HEALTH

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച് മങ്കിപോക്‌സ്; ആഗോള അടിയന്തരാവസ്ഥയ്ക്ക് സാധ്യത, രോഗം പകരുന്ന വിധവും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും

ആഫ്രിക്കയ്ക്കകത്തും പുറത്തും കൂടുതല്‍ വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഡബ്ല്യുഎച്ച്ഒ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്

വെബ് ഡെസ്ക്

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന എംപോക്‌സ് വൈറസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഏറ്റവും മാരകമായ വകഭേദം കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വ്യക്തികളെ ബാധിക്കുന്നുണ്ട്. ആഫ്രിക്കയ്ക്കകത്തും പുറത്തും കൂടുതല്‍ വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഡബ്ല്യുഎച്ച്ഒ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യവും യോഗത്തില്‍ വിലയിരുത്തും. എംപോക്‌സ് വൈറസിന്റെ ഈ വൈറല്‍ വേരിയന്റ് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വ്യക്തികളെ ബാധിക്കുന്നത്് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

''ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആര്‍സി)ക്ക് പുറത്ത് എംപോക്‌സിന്റെ വ്യാപനത്തിന്റെയും ആഫ്രിക്കയ്ക്കകത്തും പുറത്തും കൂടുതല്‍ അന്താരാഷ്ട്ര വ്യാപനത്തിനുള്ള സാധ്യതയുടെയും വെളിച്ചത്തില്‍, ഒരു അടിയന്തര കമ്മിറ്റി വിളിക്കാന്‍ തീരുമാനിച്ചു. ആഗോളആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ് എമര്‍ജന്‍സി കമ്മിറ്റി രൂപീകരിക്കുന്നത് പരിഗണിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം എക്സിലെ പോസ്റ്റില്‍ പറഞ്ഞു.

ആഫ്രിക്കന്‍ യൂണിയന്റെ ആരോഗ്യ ഏജന്‍സിയായ ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനുമായി സഹകരിച്ച് പോക്‌സ് വൈറസ് പകരുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദാനോം പറഞ്ഞു. ആഫ്രിക്കന്‍ യൂണിയന്റെ (എയു) പെര്‍മനന്റ് റെപ്രസെന്റേറ്റീവ് കമ്മിറ്റി, നിലവിലുള്ള കോവിഡ് ഫണ്ടില്‍ നിന്ന് 10.4 മില്യണ്‍ ഡോളര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനുവേണ്ടി ആഫ്രിക്കന്‍ സെന്ററുകള്‍ക്കായി അനുവദിച്ചിട്ടുണ്ടെങ്കിലും പോക്‌സ് വൈറസ് പകരുന്നത് തടയുന്നതിനുള്ള എല്ലാ നടപടികളും കൊണ്ടുവരുന്നതിനുള്ള ഫണ്ടിന്റെ അഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം മുതല്‍ ദക്ഷിണാഫ്രിക്കയിലുടനീളം 14,250 മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 450 ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 27,000-ല്‍ അധികം മാരകമായ എംപോസ്‌ക്‌സ വൈറസുകള്‍ കണ്ടെത്തി. മരണം 11000 കടന്നു, ഇവരില്‍ അധികവും കുട്ടികളാണ്.

ഈ വര്‍ഷം പത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സ് കണ്ടെത്തിയതായി ആഫ്രിക്ക സെന്‌റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ഇതില്‍ 96 ശതമാനവും കോംഗോ കേന്ദ്രീകരിച്ചാണ്. എഴുപതിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നതിനെത്തുടര്‍ന്ന് 2022-ല്‍ ലോകാരോഗ്യസംഘടന എംപോക്‌സ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടുതലും ചെറുപ്പക്കാരെ ബാധിക്കുന്നതായാണ് വിവരങ്ങള്‍ കാണിക്കുന്നത്.

എന്താണ് എംപോക്‌സ് വൈറസ്

ചര്‍മത്തിലെ ചുണങ്ങ്, തലവേദന, പനി എന്നിവയ്ക്കൊപ്പം മറ്റ് ലക്ഷണങ്ങള്‍ക്കും കാരണമാകുന്ന ഒരു വൈറല്‍ അണുബാധയാണ് എംപോക്‌സ് വൈറസ് അഥവാ മങ്കിപോക്‌സ് വൈറസ്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ പടരാന്‍ സാധ്യതയുള്ള ഒരു പകര്‍ച്ചവ്യാധിയാണിത്. രോഗബാധിതനായ വ്യക്തിയുമായി വളരെ അടുത്തതും ചര്‍മവുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ഡ്രോപ്ലെറ്റിലൂടെയും രോഗം പകരാം. എംപോക്‌സ് വൈറസ് ബാധിതരായ മനുഷ്യരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുക എന്നിവയാണ് പ്രധാന പ്രതിരോധമാര്‍ഗങ്ങള്‍. രണ്ട് മുതല്‍ നാല് ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് എംപോക്‌സ് വൈറസ്. അണുബാധയ്ക്ക് ശേഷം 24-48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

ന്യുമോണിയ, ഛര്‍ദ്ദി, ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്, കാഴ്ച നഷ്ടപ്പെടുന്ന കോര്‍ണിയ അണുബാധ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് എംപോക്‌സ് വൈറസ് കാരണമാകും. മസ്തിഷ്‌കം, ഹൃദയം, മലാശയം എന്നിവയുടെ വീക്കത്തിനും ഇത് കാരണമാകും. എച്ച്‌ഐവിയും ദുര്‍ബലമായ പ്രതിരോധ സംവിധാനങ്ങളും ഉള്ള ആളുകള്‍ക്ക് എംപോക്‌സ് വൈറസ് കാരണം സങ്കീര്‍ണതകള്‍ കൂടാനുള്ള സാധ്യതയുമുണ്ട്.

വസൂരി വൈറസിന് സമാനമായ ഓര്‍ത്തോപോക്‌സ് വൈറസ് ജനുസ്സില്‍ പെടുന്ന എംപോക്‌സ് വൈറസാണ് മങ്കിപോക്‌സ് കൊണ്ടുവരുന്നത്. ഈ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നു. ആഫ്രിക്കയില്‍ രോഗം ബാധിച്ച മൃഗങ്ങളുമായും കുരങ്ങുകളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് ഇത് കൂടുതലായി പടരുന്നത്. കൂടാതെ, രോഗബാധിതരായ വ്യക്തികളുമായോ മലിനമായ വസ്തുക്കളുമായോ അടുത്തിടപഴകുന്നത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് കാരണമാകും.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം