സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തില്‍ കരുതല്‍ അത്യാവശ്യമെന്ന് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വേനല്‍ക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തി. പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്ളുവന്‍സ, സൂര്യാതപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ഇക്കാലയളവില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാചര്യമുണ്ടെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയെ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന മഴയുണ്ടായാല്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടത്തണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.
കുട്ടികളില്‍ പൊതുവേ പനിയും ചുമയും ഇന്‍ഫ്ളുവന്‍സയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രോഗം ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ തേടണം. ശ്വാസ തടസം പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൂടുകൂടിയ സാഹചര്യത്തില്‍ ഭക്ഷണം സാധനങ്ങള്‍ വേഗത്തില്‍ കേടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. ഉത്സവങ്ങളോടനുബന്ധിച്ച് ഭക്ഷണം വിതരണം നടത്തുന്നവരും ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവ വിതരണം നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. വാട്ടര്‍ തീം പാര്‍ക്കുകളില്‍ പകര്‍ച്ചവ്യാധികളുണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന ചൂട് കാരണമുള്ള ആരോഗ്യ പ്രശ്നങ്ങളും ശ്രദ്ധിക്കണം. വയറിളക്കമോ ഛര്‍ദിയോ ഉണ്ടായാല്‍ ചൂട് കാലമായതിനാല്‍ നിര്‍ജലീകരണം പെട്ടന്നുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണം. ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ഭക്ഷണവും മൂടിവയ്ക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.