനവുമായി ബന്ധപ്പെട്ട് ഇത്തരം പഠനങ്ങള്‍ നടത്തുന്ന എന്‍ഐവിക്കാണ് ഇതിന് ഉത്തരം നല്‍കാന്‍ കഴിയുക. നിപ മരണങ്ങള്‍ കുറയാന്‍ കാരണം രോഗീപരിചരണത്തിന്റെ നിലവാരം വര്‍ധിച്ചതായിരിക്കാനാണ് കൂടുതല്‍ സാധ്യത.
ബംഗ്ലാദേശില്‍ നിപ വന്നത് പനങ്കള്ളില്‍നിന്ന്, മലേഷ്യയില്‍ വന്നത് പന്നിയിലൂടെ... കേരളത്തിൽ നാല് തവണ നിപ സ്ഥിരീകരിച്ചിട്ടും ഉറവിടത്തെ സംബന്ധിച്ച് നമുക്ക് അനുമാനം മാത്രമേയുള്ളൂവെന്നത് ഗൗരവമേറിയതല്ലേ?
രോഗത്തിന്റെ ഉറവിടം, രോഗവാഹക വസ്തുക്കള്‍, രോഗവ്യാപന രീതി ഇവയെ വേറിട്ടുതന്നെ കാണണം. മലേഷ്യയിലെയും ബംഗ്ലാദേശിലെയും നിപ ഉറവിടത്തെപ്പറ്റി അവര്‍ക്കുള്ളത്ര വ്യക്തമായ തെളിവുകള്‍ കേരളത്തിലെ വൈറസ് സ്രോതസ്സിനെ കുറിച്ച് നമുക്കുമുണ്ട്. ഡോ. പ്രജ്ഞ യാദവും സംഘവും നടത്തിയ പഠനങ്ങള്‍ ഈ തെളിവുകള്‍ നമുക്ക് തന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിലുണ്ടായ നാല് വ്യാപനങ്ങളിലും ഇതിന് കാരണമായ രോഗവാഹക വസ്തുക്കള്‍, രോഗവ്യാപന രീതി എന്നിവയെക്കുറിച്ച് ഊഹങ്ങള്‍ക്കപ്പുറം വ്യക്തമായ തെളിവുകള്‍ ഇപ്പോള്‍ നമുക്കില്ല. ശരിയാണ്, രോഗവ്യാപന രീതി മനസ്സിലാക്കിത്തന്ന മലേഷ്യയിലെയും ബംഗ്ലാദേശിലെയും പഠനങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടവയാണ്.
അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഈ രണ്ട് പഠനങ്ങളിലും പങ്കെടുത്തിരുന്നെന്നു തോന്നുന്നു. സിഡിസിക്ക് ഇത്തരം ഗവേഷണത്തിനുള്ള ധാരാളം വിഭവങ്ങളും വൈദഗ്ധ്യവും ദീര്‍ഘകാലത്തെ പരിചയവുമുണ്ട്. എന്‍ഐവി കേരളത്തിലെ രോഗവ്യാപനത്തെക്കുറിച്ചുള്ള പഠനം തുടരുന്നുണ്ട്. അവര്‍ അതില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രകടമായ രോഗലക്ഷണമുള്ളവരുടെ ക്വാറന്റൈനും ചികിത്സയുമെല്ലാം ഫലപ്രദമാണെങ്കിലും പ്രകടമായ രോഗ ലക്ഷണമില്ലാത്തവരും രോഗവാഹകരാവില്ലേ? അപ്പോള്‍ ഈ നിയന്ത്രണങ്ങള്‍ക്ക് ഫലമുണ്ടോ? ഈ രോഗവാഹകാരാകുന്നവര്‍ക്ക് കുഴപ്പമില്ലെങ്കിലും ഇവര്‍ കാരണം രോഗികളാകുന്നവര്‍ക്ക് കടുത്ത പ്രശ്നങ്ങളുണ്ടാകുന്നത് എന്തുകൊണ്ടാണ്?
2018 ലെ പ്രോട്ടോകോള്‍ പ്രകാരം സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഇന്‍ക്യൂബേഷന്‍ പരീഡില്‍ ഹോം ഐസൊലേഷനില്‍ ഇരിക്കണം. അവര്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങളുണ്ടാവുകയാണെങ്കില്‍ ടെസ്റ്റ് ചെയ്യുകയും വേണം. ഇപ്പോള്‍ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധ്യമായതിനാല്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള രോഗലക്ഷണമില്ലാത്തവരുടെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. ഡോ. ഗിരീഷ് കുമാറിന്റെ പഠന പ്രകാരം പ്രൈമറി കോണ്‍ടാക്റ്റിലുള്ള രോഗലക്ഷണമില്ലാത്തവര്‍ക്ക് വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
രോഗലക്ഷണമില്ലാത്തവരില്‍നിന്ന് രോഗം പകര്‍ന്ന കേസുകള്‍ ഒന്നും തന്നെ 2018 ല്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ല. പൊതുവെയുള്ള രോഗപ്രതിരോധ ശേഷിയും, ശരീരത്തില്‍ പ്രവേശിച്ച വൈറസിന്റെ അളവും (inoculum size) ആണ് രോഗത്തിന്റെ തീവ്രത നിര്‍ണയിക്കുന്നത്. ഒരാള്‍ക്ക് വൈറസ് വ്യാപിച്ചത് രോഗലക്ഷണമുള്ള രോഗിയില്‍നിന്നാണോ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത അളില്‍നിന്നാണോ എന്നത് രോഗത്തിന്റെ തീവ്രതയെ ബാധിക്കുന്നില്ല. നേരെത്തെ പറഞ്ഞപോലെ ഇത് നിര്‍ണയിക്കുന്നത് മറ്റു ഘടകങ്ങളാണ്.
നിപയുടെ കാര്യത്തിൽ മുന്‍ അനുഭവങ്ങളുണ്ടായിട്ടും പ്രതിരോധിക്കുന്ന കാര്യത്തിൽ നമ്മുടെ ഭാഗത്തുനിന്ന് വീഴ്ചകൾ എന്തെങ്കിലുമുണ്ടായിട്ടുണ്ടോ?
ഇത് പഠിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് തുടരുന്ന ഒരു പ്രക്രിയയാണ്. എല്ലാ കാലത്തും അപ്പോള്‍ ലഭ്യമായ വിവരങ്ങളും സൗകര്യങ്ങളും അറിവും വച്ചാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. ഇതില്‍നിന്ന് കഴിഞ്ഞ കാലത്ത് എടുത്ത തീരുമാനങ്ങളെ വിലയിരുത്തുന്നത് വ്യര്‍ഥമാണ്. എല്ലായ്‌പ്പോഴും മെച്ചപ്പെടുത്താനുള്ള സാധ്യതകളുണ്ട്.
കോവിഡ് വന്നവരെ നിപ ഗുരുതരമായി ബാധിക്കുമോ?
നിപ വൈറസ് ബാധയുടെ തീവ്രതയെക്കുറിച്ചാണ് ചോദ്യമെന്ന് കരുതുന്നു. നിലവില്‍ ഇതിന് ഉത്തരം നല്‍കാന്‍ മതിയായ വിവരങ്ങള്‍ നമുക്കില്ല. കോവിഡിനുശേഷം ലോകത്ത് നിപ ബാധിച്ചവരുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്.
നിപ വന്നവരില്‍ പിന്നീട് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
എനിക്ക് നേരിട്ട് അത്തരം അനുഭവങ്ങള്‍ ഒന്നും തന്നെയില്ല. എന്നാൽ നിപ അതിജീവിച്ചവരില്‍ നാഡീസംബന്ധമായ ദീര്‍ഘകാലപ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് അപൂര്‍വം ചില പഠനങ്ങള്‍ പറയുന്നു.
രോഗം എളുപ്പം തിരിച്ചറിയാനും കൃത്യമായ ചികിത്സ നല്‍കാനുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളെന്തെങ്കിലുമുണ്ടോ?
ധാരാളം ടെസ്റ്റുകള്‍ നടത്താനുള്ള നിലവിലെ സാധ്യത കണക്കിലെടുത്ത് നിരീക്ഷണ പ്രോട്ടോകോള്‍ പുനരവലോകനം ചെയ്യുന്നത് നല്ലതായിരിക്കും. രോഗവ്യാപന രീതിയും രോഗവാഹക വസ്തുക്കളെയും കണ്ടെത്തുന്നത് പ്രതിരോധതന്ത്രം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായതിനാല്‍ അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് കൂടുതന്‍ ഊന്നല്‍ നല്‍കാവുന്നതാണ്. വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് വ്യാപിക്കാന്‍ കാരണമാകാവുന്ന മനുഷ്യപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുകയെന്നതാണ് പ്രധാനം. രോഗബാധിതപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്. വൈറസ് വാഹകങ്ങളാകാന്‍ സാധ്യതയുള്ള വസ്തുക്കളില്‍ വവ്വാലുമായുള്ള സമ്പര്‍ക്കത്തിന്റെ തെളിവുകളും ശാസ്ത്രീയമായി പഠിക്കാവുന്നതാണ്.