HEALTH

പുകവലിക്കാത്തവർക്കും ശ്വാസകോശാർബുദം വരുന്നത് എന്തുകൊണ്ട് ?

ശ്വാസകോശാര്‍ബുദത്തെ കുറിച്ച് അറിയേണ്ടതെല്ലാം

വെബ് ഡെസ്ക്

അര്‍ബുദം പലപ്പോഴും മറ്റേതൊരു രോഗത്തെക്കാളും ശാരീരികമായും മാനസികമായും ഒരാളെ ആഴത്തില്‍ തളര്‍ത്തുന്നതാണ്. അര്‍ബുദത്തില്‍ ഏറ്റവും ഗുരുതരമാണ് ശ്വാസകോശാര്‍ബുദം. പുകവലിയാണ് ഈ രോഗത്തിന് കാരണമാകുന്ന പ്രധാന വില്ലന്‍ എന്നാണ് പൊതുവേയുള്ള ധാരണ. കണക്കുകളും അതു ശരിവെയ്ക്കുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട 2019-2020 വർഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം കേരളത്തില്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന 15 വയസ്സിന് മുകളിലുള്ള പുരുഷന്‍മാര്‍ 16.9 ശതമാനവും സ്ത്രീകള്‍ 2.2 ശതമാനവും ആണ്. എന്നാല്‍ പുകവലിക്കാത്ത ഒരാള്‍ക്ക് ഈ രോഗം വരുന്നത് എന്തുകൊണ്ടാകും? പുകവലി കൂടാതെ, മറ്റു പല കാരണങ്ങളും ശ്വാസകോശാര്‍ബുദത്തിന് കാരണമാകാമെന്നാണ് പുതിയ പഠനങ്ങള്‍.

ആസ്‌ബെസ്റ്റോസ്, ബെന്‍സീന്‍ എന്നീ കാര്‍സിനോജനിക് ഏജന്‍റുകള്‍ (കാന്‍സറിനു കാരണമാകുന്നവ) പുറപ്പെടുവിക്കുന്ന തൊഴിലിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് രോഗസാധ്യത ഏറെയാണ്. പ്രകൃതിദത്തമായി ഉണ്ടാകുന്ന ഫൈബ്രസ് മെറ്റീരിയല്‍സ് ആണ് ആസ്‌ബെസ്റ്റോസുകള്‍. ചൂടിനെയും തുരുമ്പിനെയും പ്രതിരോധിക്കാനുള്ള ശേഷി ഉള്ളതുകൊണ്ടു തന്നെ ഇവ ഫയര്‍പ്രൂഫ് വസ്തുക്കളിലും ഇന്‍സുലേഷനുകളിലും ഓട്ടോമോട്ടീവ് ബ്രേക്കുകളിലും വാള്‍ബോര്‍ഡുകളിലും ഉപയോഗിക്കുന്നു. ഇതുവഴി വായുവില്‍ കലരുന്ന ആസ്ബസ്റ്റോസ് നാര് ദീർഘകാലം ശ്വസിക്കുന്നതു വഴി ശ്വാസകോശാര്‍ബുദം ഉണ്ടാകാം എന്ന് അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിലെ വിദഗ്ധർ പറയുന്നു.

ശരിയായ വായു സഞ്ചാരം ഇല്ലാത്ത വീടുകളില്‍ പ്ലാസ്റ്റിക്, കല്‍ക്കരി, വിറക് തുങ്ങിയവ കത്തിക്കുന്നതു വഴിയും അര്‍ബുദം വരാം. തുടര്‍ച്ചയായ റേഡിയേഷന്‍ തെറാപ്പിയും ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്നു. നഗരങ്ങളില്‍ വായു മലിനീകരണം കൂടുതലായത് കൊണ്ട് തന്നെ അതും ശ്വാസകോശ സംബന്ധരോഗങ്ങള്‍ ഉണ്ടാക്കിയേക്കാം.

പുകവലി

ശ്വാസകോശാര്‍ബുദം പലതരം

നോണ്‍-സ്മോള്‍ സെല്‍ ലങ് കാന്‍സര്‍ (എന്‍.എസ്.സി.എല്‍.സി), സ്മോള്‍ സെല്‍ ലങ് കാന്‍സര്‍ (എസ്.സി.എല്‍.സി) എന്നിങ്ങനെ രണ്ടു തരത്തില്‍ ശ്വാസകോശാര്‍ബുദമുണ്ട്. ഏതു തരത്തിലുള്ള ശ്വാസകോശാര്‍ബുദം ആണെന്നും ഏതു സ്റ്റേജിലാണ് രോഗിയുള്ളതെന്നും ആദ്യം തിരിച്ചറിയേണ്ടതായിട്ടുണ്ട്.

ഇതില്‍ ആളുകളില്‍ കൂടുതലും കാണപ്പെടുന്നത് നോണ്‍-സ്മോള്‍ സെല്‍ ലങ് കാന്‍സര്‍ (എന്‍ എസ് സി എല്‍ സി) ആണ്. അര്‍ബുദം കാണപ്പെടുന്ന ശരീരഭാഗവും അതിന്‍റെ തീവ്രതയും കണ്ടുപിടിച്ചാണ് രോഗി ഏതു സ്റ്റേജിലാണെന്ന് തീരുമാനിക്കുന്നത്. അര്‍ബുദത്തിന്‍റെ സ്റ്റേജുകള്‍ നാലായി തിരിച്ചിരിക്കുന്നു. ടിഎന്‍എം ഘടന ഉപയോഗിച്ചാണ് തിരിച്ചിരിക്കുന്നത്. അതു വീണ്ടും പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ടിഎന്‍എം എന്നുവെച്ചാല്‍ ടൂമര്‍, ലിംഫ് നോഡുകള്‍, മെറ്റാസ്റ്റാസിസ് എന്നാണ്.

സ്മോള്‍ സെല്‍ ലങ് കാന്‍സര്‍ (എസ് സി എല്‍ സി) താരതമ്യേന ശ്വാസകോശാര്‍ബുദമുള്ളവരില്‍ എന്‍ എസ് സി എല്‍ സിയെക്കാളും കുറവാണെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നു. നോണ്‍-സ്മോള്‍ സെല്‍ ലങ് കാന്‍സറിനേക്കാളും തീവ്രതയുള്ളതും വേഗതയില്‍ ശരീരത്തില്‍ പടരുന്നതുമാണ് എന്‍ എസ് സി എല്‍ സി.

രോഗലക്ഷണങ്ങള്‍ എന്തെല്ലാം?

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, ശ്വാസകോശാര്‍ബുദത്തിന്റെ രോഗലക്ഷണങ്ങള്‍ ഇവയാണ്.

വിട്ടുമാറാത്തതും തീവ്രവുമായ ചുമ, രക്തം കലര്‍ന്ന അല്ലെങ്കില്‍ തുരുമ്പു നിറത്തിലുള്ള കഫം, ആഴത്തിലുള്ള ശ്വാസോച്ഛാസം, ശ്വാസതടസം, നെഞ്ചുവേദന, വിശപ്പിലായ്മ, ക്ഷീണമോ ബലഹീനതയൊ അനുഭവപ്പെടുക, ഭാരം വല്ലാതെ കുറയുക, വിട്ടുമാറാത്ത അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന ബ്രോങ്കൈറ്റിസ്, ന്യൂമോണിയ.

ചികിത്സ എങ്ങനെ?

രോഗം ഏത ഘട്ടത്തിലെന്നും അതിന്റെ തീവ്രത എന്തെന്നും അനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്. മറ്റു ശരീരഭാഗങ്ങളിലേക്ക് അര്‍ബുദം പടര്‍ന്നിട്ടുണ്ടോ എന്നതും കണ്ടുപിടിക്കേണ്ടതുണ്ട്.

രോഗിയുടെ ആരോഗ്യ നിലയും വളരെ പ്രധാനമാണ്. ഏതു തരത്തിലുള്ള ശ്വാസകോശാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം ചികിത്സ തുടങ്ങാം.

എന്‍.എസ്.സി.എല്‍.സി ആണെങ്കിൽ ശസ്ത്രക്രിയ, കീമോ തെറാപ്പി, റേഡിയൊ തെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പികള്‍ എന്നിവയാണ് ചികിത്സാമാര്‍ഗങ്ങള്‍. തുടക്കത്തിലെ അര്‍ബുദം തിരിച്ചറിഞ്ഞാല്‍ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. എന്നാല്‍ ശസ്ത്രക്രിയ സാധ്യമല്ലാത്ത ആളുകളില്‍ റേഡിയോ തെറാപ്പിയോ, കീമോ തെറാപ്പിയോ, അല്ലെങ്കില്‍ രോഗാവസ്ഥ അനുസരിച്ച് രണ്ടും ഒരുമിച്ച് ചെയ്യാറുണ്ട്. ഇതുകൂടാതെ ജീന്‍ തെറാപ്പി, മോണൊ ക്ലോണല്‍ ആന്‍റിബോഡിസ്, സ്മോള്‍ മോളിക്കൂള്‍, വാക്സിനുകൾ ഇവയെല്ലാം ടാര്‍ഗെറ്റഡ് തെറാപ്പിയില്‍ ഉള്‍പ്പെടുന്നവയാണ്.

ഏത് അര്‍ബുദവും കഴിവതും നേരത്തെ തിരിച്ചറിയുകയും ശരിയായ ചികിത്സ കൃത്യസമയത്ത് സ്വീകരിക്കുന്നതുമാണ് നല്ലത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍