HEALTH

അമിത മദ്യപാനം പേശികൾ വേഗത്തില്‍ ചുരുങ്ങുന്നതിന് കാരണമാകുന്നു: പഠനം

മദ്യത്തിന്റെ അമിത ഉപഭോഗം അസ്ഥിപേശികളെ തകരാറിലാക്കുകയും അകാല വാര്‍ധക്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു

വെബ് ഡെസ്ക്

മദ്യപാനം തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായി നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചതാണ്. എന്നാല്‍ അമിത മദ്യപാനം പേശികൾ വേഗത്തില്‍ ചുരുങ്ങാൻ കാരണമാകുമെന്നാണ് ഈസ്റ്റ് ആഞ്ചലീന സർവകലാശാലയുടെ പുതിയ പഠനം പറയുന്നത്. സ്പ്രിങ്ങര്‍ ലിങ്ക് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മദ്യത്തിന്റെ അമിത ഉപഭോഗം അസ്ഥിപേശികളെ തകരാറിലാക്കുകയും അകാല വാര്‍ധക്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. ശരീരവലുപ്പം അധികമുള്ള ആളുകളില്‍ കൂടുതല്‍ പേശി പിണ്ഡമുള്ളതിനാല്‍ അവരുടെ പ്രോട്ടീന്‍ ഉപഭോഗം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് ഗവേഷകര്‍ പഠനം നടത്തിയത്.

യുകെ ബയോബാങ്കില്‍നിന്ന് അഞ്ച് ലക്ഷത്തോളം ആളുകളുടെ ജീവിതശൈലി, ആരോഗ്യം തുടങ്ങിയ വിവരങ്ങളടങ്ങിയ ഡേറ്റ ബേസിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. 37നും 73നും ഇടയില്‍ പ്രായമുള്ള ഏകദേശം 200,000 പേര്‍ പഠനത്തിന്റെ ഭാഗമായി.

ഭൂരിഭാഗം ആളുകളും 50നും 60നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. അമിതമായി മദ്യപിക്കുന്നവര്‍ക്ക്, അവരുടെ ശരീര വലുപ്പവും മറ്റ് ഘടകങ്ങളും കണക്കിലെടുത്തപ്പോള്‍, കുറച്ച് മദ്യപിക്കുന്നവരെ അപേക്ഷിച്ച് അസ്ഥിപേശികളുടെ അളവ് കുറവാണെന്ന് കണ്ടെത്തിയെന്ന് നോവിച്ച് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍ ഡോ. ജെയ്ന്‍ സ്‌കിന്നര്‍ പറയുന്നു.

പഠനത്തിന് വിധേയമാക്കിയവരിൽ ചിലർ ദിവസം പത്തോ അതിലധികമോ യൂണിറ്റ് മദ്യം കുടിക്കുന്നതായി സംഘം നിരീക്ഷിച്ചു. ഏകദേശം ഒരു കുപ്പി വൈനിന്റെയോ അല്ലെങ്കില്‍ നാലോ അഞ്ചോ പൈന്റിനോ തുല്യമാണിത്. ഇത്തരത്തിലുള്ള മദ്യപാനം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടു.

''മദ്യ ഉപഭോഗവും പേശികളുടെ പിണ്ഡവും ആളുകളില്‍ ഒരേ സമയം ക്രോസ്-സെക്ഷനായിട്ടാണ് അളന്നിരിക്കുന്നത്. അതിനാല്‍ മദ്യ ഉപഭോഗത്തിനും പേശിനഷ്ടത്തിനുമിടയിലെ വിശദമായ ബന്ധം എന്താണെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഉറപ്പില്ല,'' ഡോ സ്‌കിന്നര്‍ കൂട്ടിച്ചേര്‍ത്തു.

പ്രായമാകുന്തോറും പേശികള്‍ക്ക് ബലക്കുറവ് ഉണ്ടാകുന്നതും അവ നഷ്ടപ്പെടുന്നതും സ്വഭാവികമാണ്. അതേസമയം പുതിയ പഠനം മധ്യവയസ്‌കരിലും വൃദ്ധരിലും മദ്യപാനം തികച്ചും ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ