ശാരീരികവ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന കാലുവേദന ഹൃദ്രോഗവുമായി ബന്ധപ്പെട്ടാകാമെന്നാണ് വിലയിരുത്തല്‍. പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസുമായി ബന്ധപ്പെട്ടാകാം ഇത്തരം കാലുവേദന ഉണ്ടാകുന്നത്.
രക്തധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നത് അതിരോസ്‌ക്ലിറോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകാം. അതിരോസ്‌ക്ലിറോസിസ് അധികരിക്കുന്നത് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികളെ മാത്രമല്ല കാലുകളിലുള്ള പെരിഫെറല്‍ ധമനികളെയും ബാധിക്കാം.
പ്ലേക്ക് അടിഞ്ഞുകൂടി ധമനികളില്‍ തടസമുണ്ടാകുമ്പോള്‍ കാലുകളിലേക്കുള്ള രക്തപ്രവാഹം പര്യാപ്തമായ രീതിയില്‍ നടക്കുന്നില്ല. ഫലമായി കാലുകളില്‍ വേദന അനുഭവപ്പെടുന്നു. ഇതിനെ ക്ലൗഡിക്കേഷന്‍ എന്നാണ് പറയപ്പെടുന്നത്. നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ കാലുകളില്‍ വേദനയും വലിച്ചിലുമായൊക്കെ ക്ലൗഡിക്കേഷന്‍ പ്രത്യക്ഷപ്പെടാം.
പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസിസീന് കൃത്യമായ ചികിത്സ സ്വീകരിച്ചില്ലെങ്കില്‍ ഹൃദയധമനികള്‍ ഉള്‍പ്പടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അതിറോസ്‌ക്ലിറോസിസിന് കാരണമാകും. ഇത് ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ മറ്റു രോഗങ്ങള്‍ക്കുമുള്ള സാധ്യത കൂട്ടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതും പരിഹരിക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.
കാല്‍പ്പാദത്തിനു മുകളിലുള്ള പേശികളിലാണ് ആദ്യം വേദന അനുഭവപ്പെടുക. തുടര്‍ന്ന് ഇത് തുടകളിലും പുറംഭാഗത്തേക്കും വ്യാപിക്കും. നടക്കുകയോ, പടികള്‍ കയറുകയോ പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വേദനയുടെ ആധിക്യം വര്‍ധിക്കും. രക്തധമനികളിലൂടെ ആവശ്യത്തിന് ഓക്‌സിജന്‍ കാലിലെ പേശികളില്‍ എത്താത്തതാണ് വേദന സൃഷ്ടിക്കുന്നത്.
ശാരീരിക വ്യായമങ്ങള്‍ അവസാനിപ്പിച്ച് വിശ്രമിക്കുമ്പോള്‍ വേദനയ്ക്ക് ശമനം ലഭിക്കാം. മദ്യപാനവും പുകവലിയും ശീലമാക്കിയവര്‍ ഈ വേദന നിസാരമാക്കരുത്.
പ്രമേഹം, അമിതഭാരം, വ്യായാമരഹിതജീവിതം നയിക്കുന്നവര്‍, ഉയര്‍ന്ന കൊളസ്‌ട്രോളും രക്തസമ്മര്‍ദവും അനുഭവിക്കുന്നവര്‍, കുടുംബത്തില്‍ ഹൃദ്രോഗചരിത്രമുള്ളവര്‍ തുടങ്ങിയവരൊക്കെ അതിറോസ്‌ക്ലിറോസിസ് കാരണമുള്ള ക്ലൗഡിക്കേഷന്‍ സാധ്യത കൂടിയ വിഭാഗത്തിലുള്ളവരാണ്.