HEALTH

ഡെങ്കിപ്പനി വാക്സിന്‍: പ്രതീക്ഷ വര്‍ധിപ്പിച്ച് ഗവേഷകരുടെ പുതിയ ആന്റിബോഡി കണ്ടെത്തല്‍

ഡെങ്കിപ്പനി വീണ്ടും വന്നാല്‍ അത് രൂക്ഷമാക്കുന്ന ആന്‌റിബോഡികളുടെ ഒരു പ്രത്യേക ഉപഗ്രൂപ്പ് ഗവേഷകര്‍ കണ്ടെത്തിയതായി നാച്വര്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു

വെബ് ഡെസ്ക്

ആഗോളതലത്തില്‍ ഡെങ്കിപ്പനി ബാധിരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആവര്‍ത്തിച്ചുവരുന്ന ഡെങ്കിപ്പനി ജീവന്‍തന്നെ അപകടത്തിലാക്കുന്നവിധം ഗുരുതരമാകാം. ഡെങ്കിപ്പനിയുടെ ഭീകരരൂപമായ ഡെങ്കി ഹെമറേജിക് പനി ബാധിച്ചാല്‍ ഗുരുതരമായ രക്തസ്രാവം സംഭവിക്കാം. ശ്വാസതടസ്സം, നിര്‍ത്താതെയുള്ള രക്തസ്രാവം, രക്തസമ്മര്‍ദം തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ഡെങ്കി ഷോക്ക് സിന്‍ഡ്രോമും ഏറെ അപകടം പിടിച്ചതാണ്. രോഗത്തിന്‌റെ ഈ ഗുതരാവസ്ഥകളെല്ലാം ഡെങ്കിപ്പനി വാക്‌സിന്‍ വികസിപ്പിക്കേണ്ടതിന്‌റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

രണ്ടാമത് ഡെങ്കിപ്പനി വന്നാല്‍ അത് രൂക്ഷമാക്കുന്ന ആന്‌റിബോഡികളുടെ ഒരു പ്രത്യേക ഉപഗ്രൂപ്പ് ഗവേഷകര്‍ കണ്ടെത്തിയതായി നാച്വര്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന വാക്‌സിന്‍ വികസിപ്പിക്കുന്നതിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.

ഡെങ്കിപ്പനിക്കെതിരെ ആന്‌റിബോഡികള്‍ ഉള്ളവരില്‍ ലക്ഷണം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ഈ ആന്‌റിബോഡികള്‍ രോഗപ്രതിരോധശേഷി നല്‍കുന്ന ചില കോശങ്ങളില്‍ അണുബാധ വര്‍ധിപ്പിക്കുന്നു. ഈ ആന്‌റിബോഡികളാണ് രോഗം ഗുരുതരമാക്കുന്നതെന്നു പഠനം പറയുന്നു. ഈ ആന്‌റിബോഡികള്‍ എങ്ങനെയാണ് ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നു മനസിലാക്കാന്‍ മനുഷ്യരുടേതിനു തുല്യമായ പ്രതിരോധശേഷിയുള്ള എലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഡെങ്കു ആന്‌റിബോഡികളുടെ ദോഷകരമായ ഫലങ്ങള്‍ പ്ലീഹയിലെ പ്രതിരോധ കോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി.

ഇത് ഡെങ്കിപ്പനിയില്‍ ഈ ആന്റിബോഡികളുടെ പങ്ക് എടുത്തുകാണിക്കുന്നു, കൂടാതെ സുരക്ഷിതമായ വാക്‌സിനുകളും ചികിത്സകളും വികസിപ്പിക്കേണ്ടതിന്‌റെ ആവശ്യകതയും ഉയര്‍ത്തുന്നു.

ഡെങ്കിപ്പനിയില്‍ ആന്‌റിബോഡികളുടെ സാന്നിധ്യമല്ല മറിച്ച് അവയുടെ ഗുണമേന്‍മയാണ് പ്രശ്‌നമെന്ന് ഈ പഠനത്തിലൂടെ തെളിയിക്കപ്പെട്ടതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ സ്റ്റൈല്യാനോസ് ബോണ്‍സാവോസ് പറയുന്നു. ഈ ആന്‌റിബോഡികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇപ്പോള്‍ കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ ഇതിനെതിരെ മരുന്നുകളും വികസിപ്പിക്കാന്‍ സാധിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്‌റിബോഡികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അണുബാധയുടെ മുഴുവന്‍ ഉറവിടങ്ങളും കണ്ടെത്താനാണ് ഗവേഷര്‍ ശ്രമിച്ചത്. കൂടുതല്‍ കോശങ്ങളെ ബാധിക്കാനുള്ള ഡെങ്കുവൈറസിന്‌റെ ശേഷിയല്ല രോഗം ഗുരുതരമാക്കുന്നത്, മറിച്ച് ഇന്‍ഫ്‌ലമേഷന്‍ വര്‍ധിപ്പിക്കുന്ന പാത് വേയാണ്- ഗവേഷകര്‍ പറയുന്നു. ഈ ആന്‌റിബോഡികളെ നിര്‍ജീവിമാക്കാന്‍ കഴിയുന്ന ഒരു മരുന്ന് വികസിപ്പിക്കുന്നതിലൂടെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

പരീക്ഷണങ്ങള്‍ പലതും നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഡെങ്കിക്കെതിരെ ഫലപ്രദമായ ഒരു വാക്‌സിന്‍ നിലവില്‍ വന്നിട്ടില്ല. ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുക്കുന്ന വാക്‌സിന്‍ 2026-ല്‍ തയാറാകുമെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു. സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, പനേഷ്യ ബയോടെക് എന്നീ മരുന്നു കമ്പനികളും ഡെങ്കി വാക്‌സിന്‍ നിര്‍മിക്കാനുള്ള പരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച ഗുളിക ഡെങ്കിപ്പനിക്കെതിരെ ഫലപ്രദവും മനുഷ്യരിലെ പരീക്ഷണത്തില്‍ വിജയിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പനിയും കടുത്ത ക്ഷീണവുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണം. തുടക്കത്തില്‍ പ്ലേറ്റ്‌ലറ്റുകള്‍ കുറയില്ലെങ്കിലും പതിയെ ഗണ്യമായ കുറവിലേക്കു നയിക്കും. കഠിനമായ തലവേദനയും ശരീരവേദനയുമൊക്കെ പ്രത്യക്ഷപ്പെടാം. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക എന്നാതണ് രോഗം തടയാനുള്ള പോംവഴി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ