നൈറ്റ് ഷിഫ്റ്റ്, പല സ്ഥാപനങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. എന്നാല്‍ സ്ഥിരമായുള്ള ഈ രാത്രി ഷിഫ്റ്റ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുകയാണ് വിദഗ്ധര്‍. അടുത്തിടെ നടത്തിയ പഠനങ്ങള്‍ സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ പ്രമേഹ സാധ്യത കൂടുതലാണെന്നും ഇത് അവരെ അമിതഭാരമുള്ളവരാക്കുന്നതായും കണ്ടെത്തിയിരുന്നു. ഈ അപകടങ്ങള്‍ ലഘൂകരിക്കുന്നതിന് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ട ആവശ്യകതയുണ്ടെന്ന് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ത്യമായുള്ള ഉറക്കത്തിന്റെ അഭാവം ഗ്ലൂക്കോസ് കാര്യക്ഷമമായി പ്രോസസ് ചെയ്യാനുള്ള ശരീരത്തിന്‌റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിന് കാരണമാകുന്നു
ശരീരത്തിന്റെ ഉപാപചയ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഉറക്കവും ഉണര്‍വും നിയന്ത്രിക്കുന്ന സര്‍ക്കാഡിയന്‍ റിഥം പ്രധാനമാണ്. രാത്രി ഷിഫ്റ്റ് ഈ റിഥത്തെ തടസ്സപ്പെടുത്തുകയും ക്രമരഹിതമായ ഉറക്കരീതികളിലേക്കും ഉറക്കമില്ലായ്മയിലേക്കും നയിക്കുകയും ചെയ്യും. ഇത്തരം തടസ്സങ്ങള്‍ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെയും ഹോര്‍മോണ്‍ സന്തുലനത്തെയും ബാധിക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ കൃത്യമായുള്ള ഉറക്കത്തിന്റെ അഭാവം ഗ്ലൂക്കോസ് കാര്യക്ഷമമായി പ്രോസസ് ചെയ്യാനുള്ള ശരീരത്തിന്‌റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിന് കാരണമാകുന്നു.
ആരോഗ്യകരമായതും സ്ഥിരമായതുമായ ഭക്ഷണക്രമം നിലനിര്‍ത്തുന്നതിനും രാത്രി ഷിഫ്റ്റിലെ ജോലിക്കാര്‍ വെല്ലുവിളി നേരിടുന്നുണ്ട്. ക്രമഹരിതമായ ജോലിസമയം കൃത്യതയില്ലാത്ത ഭക്ഷണത്തിനും ഉയര്‍ന്ന കലോറിയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളെ ആശ്രയിക്കുന്നതിനും കാരണമാകുന്നു. ഈ ഭക്ഷണരീതി ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനൊപ്പം ഭാരക്കൂടുതലിനും ഒബീസിറ്റിക്കും ഇടയാക്കുന്നു. കൂടാതെ ഉറക്കക്കുറവ് വിശപ്പിനെയും സംതൃപ്തിയെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ ഗ്രെലിന്‍, ലെപ്റ്റിന്‍ എന്നിവയെ ബാധിക്കുകയും വിശപ്പും കലോറിയും വര്‍ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
രാത്രി ഷിഫ്റ്റിലെ ജോലിയും വിട്ടുമാറാത്ത രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ പഠനം രാത്രി ഷിഫ്റ്റും പ്രമേഹവും അമിതവണ്ണവും തമ്മിലുള്ള ബന്ധം എടുത്തുകാട്ടുന്നു.
പൂനെ ഹിഞ്ജവാദി റൂബി ഹാള്‍ ക്ലിനിക്കിലെ മെജിസിന്‍ എംഡി ഡോ. ജാവേദ് ഷാ പറയുന്നതനുസരിച്ച് സാധാരണ ജൈവപ്രക്രിയകളായ ഉപപാചയവും ഹോര്‍മോണ്‍ സന്തുലനവും തടസ്സപ്പെടുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലാടോണിന്റെ വ്യതിയാനം ഈ അവസ്ഥകള്‍ വികസിക്കാനുളള സാധ്യത വര്‍ധിപ്പിക്കുന്നതായി ഡോ. ജാവേദ് പറയുന്നു.
രാത്രി ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും അവഗണിക്കാവുന്നതല്ല. കുടുംബവും സുഹൃത്തുക്കളുമായുള്ള പരിമിതമായ ഇടപഴകല്‍ കാരണം രാത്രി ജോലി ചെയ്യുന്നവര്‍ക്കിടയില്‍ സാമൂഹികമായ ഒറ്റപ്പെടല്‍, വിഷാദം, ഉത്കണ്ഠ എന്നിവ കണ്ടുവരുന്നു. ഈ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനാരോഗ്യകരമായ ഭക്ഷണരീതിയും ശാരീരിക നിഷ്‌ക്രിയത്വവും കൂട്ടുന്നു. ഇതും അമിതവണ്ണത്തിന്‌റെയും പ്രമേഹത്തിന്‌റെയും സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
എന്നാല്‍ രാത്രി ഷിഫ്റ്റിലെ ജോലി പലര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്നതിന് പരിഗണന നല്‍കണം.
അവധി ദിവസങ്ങളിലുള്‍പ്പെടെ സ്ഥിരമായ ഉറക്ക ഷെഡ്യൂള്‍ നിശ്ചയിക്കുകയും സുഖകരമായ ഉറക്കത്തിനുള്ള അന്തരീക്ഷം ഒരുക്കി സ്ലീപ് ക്വാളിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുക.
പോഷകങ്ങള്‍ നിറഞ്ഞതും സംസ്‌കരിച്ച പഞ്ചസാരയും കൊഴുപ്പും കുറഞ്ഞതും ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുന്ന തരത്തിലുള്ളതുമായ ഭക്ഷണക്രമീകരണം ശീലമാക്കുക
ദിനചര്യയില്‍ എന്തെങ്കിലും വ്യായാമം ഉള്‍പ്പെടുത്തുന്നത് രാത്രി ഷിഫ്റ്റ് കാരണമുള്ള അലസ ജീവിതരീതി ഇല്ലാതാക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
ലഭ്യമായ സമയങ്ങളില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഇടപഴകുന്നതും സഹപ്രവര്‍ത്തകരുടെ പിന്തുണ തേടുന്നതും ഒറ്റപ്പെടലിന്റെ വികാരങ്ങള്‍ ലഘൂകരിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
അവസരം കിട്ടുമ്പോള്‍ രാത്രി ഷിഫ്റ്റ് ഒഴിവാക്കിയുള്ള സമയം തിരഞ്ഞെടുക്കുന്നത് ഫലപ്രദമായ ഉറക്കം ലഭിക്കാന്‍ സഹായിക്കും