2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ്-19ല്‍നിന്ന് ലോകം ഒന്നു കരകയറി വരാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ അജ്ഞാത ന്യുമോണിയ കുട്ടികളില്‍ പടരുന്ന വാര്‍ത്തകളാണ് ചൈനയില്‍നിന്നു വരുന്നത്. രാജ്യത്തെ ആശുപത്രികള്‍ രോഗബാധിതരായ കുട്ടികളെക്കൊണ്ട് നിറയുകയാണെന്നും പകര്‍ച്ചവ്യാധി മൂടിവയ്ക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
കുട്ടികളില്‍ രോഗം വ്യാപകമായതോടെ ലോകാരോഗ്യസംഘടന വിഷയത്തില്‍ ഇടപെടുകയും കുട്ടികളിലുണ്ടായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവിനെക്കുറിച്ചും ന്യൂമോണിയയുടെ ക്ലസ്റ്ററുകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്
ബീജിങ്ങിലെ കുട്ടികളുടെ ആശുപത്രിയില്‍ ദിനംപ്രതി ശരാശരി 7,000 പേർ ന്യുമോണിയ ബാധിതരായി എത്തുന്നുണ്ട്. ആശുപത്രിയുടെ ശേഷിയേക്കാള്‍ കൂടുതലാണെന്നും ഇത് രാജ്യത്ത് പകര്‍ച്ചവ്യാധി പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗം എവിടെനിന്ന്?
ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍നിന്ന് ശ്വാസകോശസംബന്ധമായ രോഗങ്ങളുടെ ദ്രുതഗതിയിലുള്ള വര്‍ധനവാണ് ഈ മാസം ആദ്യംമുതല്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയത്. ന്യുമോണിയയുടേതിനു സമാനമായ ലക്ഷണങ്ങളുമായി നിരവധി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് അധികാരികളുടെ ശ്രദ്ധ വിഷയത്തിലേക്കെത്തുന്നത്. ഒരു രോഗാണുവുമായി രോഗത്തെ ബന്ധിപ്പിക്കാനും സാധിച്ചിട്ടില്ല.
ദേശീയ ആരോഗ്യ കമ്മീഷൻ അധികൃതര്‍ നവംബര്‍ 13ന് പത്രസമ്മേളനം വിളിച്ച് കുട്ടികളില്‍ ശ്വാസകോശസംബന്ധമായ രോഗം പടരുന്നതായി മുന്നറിയിപ്പ് നല്‍കുകയുമായിരുന്നെന്ന് ലോകാരോഗ്യസംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 21ന് പ്രശസ്ത മാധ്യമവും രോഗങ്ങള്‍ സംബന്ധിച്ച് നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതുമായ പ്രോമെഡ് മീഡിയ വടക്കന്‍ ചൈനയില്‍ കുട്ടികളില്‍ അജ്ഞാതമായ ന്യുമോണിയ പടരന്നുണ്ടെന്നും ന്യുമോണിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 2019-ല്‍ കോവിഡിന്‌റെ വരവിനെക്കുറിച്ചും പ്രോമെഡ് സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്തുകൊണ്ട്?
കോവിഡ്-19 നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതിനു പിന്നാലെയുണ്ടായ മാറ്റങ്ങളും രോഗാണുവാഹകരായ ഇന്‍ഫ്‌ളുവന്‍സ, മൈക്രോപ്ലാസ്മ ന്യുമോണിയെ, ചെറിയ കുട്ടികളെ ബാധിക്കുന്ന ബാക്ടീരിയല്‍ അണുബാധകള്‍, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്, കോവിഡ്-19നു കാരണമായ കൊറോണ വൈറസ് എന്നിവയൊക്കെയാക്കാം ഈ ന്യുമോണിയയ്ക്കു കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്.
ന്യുമോണിയയ്ക്കു കാരണമാകുന്ന മൈക്രോപ്ലാസ്മ ന്യുമോണിയെ ബാക്ടീരിയ ശ്വാസകോശ സംബന്ധമായി ചെറിയരീതിയിലുള്ള അണുബാധ മാത്രമേ ഉണ്ടാക്കുകയുള്ളൂ. എന്നാല്‍ ചില സമയങ്ങളില്‍ ഇത് രോഗം വഷളാക്കുകയും ഗുരുതര ശ്വാസകോശ അണുബാധ ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാമെന്ന് സെന്‌റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസിപി) പറയുന്നു.
തൊട്ടു മുന്‍പുള്ള മൂന്നു വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെക്കാളും അധികം ന്യുമോണിയ കോസുകള്‍ ഈ ഒരു വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് നാഷണല്‍ ഹെല്‍ത് കൗണ്‍സില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ബീജിങ്ങിലേയും ലിയോണിങ്ങിലേയും ആശുപത്രികളില്‍ ശ്വാസകോശരോഗം ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗവ്യാപനം കണക്കിലെടുത്ത് പലയിടങ്ങളിലും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ്-19 ചെറിയ തോതില്‍ കുറയുന്ന പ്രവണത കാണിക്കുമ്പോഴും ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുകയാണെന്ന് ചൈനീസ് സെന്‌റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവന്‍ഷന്‌റെ കണക്കുകളും വ്യക്തമാക്കുന്നു.
ലക്ഷണങ്ങളും വ്യാപനവും
ന്യുമോണിയയ്ക്കു സമാനമായ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രകടമാകുന്നത്. ഇതിനൊപ്പം പനി, ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയും കാണുന്നുണ്ട്. രോഗികളുടെ ആരോഗ്യരീതിയും ശരീരപ്രകൃതിയും അനുസരിച്ച് ലക്ഷണങ്ങളില്‍ ചില വ്യത്യാസങ്ങള്‍ വരുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ചൈനീസ് അധികൃതര്‍ പറയുന്നത്
കോവിഡ്-19ന്‌റെ ഭാഗമായുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഇന്‍ഫ്‌ളുവന്‍സ, മൈക്രോപ്ലാസ്മ ന്യുമോണിയെ, റസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്(ആര്‍എസ് വി) കോവിഡ്-19 എന്നീ രോഗങ്ങള്‍ക്കു കാരണമാകുന്ന രോഗാണുക്കളുടെ വ്യാപനവുമാണ് കേസുകള്‍ ഇത്രയും വര്‍ധിക്കാന്‍ കാരണമായതെന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ന്യുമോണിയ കേസുകളുടെ വര്‍ധനവിനെത്തുടര്‍ന്ന്, നേരിയ ലക്ഷണങ്ങളുള്ള കുട്ടികള്‍ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ ജനറല്‍ ആശുപത്രികളിലെ പീഡിയാട്രിക്‌സ് വിഭാഗങ്ങളോ സന്ദര്‍ശിക്കണമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ നിര്‍ദേശിച്ചു. കാരണം വലിയ ആശുപത്രികളില്‍ തിരക്ക് കൂടുതലാണ്. ഡോക്ടറെ കാണാനായി ദീര്‍ഘസമയത്തെ കാത്തിരിപ്പ് ഒഴിവാക്കാന്‍ ഇത് സഹായകമാകും. കുട്ടികള്‍ക്കിടയിലെ ഉയര്‍ന്ന സാംക്രമിക രോഗങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, രോഗനിര്‍ണയ-ചികിത്സാ സംവിധാനം നടപ്പിലാക്കാനും ഏകോപിപ്പിക്കാനുമായി പ്രാദേശിക അധികാരികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യ കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യസംഘടനയുടെ ഇടപെടൽ
ശ്വാസകോശ അണുബാധ വ്യാപകമായതു സംബന്ധിച്ചും ന്യുമോണിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനെക്കുറിച്ചും ലോകാരോഗ്യ സംഘടന ഔദ്യോഗിക വിശദീകരണം തേടിയിട്ടുണ്ട്. രോഗവ്യാപനം സംബന്ധിച്ച് വ്യക്തമായ കണക്ക് സമര്‍പ്പിക്കാന്‍ ചൈനയോട് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.
രോഗത്തിന്റെ സ്വഭാവവും കാരണവും മനസ്സിലാക്കാനും അത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കാനുമുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയിലെ ആരോഗ്യകേന്ദ്രത്തില്‍നിന്ന് വിശദീകരണം ലഭിച്ചാല്‍ മാത്രമേ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലോകാരോഗ്യസംഘടനയ്ക്കും നല്‍കാന്‍ സാധിക്കൂ. എന്നാല്‍ അസാധാരണമോ പുതിയതോ ആയ രോഗകാരികളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അടയിന്തര റിപ്പോര്‍ട്ടിനു മറുപടിയായി ചൈന ഇപ്പോള്‍ വ്യക്തമാക്കുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
രോഗം പടരുന്നതോടെ പൊതുജനങ്ങള്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കണമെന്നും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും രോഗാവസ്ഥയെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ആശങ്കയ്ക്കു പിന്നില്‍
കോവിഡ് 19ന്‌റെ തുടക്കം ചൈനയില്‍ നിന്നാണ്. ചൈനയിലെ വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഒരു രോഗം പിന്നീട് മഹാമാരിയായി ലോകം മുഴുവന്‍ വ്യാപിച്ചത് നമ്മള്‍ കണ്ടതും അനുഭവിച്ചതുമാണ്. അതുകൊണ്ടുതന്നെ ഈ അജ്ഞാത ന്യുമോണിയയെും ഏറെ ആശങ്കയോടെയാണ് ജനം കാണുന്നത്. ജനങ്ങളിലെ ഭീതി അകറ്റേണ്ടതും കൃത്യമായ അറിവും രോഗത്തെക്കുറിച്ചുള്ള ധാരണയും നല്‍കേണ്ടതും ലോകാരോഗ്യ സംഘടനയുടെ കൂടി ഉത്തരവാദിത്വമാണ്.
ചൈനീസ് ഹെല്‍ത് അതോറിറ്റി ആരോഗ്യ വിദഗ്ധരുമായും ലോകാരോഗ്യസംഘടനയുമായെല്ലാം യോജിച്ച് ന്യുമോണിയ്ക്കുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഇതിനായി ലബോറട്ടറി പരിശോധനകളും എപ്പിഡെമിയോളജിക്കല്‍ ഇന്‍വസ്റ്റിഗേഷനും അനിവാര്യമാണ്. രോഗവ്യാപനം സ്ഥായിയായി തുടരുകയാണെങ്കില്‍ രോഗകാരിയുടെ സ്വഭാവം മനസിലാക്കാന്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കേണ്ടി വരും.
കോവിഡ് -19 മഹാമാരിയെ തുടര്‍ന്ന് പുതിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ആഗോള സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ലോകാരോഗ്യ സംഘടനയും ആഗോള ആരോഗ്യ വിദഗ്ധരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണ്.