HEALTH

അടുത്ത പകര്‍ച്ചവ്യാധിയായി മാര്‍ബര്‍ഗ്? വൈറസുകളുടെ ഉറവിടമായി കെനിയയിലെ കിറ്റം ഗുഹ; പഠനവുമായി ഗവേഷകര്‍

വെബ് ഡെസ്ക്

കെനിയയിലെ മൗണ്ട് എല്‍ഗോണ്‍ നാഷണല്‍ പാര്‍ക്കിലെ കിറ്റം ഗുഹ മഹാമാരിക്കു കാരണമാകുന്ന വൈറസുകളുടെ ഉറവിടമെന്ന് റിപ്പോര്‍ട്ട്. എബോള, മാര്‍ബര്‍ഗ് തുടങ്ങിയ ഏറ്റവും മാരകമായതും അപകടകരവുമായ വൈറസുകള്‍ ഈ ഗുഹയിലുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അടുത്ത പകര്‍ച്ചവ്യാധിയുടെ ഉത്ഭവം ഈ ഗുഹയായിരിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്ത പകര്‍ച്ചവ്യാധി സാധ്യതയായി ആരോഗ്യവിദഗ്ധര്‍ കരുതുന്നത് മാര്‍ബര്‍ഗ് വൈറസാണ്. ലോകാരോഗ്യ സംഘടനയും ഈ വൈറസിന്‌റെ പകര്‍ച്ചവ്യാധി സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 600 അടി താഴ്ചയുള്ള ഗുഹ ആനകള്‍ കുഴിച്ച് വിപുലീകരിച്ചെന്നും രോഗം പരത്തുന്ന വവ്വാലുകള്‍ വാസസ്ഥലമാക്കിയെന്നും വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് മാര്‍ബര്‍ഗ് വൈറസ് അണുബാധ?

ഹെമറാജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണ് മാര്‍ബര്‍ഗ്. രക്തസ്രാവവും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ തടസവുമാണ് അനന്തരഫലം. രോഗം ബാധിച്ചാല്‍ മരണ സാധ്യത 88 ശതമാനമാണ്. ഉയര്‍ന്ന മരണനിരക്ക് കണക്കാക്കാവുന്ന മാരകരോഗമാണ് എബോള വൈറസ് കുടുംബത്തില്‍പെട്ട മാര്‍ബര്‍ഗ് വൈറസ്. അപൂര്‍വമാണെങ്കിലും പഴംതീനി വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയും മനുഷ്യ ഇടപെടലുകളിലൂടെ വ്യാപിക്കുകയും ചെയ്യുന്ന ഒന്നാണ് മാര്‍ബര്‍ഗ്. രോഗത്തിന്‌റെ ഉയര്‍ന്ന മരണനിരക്കാണ് ആരോഗ്യവിദഗ്ധരെ ആശങ്കയിലാക്കുന്നത്.

ഈ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ സ്വാഭാവിക പ്രവര്‍ത്തനശേഷി കുറയ്ക്കുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യും. കൊറോണ വൈറസ് പോലെ രോഗി സ്പര്‍ശിച്ച പ്രതലത്തിലൂടെയും ടവലുകളിലൂടെയും മറ്റൊരാളിലേക്ക് രോഗം പടരുന്നു.

രോഗലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മൂന്നാഴ്ച മുന്നേ രോഗാണു രോഗിയില്‍ പ്രവേശിച്ചിട്ടുണ്ടാകും. മലേറിയക്കും എബോളയ്ക്കും സമാനമായ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രകടമാകുക. പനി, തലവേദന, പേശി വേദന, ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്നതോടെ കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം, കണ്ണുകള്‍, ജനനേന്ദ്രിയം, മൂക്ക്, മോണ എന്നിവിടങ്ങളില്‍നിന്ന് രക്തസ്രാവം തുടങ്ങിയവ ഉണ്ടാകാം. തുടര്‍ന്ന് അവയവ പരാജയം സംഭവിക്കാം.

നിര്‍ഭാഗ്യവശാല്‍ ഈ വൈറസിനെതിരെ വാക്‌സിനോ മരുന്നുകളോ വികസിപ്പിച്ചിട്ടില്ല. മറ്റ് വൈറസ് രോഗങ്ങളില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നല്‍കുക.

1967-ല്‍ ഫ്രാങ്ക്ഫര്‍ട്ട്, ജര്‍മനി, ബെല്‍ഗ്രേഡ്, സെര്‍ബിയ എന്നിവിടങ്ങളിലാണ് മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗകാരികളായ പഴംതീനി വവ്വാലുകളില്‍നിന്നും അവയുടെ ഉറവിടങ്ങളില്‍നിന്നും വൈറസ് മനുഷ്യരിലേക്കു പകരുന്നു. രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും. ഈ സ്രവങ്ങള്‍ പടര്‍ന്നിട്ടുള്ള ഉപരിതലത്തിലൂടെയും രോഗവ്യാപനമുണ്ടാകും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും