ചിക്കൻപോക്‌സിന്റെ പുതിയ വകഭേദമായ ക്ലേഡ് 9 രാജ്യത്ത് കണ്ടെത്തി. ചിക്കൻപോക്‌സിന് കാരണമാകുന്ന വാരിസെല്ല-സോസ്റ്റർ വൈറസിന്റെ (VZV) ക്ലേഡ് 9 വകഭേദത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) റിപ്പോർട്ടിൽ പറയുന്നു. കുരങ്ങുപനിയെക്കുറിച്ച് പഠനം നടത്തുന്നതിനിടെയാണ് ക്ലേഡ് 9 ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
മനുഷ്യരെ ബാധിക്കുന്ന ഒമ്പത് ഹെർപ്പസ് വൈറസുകളിൽ ഒന്നാണ് വെരിസെല്ല-സോസ്റ്റർ വൈറസ്. ജർമനി, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ക്ലേഡ് 9 സാധാരണയായി കാണപ്പെടാറുണ്ട്. എന്നാൽ ഇന്ത്യയിൽ VZV ക്ലേഡ് 9 റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. 331 പേരയാണ് പഠനത്തിനായി നിരീക്ഷിച്ചത്. ഇതിൽ 28 പേരുടെ ശരീരത്ത് ചിക്കൻപോക്സിൽ കാണുന്നതുപോലെ തന്നെ തടിപ്പ് കണ്ടിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഇവർക്ക് VZV പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
VZV-യുടെ മറ്റ് വകഭേദങ്ങളായ ക്ലേഡ് 1, ക്ലേഡ് 5 എന്നിവ നേരത്തെ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ക്ലേഡ് 9 കണ്ടെത്തുന്നത് ഇതാദ്യമാണ്. ഒൻപത് ഹെർപ്പസ് വൈറസുകളിൽ ഒന്നാണ് വരിസെല്ല-സോസ്റ്റർ വൈറസ്. ഇത് കുട്ടികളിലും കൗമാരക്കാരിലും മുതിർന്നവരിലും ചിക്കൻപോക്സിന് കാരണമാകുന്നു. ചുമ, തുമ്മൽ എന്നിവയിലൂടെയും ഇത് ആളുകളിലേക്ക് പകരാം.
തടിപ്പ്, പനി, വിശപ്പില്ലായ്മ, തലവേദന, ക്ഷീണം, മൊത്തത്തിലുള്ള ആരോഗ്യക്കുറവ് എന്നിവയാണ് ചിക്കൻ-പോക്‌സ് ക്ലേഡ് 9ന്റെ ലക്ഷണങ്ങൾ. ചിക്കൻപോക്സ് രോഗികൾക്ക് വൈറസ് ബാധിച്ച് 2-3 ആഴ്ചകൾക്ക് ശേഷമാണ് ശരീരത്തിൽ തടിപ്പ് കാണപ്പെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗിക്ക് പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. രണ്ടാഴ്ചയോളം ഇത് നീണ്ടുനിന്നേക്കാം. ശരീരത്തിൽ തടിപ്പ് വന്നുതുടങ്ങുന്നതുവരെ അണുബാധ തുടരും.
വാക്സിനേഷൻ എടുക്കുക എന്നതാണ് ചിക്കൻപോക്സ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. ശുചിത്വം പാലിക്കുന്നതും വളരെ പ്രധാനമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ദിവസവും കൈകൾ വൃത്തിയായി കഴുകുക. പ്രത്യേകിച്ച് ചുമ, തുമ്മൽ എന്നിവ ഉള്ളപ്പോഴും കൂടെയുള്ള ആരെങ്കിലും രോഗബാധിതരായി തോന്നിയാലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. ചിക്കൻപോക്സ് അല്ലെങ്കിൽ ഷിങ്കിൾസുള്ള രോഗികളുമായി സമ്പർക്കം ഒഴിവാക്കുന്നതാണ് ഉത്തമം.