കേരളത്തിലെ വിപണിയിലുള്ള ആയുര്‍വേദ ഉത്പന്നങ്ങളില്‍ വലിയൊരു പങ്കും ഗുണനിലവാരം ഇല്ലാത്തവയെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക് സഭയിൽ എം പി രമ്യ ഹരിദാസിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാള്‍ ഈ കാര്യം പറഞ്ഞത്. 'നിലവാരമില്ലാത്ത' (എൻ എസ് ക്യൂ) വിഭാഗത്തിൽ പെടുന്ന 113 ഇനം മരുന്നുകൾ കേരളത്തിൽ വിപണനം നടത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയാണ് ഇത്തരം മരുന്നുകള്‍ കൂടുതല്‍ ലഭ്യമാകുന്ന രണ്ടാമത്തെ സംസ്ഥാനം. 21 ആയുർവേദ ഉത്പന്നങ്ങളാണ് മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
2019 മുതൽ 2022 വരെയുള്ള കാലയളവിൽ വിവിധ സംസ്ഥാനങ്ങളില്‍ ഇതുവരെ ഇത്തരം മരുന്നുകള്‍ക്ക് എതിരായ നടപടികളും മന്ത്രി സഭയിൽ വിശദീകരിച്ചു. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്സ് ആക്ട് പ്രകാരം ഉത്തർ പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് അടക്കം പത്ത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെ ഈ വിഭാഗങ്ങളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അസമില്‍ 2020 - 2021കാലത്ത് ഡ്രഗ് കൺട്രോളർ മാനദണ്ഡങ്ങൾ പാലിക്കാത്ത 52 സാമ്പിളുകൾ കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ ധാരാളമുണ്ടെന്നും പട്ടിക സമഗ്രമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ പക്ഷം. നിലവാരമില്ലാത്ത ആയൂർവേദ മരുന്നുകൾ കണ്ടെത്താൻ സംസ്ഥാനത്തെ ഡ്രഗ് കൺട്രോളര്‍ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരള വിപണിയിലെത്തുന്ന നിലവാരമില്ലാത്ത ആയുർവേദ മരുന്നുകളിൽ കൂടുതലും സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവയാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മുൻ അധ്യക്ഷൻ ഡോക്ടർ രാജു തോമസ് പറയുന്നു. വിപണിയിലെത്തുന്ന എല്ലാ മരുന്നുകളുടെയും പരിശോധന ബുദ്ധിമുട്ടേറിയതാണ്. നിലവിലെ സാഹചര്യം മറികടക്കാന്‍ ഇതിനായി കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പരിശോധനകള്‍ ഉള്‍പ്പെടെ ശക്തമാക്കണം എന്നും അദ്ദേഹം ചൂണ്ടിക്ക്കാട്ടുന്നു.