ലോകത്തിലാദ്യമായി പന്നിയുടെ ജനിതകമാറ്റം വരുത്തിയ വൃക്ക മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ മരിച്ചു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി രണ്ട് മാസം പിന്നിടവെയാണ് അമേരിക്കൻ സ്വദേശി റിച്ചാർഡ് സ്ലേമാന്റെ മരണം. അറുപത്തിരണ്ടാം വയസ്സിലായിരുന്നു ശസ്ത്രക്രിയ. ശനിയാഴ്ചയാണ് സ്ലേമാന്റെ മരണം സ്ഥിരീകരിച്ചത്.
മാർച്ച് 21ന് മസാച്യുസെറ്റ്സ് ആശുപത്രിയിലായിരുന്നു വൃക്കരോഗിയായിരുന്ന റിച്ചാർഡ് സ്ലേമാന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ലോകത്തിലാദ്യമായി ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി പന്നിയുടെ വൃക്ക മാറ്റിവച്ചുവെന്നത് അപൂർവ നേട്ടമായിരുന്നു. നേരത്തെ, പരീക്ഷണാർഥം മസ്തിഷ്ക മരണം സംഭവിക്കുന്നവരിലേക്ക് പന്നിയുടെ വൃക്കകൾ താത്ക്കാലികമായി മാറ്റിവെച്ചിരുന്നു. കൂടാതെ, മറ്റു രണ്ടുപേർക്ക് പന്നികളിൽനിന്ന് ഹൃദയം മാറ്റിവച്ചും പരീക്ഷണം നടത്തി. എന്നാല്‍ ഇരുവരും മാസങ്ങൾക്കുശേഷം മരിച്ചു.
പന്നിയുടെ വൃക്ക കുറഞ്ഞത് രണ്ട് വർഷമെങ്കിലും മനുഷ്യരിൽ പ്രവർത്തിക്കുമെന്നായിരുന്നു ശസ്ത്രക്രിയ നടത്തിയ സമയത്ത് ഡോക്ടർമാർ അറിയിച്ചിരുന്നത്. അതേസമയം, ഡോക്ടർമാരുടെ പരിശ്രമങ്ങൾക്കു സ്ലേമാന്റെ കുടുംബം മസാച്യുസെറ്റ്സിലെ ഡോക്ടർമാർക്ക് നന്ദി പറഞ്ഞു. രോഗിയായിരുന്ന അദ്ദേഹത്തിനൊപ്പം ഏഴാഴ്ച കൂടി ജീവിക്കാനുള്ള അവസരം ലഭിച്ചു. ആ ഓർമകൾ തങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്നും കുടുംബം പ്രതികരിച്ചു.
2018-ലാണ് സ്ലേമാൻ ആദ്യമായി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത്. അത് വിജയകരമായിരുന്നെങ്കിലും കഴിഞ്ഞമാസം അസുഖം വീണ്ടും മൂർച്ഛിക്കുകയും ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തു. അപ്പോഴാണ് ഡോക്ടർമാർ പന്നിയുടെ വൃക്ക മാറ്റിവെക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
തങ്ങളെ വിട്ടുപിരിഞ്ഞെങ്കിലും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായുള്ള ആയിരങ്ങൾക്ക് പ്രതീക്ഷ നൽകാൻ സ്ലേമാനായെന്ന് കുടുംബം പറഞ്ഞു. ഏപ്രിലിൽ ന്യൂ ജഴ്സിയിൽനിന്നുള്ള ലിസ പിസാനോ എന്ന സ്ത്രീയിലും ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെച്ചിരുന്നു.
മൃഗങ്ങളിൽനിന്നുള്ള കോശങ്ങളോ കലകളോ അവയവങ്ങളോ ഉപയോഗിച്ച് മനുഷ്യരെ സുഖപ്പെടുത്തുന്നതിനെ സെനോട്രാൻസ്പ്ലാൻ്റേഷൻ എന്നാണ് പറയുന്നത്. അത്തരം ശ്രമങ്ങൾ വളരെക്കാലമായി നടക്കുകയായിരുന്നു. പക്ഷേ മനുഷ്യൻ്റെ പ്രതിരോധ സംവിധാനങ്ങളുമായി താതാത്മ്യം പ്രാപിക്കാൻ മൃഗങ്ങളുടെ കോശങ്ങൾക്കു സാധിക്കാത്തതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാൽ പന്നികളുടെ അവയവങ്ങൾക്ക് മനുഷ്യരുടേതുമായി സാമ്യതയുള്ളതിനാനാലാണ് വിജയം കണ്ടത്.