HEALTH

നിപ വൈറസ്: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

രോഗവ്യാപന നിരക്ക് കുറഞ്ഞ വൈറസാണ് നിപ

വെബ് ഡെസ്ക്

കേരളം വീണ്ടും നിപ സംശയബാധയുടെ നിഴലിലായിരിക്കുകയാണ്. കോഴിക്കോട് രണ്ട് അസ്വാഭാവിക പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വീണ്ടും നിപയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉടലെടുത്തിരിക്കുന്നത്.

നിപ വൈറസ് ബാധ സംശയിക്കുന്ന നാല് പേർ കോഴിക്കോട് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മരിച്ചയാളുടെ നിപ പരിശോധന ഫലം ഇന്നു വൈകുന്നേരത്തോടെ പുറത്തുവരും. നിപ വൈറസിനെക്കുറിച്ചും രോഗലക്ഷണങ്ങൾ പ്രകടമാക്കിയാൽ എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

എന്താണ് നിപ വൈറസ്

ഹെനിപാ വൈറസ് (Henipavirus) ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ് നിപ (Nipah Virus). മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിനുവരെ കാരണമാകുന്നു. കേരളത്തിൽ 2018 മേയിലാണ് നിപ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്.

നിപ എന്ന പേര് വന്ന വഴി

1998 ൽ മലേഷ്യയിലെ കമ്പുങ് സുങായ് നിപ എന്ന ഗ്രാമത്തിലാണ് ഈ രോഗബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്. ഇതുകൊണ്ടാണ് നിപ വൈറസിന് ഈ പേര് ലഭിച്ചതും. കമ്പുങ് സുങായ് നിപ ഗ്രാമത്തിൽ ബാധിച്ചത് നിപ വൈറസാണെന്ന് ഒരു വർഷത്തിനുശേഷം 1999ലാണ് സ്ഥിരീകരിച്ചത്.

പന്നിവളർത്തൽ കർഷകരിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികൾക്ക് രോഗം ബാധിച്ചിരിക്കാമെന്ന് കരുതി രോഗസംക്രമണം തടയാൻ ദശലക്ഷക്കണക്കിനു പന്നികളെ അക്കാലത്ത് മലേഷ്യയിൽ കൊന്നൊടുക്കുകയുണ്ടായി.

1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് തളളിവിട്ടിരുന്നു. ഇതേത്തുടർന്ന് മരങ്ങൾ കരിഞ്ഞുണങ്ങി. കടുത്ത ക്ഷാമത്തെ തുടർന്ന് പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങി. കാടുകളിലെ പഴങ്ങളും മറ്റും തിന്നുജീവിച്ച മലേഷ്യൻ നരിച്ചീറുകളും (സസ്തനി വർ​ഗത്തിൽപ്പെട്ടത്) കൃഷിയിടങ്ങളിലേക്ക് എത്തി. ഇതിനു പിന്നാലെയാണ് മലേഷ്യയിലെ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതരോഗം ബാധിച്ചുതുടങ്ങിയത്.

രോ​ഗം പന്നികളെ ബാധിച്ചതിനുപിന്നാലെ പന്നികൾ കൂട്ടമായി ചത്തൊടുങ്ങി. പന്നികളെ വളർത്തിയിരുന്ന കർഷകരെയും രോഗം ബാധിച്ചുതുടങ്ങിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങിയത്. മലേഷ്യയിൽ 1999ൽ 257 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 105 ആളുകൾ മരിച്ചു.

പാരാമിക്സോവൈറിഡേ കുടുംബത്തിൽപ്പെട്ടതാണ് നിപ വൈറസ്. ഇവ വ്യത്യസ്ത ഘടനയോടുകൂടിയവയാണ്. 40 മുതൽ 600 എൻഎം വരെ വ്യാസമുണ്ട്. എക്സ്റേ ക്രിസ്റ്റലോഗ്രാഫിയുടെ സഹായത്തോടെയാണ് ഇതിന്റെ ഘടന നിർണയിച്ചത്.

നിപ വൈറസ് ബാധ എങ്ങനെ

  • വൈറസ് ബാധയുള്ള റ്റീറോപ്പസ് വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ രോഗം മനുഷ്യരിലേക്ക് പകരാം

  • രോഗം ബാധിച്ച മനുഷ്യരിൽനിന്ന് മറ്റ് മനുഷ്യരിലേക്കും പകരാം

  • അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാം

  • വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം

വൈറസ് ബാധയുണ്ടായാൽ, അഞ്ചു മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം.

രോഗലക്ഷണങ്ങൾ

  • പനിയോടുകൂടിയ ശരീരവേദന

  • തലവേദന, തലകറക്കം, ചുമ, തൊണ്ടവേദന

  • മനംപിരട്ടൽ, ഛർദി, ക്ഷീണം, ബോധക്ഷയം

  • മാനസികവിഭ്രാന്തി, അപസ്മാരം

  • വയറുവേദന,കാഴ്ചമങ്ങൽ, ശ്വാസതടസ്സം

  • എൻസഫലൈറ്റിസ്, ന്യൂമോണിയ

രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധം നഷ്ടപ്പെട്ട് കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്.

രോഗ സ്ഥിരീകരണം എങ്ങനെ നടത്താം

തൊണ്ടയിൽനിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ എന്ന പരിശോധന ഉപയോഗിച്ച് വൈറസിനെ കണ്ടെത്താം. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും ഇത് തിരിച്ചറിയാൻ സാധിക്കും.

എന്നാൽ രോഗനിർണയത്തിന് സമയമെടുക്കുമെന്നതിനാൽ നിപ വൈറസ് അണുബാധ സംശയിക്കപ്പെടുന്നവരെ പ്രത്യേകം പരിചരിക്കുകയാണ് വേണ്ടത്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ, ശരീരകലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും.

ചികിത്സയുണ്ടോ?

നിപ വൈറസ ബാധയ്ക്ക് കൃത്യമായ ചികിത്സ ലോകത്തൊരിടത്തും ഇതുവരെ നിലവിൽ വന്നിട്ടില്ല. ലക്ഷണങ്ങൾക്ക് മാത്രമായുള്ള ചികിത്സയാണ് നിലവിലുള്ളത്. രോഗപ്രതിരോധശേഷി കൂടുതലുള്ളവർ മരണത്തിൽനിന്ന് ഒരു പരിധിവരെ രക്ഷപ്പെടുന്നു. അല്ലാത്തവർ വൈറസിന്റെ പ്രവർത്തനത്തിൽ അസുഖം മൂർഛിച്ച് മരിക്കുന്നു. റിബാവൈറിൻ എന്ന മോണോക്ലോണൽ ആന്റിബോഡി നിപ്പാവൈറസിനെതിരെ ഫലപ്രദമാണെന്ന് പരീക്ഷണശാലകളിൽ തെളിഞ്ഞിട്ടുണ്ടെങ്കിലും മനുഷ്യരിൽ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല.

രോഗം ബാധിച്ചശേഷമുള്ള പ്രതിരോധപ്രവർത്തനരീതിയിൽ നിപ ജി ഗ്ലൈക്കോപ്രോട്ടീനിനെ തകർക്കുന്ന മൊണോക്ലോണൽ ആന്റിബോഡി ചികിത്സ ഉപയോഗത്തിലുണ്ട്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ക്ലോറോക്വിൻ വർഗത്തിൽപ്പെടുന്ന മരുന്നുകൾ നിപ വൈറസിന്റെ വളർച്ചയെ തടയുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിന്റെ ഉപയോഗം മൂലം പ്രത്യേകമായ ഫലസിദ്ധി ഉറപ്പുവരുത്തിയിട്ടില്ല. എം.102.4 എന്നറിയപ്പെടുന്ന ഒരു മോണോക്ലോണൽ ആന്റിബോഡി, ഓസ്ട്രേലിയയിൽ രോഗം ബാധിച്ചു മരിക്കാറായ രോഗികളിൽ അവസാന ശ്രമമെന്ന നിലയിൽ പരീക്ഷണാർത്ഥം ഉപയോഗിച്ച് വികസിപ്പിച്ചുവരുന്നുണ്ട്.

രോഗപ്രതിരോധ മാർഗങ്ങൾ

അസുഖം വന്നതിനുശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഇതിനായി ചില മുൻകരുതലുകൾ എടുക്കാം:

  1. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ എന്നിവയിലൂടെ വൈറസ് പകർച്ച ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കണം

  2. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കുക

  3. നിപ പടർന്നുപിടിക്കുന്ന ഘട്ടത്തിൽ പന്നിയിറച്ചി കഴിക്കുന്നത് ഒഴിവാക്കുക

  4. രോഗിയുമായി സമ്പർക്കമുണ്ടായവർ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക

  5. രോഗിയുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം. രോഗി കിടക്കുന്ന സ്ഥലത്തുനിന്നും അകലം പാലിക്കണം

  6. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക

  7. രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കുക

  8. രോഗമുണ്ടെന്ന് സംശയിക്കുന്നവരോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും കയ്യുറകളും മാസ്കും ധരിക്കുക

  9. സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും സ്വീകരിക്കുക

  10. ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനഃരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുനശീകരണത്തിന് ശേഷം ഉപയോ​ഗിക്കുക

  11. രോ​ഗം വന്ന് മരിച്ചയാളുടെ മൃതദേഹവുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക

  12. മുഖത്ത് ചുംബിക്കുക, കവിളിൽ തൊടുക എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്

  13. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക

  14. മൃതദേഹത്തെ കുളിപ്പിക്കുന്നവർ ദേഹം മുഴുവൻ സോപ്പ് ഉപയോഗിച്ച കുളിക്കണം

  15. മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയിൽ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ അണുനശീകരണം നടത്തുക

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്