ശരീരഭാരം കൂടാതിരിക്കാനും അസ്ഥിസാന്ദ്രത നിലനിര്‍ത്താനും കൊഴുപ്പടിയുന്നത് തടയാനും ശാരീരികമായി സജീവമായിരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ഭൂരിഭാഗം പേരും മണിക്കൂറുകളോളം ഒരേ ഇരുപ്പിൽ ജോലി ചെയ്യുന്നവരാണ്. ശാരീരികമായി സജീവമായിരിക്കാൻ ഐസിഎംആര്‍ നിര്‍ദേശിക്കുന്ന 10 മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം.
1. ദിവസവും 9-10 മണിക്കൂര്‍ വരെ ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും എഴുന്നേല്‍ക്കാനും കഴിയുമെങ്കില്‍ അല്‍പ്പദൂരം നടക്കാനും ശ്രദ്ധിക്കണം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഹ്രസ്വകാല ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണ്.
2. ഓരോ മണിക്കൂറിലും അഞ്ച് മുതല്‍ പത്ത് മിനുറ്റുവരെ നടന്നാലും ഒരേ ഇരുപ്പുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാനാകും.
3. ഫോണ്‍കോള്‍ വരുമ്പോള്‍ ഇരുന്നുകൊണ്ട് എടുക്കുന്നതിനു പകരം എഴുന്നേറ്റുനിന്നോ നടന്നുകൊണ്ടോ സംസാരിക്കാന്‍ ശ്രമിക്കാം. ഓഫീസിലും വീട്ടിലും ഈ രീതി പിന്തുടരാം.
4. ലിഫ്റ്റിനും എലവേറ്ററിനും പകരം പടിക്കെട്ടുകള്‍ ഉപയോഗിക്കാം. ഇത് ഫിസിക്കലി ആക്ടീവായിരിക്കാനും സഹായിക്കും.
5. വാഹനം ഉപയോഗിക്കുന്നവരാണെങ്കില്‍ ജോലിസ്ഥലത്തുനിന്ന് കുറച്ചകലെയായി വാഹനം പാര്‍ക്ക് ചെയ്തശേഷം നടന്നുപോകാം.
6. ടിവി കാണുന്നതിനിടയില്‍ ഇടവേള സമയത്ത് എഴുന്നേറ്റ് നടക്കാം.
7. പ്രായത്തിന്‌റേതായുണ്ടാകുന്ന പേശീനഷ്ടം പരിഹരിക്കാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ വെയ്റ്റ് ബെയറിങ് വ്യായാമം ചെയ്യാം.
8. ശ്വസനവ്യായാമങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപാപചയ പ്രവര്‍ത്തനം വേഗത്തിലാക്കാനും കൊഴുപ്പ് അലിയാനും സഹായിക്കും.
9. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഏതെങ്കിലും യോഗ സ്‌ട്രെച്ചുകള്‍ ചെയ്യുന്നതു ശരീരം വഴക്കമുള്ളതാക്കാൻ ഉപകരിക്കും.
10. സ്‌ട്രെങ്ത് ട്രെയ്‌നിങ് വ്യായാമങ്ങള്‍ എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനും മെറ്റബോളിസം വര്‍ധിപ്പിക്കാനും സാഹായിക്കും.