ഇന്ന് ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം. ആളുകളില്‍ കുഷ്ഠ രോഗത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. വളരെ ശ്രദ്ധിക്കേണ്ട രോഗമാണ് കുഷ്ഠരോഗം. കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാവുന്ന വിധം പ്രത്യക്ഷപ്പെടുമെങ്കിലും രോഗം ശരീരഭാഗങ്ങളില്‍ ബാധിക്കാനും സങ്കീര്‍ണതകളുണ്ടാക്കാനും വര്‍ഷങ്ങളെടുക്കും. ഇതു മൂലം രോഗ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയും രോഗം തിരിച്ചറിയാതെ പോകുകയും കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുകയും ചെയ്യുന്നു. മരുന്ന് കഴിച്ചു തുടങ്ങിയാലുടന്‍ തന്നെ രോഗപ്പകര്‍ച്ച ഒഴിവാക്കുവാനും കഴിയും. സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായി നിവാരണം ചെയ്യുവാന്‍ ലക്ഷ്യമിട്ടിട്ടുള്ള രോഗമാണ് കുഷ്ഠം.
കുഷ്ഠരോഗബാധിതരോട് അനുകമ്പയുള്ള മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്. മഹാത്മാഗാന്ധി കുഷ്ഠരോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാനും അവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ നല്‍കാനും അവരുടെ വികസനത്തിനും ഈ രോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനും നിരന്തരം ശ്രമിച്ചിരുന്നു.
1954ല്‍ ഫ്രഞ്ച് പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ റൗള്‍ ഫോളേറോ രണ്ട് ലക്ഷ്യങ്ങളോടെയാണ് ലോക കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം ആചരിച്ചത്. ഒന്നാമതായി കുഷ്ഠരോഗബാധിതരായ ആളുകള്‍ക്ക് തുല്യ പരിഗണന നല്‍കണമെന്ന് വാദം. രണ്ടാമതായി രോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ തിരുത്തി കുഷ്ഠരോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തതിന് കാരണം, കുഷ്ഠരോഗം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്‌റെ പ്രവൃത്തികള്‍ ലോകമെമ്പാടും അറിയപ്പെടുന്നതിനാലാണ്.
വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠം. മൈക്കോബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
രോഗ ലക്ഷണങ്ങള്‍
തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുക എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങള്‍. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, ഞരമ്പുകളിലെ തടിപ്പ്, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആകാം.
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.
6 മുതല്‍ 12 മാസം വരെയുള്ള വിവിധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം.
ചികിത്സയിലിരിക്കുന്ന രോഗിയില്‍ നിന്നും രോഗാണുക്കള്‍ പകരില്ല. കേരളത്തില്‍ കുഷ്ഠരോഗത്തിന്റെ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും ഇപ്പോഴും കുഷ്ഠ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരളത്തില്‍ പതിനായിരത്തില്‍ 0.14 എന്ന നിരക്കിലാണ് കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. അതിനാല്‍ ശരീരത്തില്‍ ഏതെങ്കിലും നിറവ്യത്യാസമുള്ള പാടുകളോ തടിപ്പുകളോ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തി കുഷ്ഠരോഗമല്ല എന്ന് ഉറപ്പ് വരുത്തണം.