കേരളത്തില്‍ മദ്യം ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കുറയുന്നതായി പഠനം. 15 വയസ് മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളില്‍ നടത്തിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയിലാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെന്ന കണ്ടെത്തല്‍. മദ്യം ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം 1.6 ശതമാനം ആയിരുന്നത് 0.3 ശതമാനമായി കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍.
മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഇരുപത്തിയൊന്നാം സ്ഥാനത്താണ് കേരളം. അരുണാചല്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്നത്. 17.8 ശതമാനം പേര്‍. സിക്കിമിലെ 14.8 ശതമാനം സ്ത്രീകള്‍ മദ്യപിക്കുന്നവരാണ്.
സ്ത്രീകളിലെ മദ്യപാനം കുറഞ്ഞെന്ന കണക്കുകള്‍ പുറത്ത് വന്നെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ സ്ഥിതി ആശങ്കാജനകമാണ്. മദ്യമല്ലാത്ത മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക് കുട്ടികളടക്കം മാറുന്നുവെന്ന് വിദഗ്ധർ പറയുന്നു.
രാജ്യത്ത് 15നും 19നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 0.2 ശതമാനം മദ്യം ഉപയോഗിക്കുന്നവരാണ്. ഇതില്‍ 6.3 ശതമാനം ദിവസവും മദ്യപിക്കുന്നു. 20നും 34നും വയസിനും ഇടക്കുള്ള സ്ത്രീകളില്‍ 0.6 ശതമാനവും 35നും 49നും വയസ്സിന് ഇടയിലുള്ളവരില്‍ 1.2 ശതമാനം സ്ത്രീകളും മദ്യപാനികളാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നഗര പ്രദേശത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ഗ്രാമങ്ങളിലുള്ള സ്ത്രീകളാണ് മദ്യം ഉപയോഗിക്കുന്നവരില്‍ കൂടുതല്‍ പേര്‍. നഗരങ്ങളിലെ സ്ത്രീകളില്‍ മദ്യ ഉപയോഗം 0.4 ശതമാനമാണെങ്കില്‍ ഗ്രാമ പ്രദേശങ്ങളില്‍ 0.9 ശതമാനമാണ്. 0.4 ശതമാനം ഗര്‍ഭിണികളും മദ്യം ഉപയോഗിക്കുന്നവരാണ്. പട്ടിക വര്‍ഗ വിഭാഗക്കാരായ സ്ത്രീകളില്‍ 3.9 ശതമാനം പേരും മദ്യപിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.
ക്രിസ്തുമത വിശ്വാസികളായ സ്ത്രീകളാണ് മദ്യം ഉപയോഗിക്കുന്നവരില്‍ കൂടുതല്‍. 2.1 ശതമാനമാണിത്. ബുദ്ധ മത വിശ്വാസികളായ 1.7 ശതമാനം പേര്‍ മദ്യപിക്കുന്നവരാണ്. സര്‍വേയുടെ ഭാഗമായ മുസ്ലിംമത വിശ്വാസികളായ സ്ത്രീകളാരും മദ്യപിക്കുന്നില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
1) അരുണാചല്‍ പ്രദേശ്
സ്ത്രീകള്‍- 17.8 ശതമാനം
പുരുഷന്‍മാര്‍- 56.6 ശതമാനം
2) സിക്കിം
സ്ത്രീകള്‍- 14.8 ശതമാനം
പുരുഷന്‍മാര്‍- 36.3 ശതമാനം
3) അസം
സ്ത്രീകള്‍- 5.5 ശതമാനം
പുരുഷന്‍മാര്‍- 26.5 ശതമാനം
4) ഗോവ
സ്ത്രീകള്‍- 4.8 ശതമാനം
പുരുഷന്‍മാര്‍- 59.1 ശതമാനം
5) തെലങ്കാന
സ്ത്രീകള്‍- 4.9 ശതമാനം
പുരുഷന്‍മാര്‍- 26 ശതമാനം